കഴിവുള്ള ഇന്ത്യക്കാരിലൂടെ അമേരിക്ക വളരെയേറെ നേട്ടമുണ്ടാക്കി, H1-B വിസ നിര്‍ത്തലാക്കിയാല്‍ തിരിച്ചടിയായിരിക്കും: എലോണ്‍ മസ്‌ക്
World
കഴിവുള്ള ഇന്ത്യക്കാരിലൂടെ അമേരിക്ക വളരെയേറെ നേട്ടമുണ്ടാക്കി, H1-B വിസ നിര്‍ത്തലാക്കിയാല്‍ തിരിച്ചടിയായിരിക്കും: എലോണ്‍ മസ്‌ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st December 2025, 7:46 am

വാഷിങ്ടണ്‍: കഴിവുള്ള ഇന്ത്യക്കാരെ നിയമിക്കുന്നതിലൂടെ അമേരിക്ക വളരെയേറെ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് സ്പേസ് എക്സ് സ്ഥാപകനായ എലോൺ മസ്ക്. H1-B വിസ പ്രോഗ്രാമിൽ മുമ്പ് ദുരുപയോഗങ്ങളുണ്ടായതും മുൻ ഭരണകൂടങ്ങൾക്ക് കീഴിലുള്ള അമിതമായ മൃദു സമീപനവുമാണ് അമേരിക്കയിൽ കുടിയേറ്റ വിരുദ്ധ വികാരങ്ങൾക്ക് കാരണമായതെന്നും മസ്ക് പറഞ്ഞു.

കഴിവുള്ളവരെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും അതിനാല്‍ തന്നെ H1-B വിസ നിര്‍ത്തലാക്കിയാല്‍ അത് വളരെ മോശമായിരിക്കുമെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. നിഖില്‍ കാമത്തിന്റെ പീപ്പിള്‍സ് ഡബ്ല്യു.ടി.എഫ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു മസ്‌ക്.

‘നമ്മുടെ രാജ്യത്തിലേക്ക് എത്തിയ കഴിവുള്ള ഇന്ത്യക്കാരില്‍ നിന്ന് അമേരിക്ക വളരെയധികം നേട്ടമുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, H1-B വിസയിൽ പല വിധത്തിലുള്ള ദുരുപയോഗങ്ങളുണ്ടായി. ബൈഡന്റെ (ജോ ബൈഡൻ) ഭരണകാലത്ത് യാതൊരു വിധ അതിർത്തി നിയന്ത്രണവുമില്ലാതെ എല്ലാവർക്കും വിസ സൗജന്യമായിരുന്നു.

ബൈഡന്‍ ഭരണകൂടത്തിന്റെ കീഴില്‍ വന്‍തോതില്‍ നിയമവിരുദ്ധ കുടിയേറ്റങ്ങൾ നടന്നു. അതാണ് ഈ വിഷയത്തില്‍ പ്രത്യാഘാതമുണ്ടായത്,’ മസ്‌ക് പറഞ്ഞു.

കഴിവുള്ള ആളുകളുടെ ദൗര്‍ലഭ്യം ഇപ്പോഴും ഉണ്ടായിരിക്കുമെന്നാണ് എന്റെ നിരീക്ഷണമെന്നും ബുദ്ധിമുട്ടേറിയ ജോലികള്‍ ചെയ്യാന്‍ കഴിവുള്ളരെ ആവശ്യമുണ്ടെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. ചില കമ്പനികള്‍ ചെലവ് ചുരുക്കാന്‍ അമേരിക്കാരല്ലാത്ത ജോലിക്കാരെ നിയമിക്കാന്‍ ശ്രമിക്കുന്ന പ്രവണതയുണ്ട്.

H1-B വിസയില്‍ ചില ദുരുപയോഗങ്ങള്‍ നടന്നിട്ടുണ്ട്. കൃതമായി പറഞ്ഞാല്‍ ചില ഔട്ട്‌സോഴ്‌സിങ് കമ്പനികള്‍ ഈ വിസ പദ്ധതിയെ ചൂഷണം ചെയ്തു. അത് ഇല്ലാതാക്കേണ്ടതുണ്ട്. പക്ഷേ ആ പദ്ധതി പൂർണമായി നിർത്തലാക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.

ഉന്നത വിദ്യാഭ്യാസവും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളില്‍ വിദേശത്ത് നിന്നുള്ള പ്രൊഫഷണലുകളെ അമേരിക്കയിലെ കമ്പനികളില്‍ നിയമിക്കാന്‍ അനുവദിക്കുന്ന വിസയാണ് H1-B വിസ.

സെപ്റ്റംബര്‍ 21നാണ് യു.എസ് H1-B വിസ പദ്ധതിയില്‍ വിസ ഫീസ് ഒരു ലക്ഷം ഡോളറായി ട്രംപ് ഭരണകൂടം ഉയര്‍ത്തിയത്.

ഇതോടെ ഇന്ത്യയില്‍ നിന്നടക്കമുള്ള ഐ.ടി, മെഡിക്കല്‍ രംഗത്തെ പ്രൊഫഷണലുകള്‍ എന്നിവരെ ഈ നീക്കം മോശമായി ബാധിച്ചിരുന്നു. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആശങ്കയും അറിയിച്ചിരുന്നു. ഈ തീരുമാനം മാനുഷിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.

അതേസമയം, H1-B വിസയ്ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് എന്നത് വാര്‍ഷിക ഫീസല്ലെന്നും ഒറ്റത്തവണ അടച്ചാല്‍ മതിയാകുമെന്നും നിലവില്‍ യു.എസിന്റെ വിസയുള്ളവര്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകില്ലെന്നും യു.എസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് അറിയിച്ചിരുന്നു.

വിസ അപേക്ഷ സമയത്താണ് ഈ തുക അടയ്ക്കേണ്ടത് എന്നായിരുന്നു വിശദീകരണം.

Content Highlight: America has achieved a lot through talented Indians, and abolishing H1-B visas would be a setback: Elon Musk