അമീബിക് മസ്തിഷ്‌കജ്വരം: സംസ്ഥാനത്ത് ഒരു മരണം കൂടി; ചികിത്സയിലുള്ളത് പത്തുപേർ
Kerala
അമീബിക് മസ്തിഷ്‌കജ്വരം: സംസ്ഥാനത്ത് ഒരു മരണം കൂടി; ചികിത്സയിലുള്ളത് പത്തുപേർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th September 2025, 11:50 am

മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. മലപ്പുറം വണ്ടൂർ സ്വദേശി ശോഭനയാണ് ഇന്ന് (തിങ്കൾ) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ചികിത്സയിലായിരുന്നു ഇവർ. ഒരു മാസത്തിനിടെ സംസ്ഥാനത്ത് ഈ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഗുരുതരാവസ്ഥയിലായ ശോഭനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അന്നുമുതൽ ഇവർ അബോധാവസ്ഥയിലായിരുന്നു. രോഗലക്ഷണത്തെത്തുടർന്ന് മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ആഴ്ചയും ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. വയനാട് ബത്തേരി സ്വദേശിയായ രതീഷാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കോഴിക്കോട് ഓമശ്ശേരിയിൽ മൂന്ന് മാസം പ്രായമായ കുഞ്ഞും, മലപ്പുറം സ്വദേശി റംല, താമരശ്ശേരി സ്വദേശി ഒമ്പത് വയസുകാരി അനയയും ഈ രോഗം ബാധിച്ച് സമീപദിവസങ്ങളിൽ മരണപ്പെട്ടിരുന്നു.

നിലവിൽ പത്തുപേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സിയിലുള്ളത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മൂന്ന് കുട്ടികളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏഴ് പേരും ഇതിൽ ഉൾപ്പെടുന്നു. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്.

സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു.

അമീബിക് മസ്തിഷ്‌ക ജ്വരം:

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം അഥവാ അമീബിക് എൻസെഫലൈറ്റിസ്. നേശ്ശെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഇത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമല്ല.

രോഗ ലക്ഷണങ്ങൾ:

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ

Content Highlight: Amebic meningoencephalitis: One more death in the state