വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യു.പി.എല്‍) ചരിത്രം കുറിച്ച് മുംബൈ താരം അമേലിയ കേര്‍. ടൂര്‍ണമെന്റില്‍ 50 വിക്കറ്റുകള്‍ വീഴ്ത്തുന്ന താരമെന്ന നേട്ടമാണ് കിവി ഓള്‍റൗണ്ടര്‍ സ്വന്തം പേരില്‍ കുറിച്ചത്. തന്റെ 34ാം ഇന്നിങ്‌സില്‍ പന്തെറിഞ്ഞാണ് താരത്തിന്റെ നേട്ടം. ഇന്ന് ടൂര്‍ണമെന്റില്‍ നടക്കുന്ന മുംബൈ ഇന്ത്യന്‍സ് – യു.പി. വോറിയേഴ്സ് മത്സരത്തിലെ പ്രകടനവുമാണ് വിക്കറ്റ് വേട്ടയില്‍ താരത്തിന് റെക്കോഡ് സമ്മാനിച്ചത്.
വോറിയേഴ്സിന് എതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റുകളാണ് അമേലിയ വീഴ്ത്തിയത്. ഈ മൂന്ന് വിക്കറ്റുകളും മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിലെ അവസാന ഓവറിലാണ് താരം സ്വന്തമാക്കിയത്. 19ാം ഓവറിലെ ഒന്നാം പന്തില്‍ ഹാര്‍ലീന്‍ ഡിയോളിന്റെ വിക്കറ്റ് വീഴ്ത്തിയാണ് തന്റെ വിക്കറ്റ് വേട്ട തുടങ്ങിയത്.
അമേലിയ കേര്‍. Photo: AtuL Parmar/x.com
പിന്നാലെ ഓവറിലെ നാലാം പന്തില്‍ അമേലിയ സോഫി എക്ലെസ്റ്റോണിനെയും മടക്കി. അവസാന പന്തില്‍ ദീപ്തി ശര്‍മയും താരത്തിന്റെ മുന്നില്‍ മുട്ടുകുത്തി. ഇതോടെയാണ് താരം ഡബ്ല്യു.പി.എല്ലില്‍ 50 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.
ഡബ്ല്യു.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങള്‍
(താരം – ടീം – ഇന്നിങ്സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
അമേലിയ കേര്‍ – മുംബൈ ഇന്ത്യന്‍സ് – 34 – 50
ഹെയ്ലി മാത്യൂസ് – മുംബൈ ഇന്ത്യന്‍സ് – 31 – 43
സോഫി എക്ലെസ്റ്റോണ്‍ – യു. പി വോറിയേഴ്സ് – 30 – 40
നാറ്റ് സിവര്‍ ബ്രണ്ട് – മുംബൈ ഇന്ത്യന്‍സ് – 33 – 39
മത്സരത്തില്‍ അമേലിയയ്ക്ക് പുറമെ, മുംബൈക്കായി നാറ്റ് സിവര്‍ ബ്രണ്ട് രണ്ട് വിക്കറ്റും നിക്കോള കാരി, അമന്‍ജോത് കേര്‍, ഹെയ്ലി മാത്യൂസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഇവരുടെ പ്രകടനത്തില്‍ വോറിയേഴ്‌സിനെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സില്‍ ഒതുക്കി.