ടെഹ്‌റാന്‍: യുദ്ധം അവസാനിപ്പിക്കാനായി നയതന്ത്ര മാര്‍ഗങ്ങളിലൂടെ മുന്നോട്ട് പോവാന്‍ തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍. എന്നാല്‍ ഇറാന്റെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ബുധനാഴ്ച നടന്ന ടെലിഫോണ്‍ സംഭാഷണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
യു.എസിന്റെ നിരന്തരമായ ആക്രമണ പ്രവര്‍ത്തനങ്ങള്‍ കാരണം ഇറാന് അമേരിക്കയോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിലെ തന്ത്രപരമായ സാഹചര്യം, താത്കാലിക വെടിനിര്‍ത്തല്‍ കരാറിന്റെ പുരോഗതി, ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നം, ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍. തുടങ്ങിയവയെക്കുറുച്ചും ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്തതായും പെസസ്‌കിയാന്‍ പറഞ്ഞു.
അമേരിക്കയുടെ ശത്രുതാപരമായ നിലപാടിലൂടെയാണ് അവര്‍ക്കെതിരായ അവിശ്വാസമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
‘ അമേരിക്കയുടെ ശത്രുതാപരമായ പ്രവര്‍ത്തനങ്ങളുടെ ഫലാണ് ഈ അവിശ്വാസം. അതില്‍ ഏറ്റവും പുതിയത് ചര്‍ച്ചകള്‍ക്കിടെ ഇറാന് നേരെയുണ്ടായ രണ്ട് ആക്രമണങ്ങളാണ്. അത് പിന്നില്‍ നിന്ന് കുത്തുന്ന നടപടിയായിരുന്നു,’ ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കിലും അറേബ്യന്‍ ഗള്‍ഫിലും പിടിമുറുക്കാന്‍ പുതിയ സമുദ്ര നിയമങ്ങള്‍ ഇറാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ ഏകദേശം 2,000 കിലോമീറ്ററോളം (1,243 മൈല്‍) വരുന്ന ദീര്‍ഘമായ തീരപ്രദേശത്ത് ഐ.ആര്‍.ജിസി നേവി നേരിട്ട് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് നേവി കമാന്‍ഡ് അറിയിച്ചു.
മേഖലയിലെ പ്രധാന കപ്പല്‍ ഗതാഗത റൂട്ടുകളില്‍ മേധാവിത്വം ഉറപ്പിക്കുകയാണ് ഈ നീക്കത്തിലൂടെ ഇറാന്‍ ലക്ഷ്യമിടുന്നത്. ഇറാനിയന്‍ സുപ്രീം നേതാവ് മൊജ്തബ ഖാംനഇയുടെ നിര്‍ദേശപ്രകാരമാണ് പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതെന്ന് സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 28 നായിരുന്നു ഇറാനെതിരായ ഇസ്രഈല്‍- അമേരിക്ക സംയുക്ത ആക്രമണം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഇ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ഇറാന്‍ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളിലേക്കും ഇസ്രഈലിലേക്കും പ്രത്യാക്രമണം നടത്തിയത്.
നിലവില്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും അമേരിക്കയുടെ ഏകപക്ഷീയ നിലപാടുകള്‍ കാരണം പരാജയപ്പെടുകയായിരുന്നു.
Content Highlight: America stabbed us in the back; ready to end the war: Peskov to Macron
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.