സൗത്ത് ആഫ്രിക്ക വുമണ്‍സിനെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങുന്ന ടി-20 പരമ്പര സ്വന്തമാക്കി ന്യൂസിലാന്‍ഡ് വുമണ്‍സ്. കഴിഞ്ഞ ദിവസം വെല്ലിങ്ടണ്‍ റീജിയണല്‍ സ്റ്റേഡിയത്തില്‍ നടന്ന നാലാം മത്സരത്തിലും വിജയം കീഴടക്കിയതോടെ പരമ്പര 3-1ന് സ്വന്തമാക്കാന്‍ കിവീസിന്റെ പെണ്‍പടയ്ക്ക് സാധിച്ചു.
മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. തുടര്‍ന്ന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് പ്രോട്ടിയാസ് വുമണ്‍സ് നേടിയത്. എന്നാല്‍ മറുപടിക്ക് ഇറങ്ങിയ ന്യൂസിലാന്‍ഡ് 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്തു.
മത്സരത്തില്‍ ന്യൂസിലാന്‍ഡിനായി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് സോഫി ഡിവൈനാണ്. നാലാം സ്ഥാനത്ത് ഇറങ്ങിയ താരം 34 പന്തില്‍ നിന്ന് നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 64 റണ്‍സ് നേടി. താരത്തിന് പുറമെ ക്യാപ്റ്റന്‍ അമേലിയ കെര്‍ 29 പന്തില്‍ നിന്ന് നാല് ഫോര്‍ ഉള്‍പ്പെടെ 31 റണ്‍സ് നേടി.
New Zealand’s all-round performance powers them to victory over South Africa in Wellington 💪
ഇതോടെ ഒരു മിന്നും നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ തുടര്‍ച്ചയായ 10 മത്സരങ്ങളില്‍ 30+ റണ്‍സ് നേടുന്ന താരമാകാനാണ് അമേലിയയ്ക്ക് സാധിച്ചത്. ഇ നേട്ടത്തില്‍ ശ്രീലങ്കന്‍ സൂപ്പര്‍ താരം ചമാരി അത്തപ്പത്തുവിനെയും റൊമാനിയന്‍ താരം റെബേക്ക ബ്ലേക്കിന്റെയും റെക്കോഡ് മറികടന്നാണ് അമേലിയ മുന്നിലെത്തിയത്. ചമാരിയും റെബേക്കയും ഒമ്പത് തവണയാണ് 30+ സ്‌കോര്‍ നേടിയത്.
മാത്രമല്ല കഴിഞ്ഞ 11 മത്സരങ്ങളിലെ 10 ഇന്നിങ്സുകളില്‍ നിന്ന് 554 റണ്‍സ് നേടാന്‍ അമേലിയയ്ക്ക് സാധിച്ചു. 142 എന്ന സ്‌ട്രൈക്ക് റേറ്റും താരം നിലനിര്‍ത്തിയിട്ടുണ്ട്.
അതേസമയം മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി മികവ് പുലര്‍ത്തിയത് കോള്‍ ട്രിയോണാണ്. അന്നെരി ഡെര്‍ക്‌സണ്‍, നൊങ്കുലുലെക്കോ മ്ലാബ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ബാറ്റിങ്ങില്‍ ടീമിന് വേണ്ടി പൊരുതിയതും അന്നെരി ഡെര്ക്‌സണാണ്. പുറത്താകാതെ 32 പന്തില്‍ നിന്ന് 55 റണ്‍സാണ് താരം നേടിയത്. സുമെ ലൂസ് 30 റണ്‍സും നേടി.
ന്യൂസിലാന്‍ഡിന് വേണ്ടി മൂന്ന് വിക്കറ്റ് നേടിയ ജെസ് കെര്‍ തിളങ്ങി. അമേലിയ കെര്‍, സോഫി ഡിവൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. അതേസമയം പരമ്പരയിലെ അവസാന മത്സരം മാര്‍ച്ച് 25ന് ഹഗ്ലെയ് ഓവലിലാണ്.
Content Highlight: Amelia Kerr In Great Record Achievement In International Women’s Cricket