പരിപാടി അലങ്കോലപ്പെടുത്താനുള്ള പ്ലാൻ; രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് പളനിസാമിയുടെ അനുയായികൾ
India
പരിപാടി അലങ്കോലപ്പെടുത്താനുള്ള പ്ലാൻ; രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് പളനിസാമിയുടെ അനുയായികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th August 2025, 10:47 am

തിരുച്ചി: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി തകർക്കാനുള്ള ഡി.എം.കെയുടെ പദ്ധതിയാണെന്ന് ആരോപിച്ച് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് എടപ്പാടി പളനിസാമിയുടെ അനുയായികൾ. കുഴഞ്ഞുവീണ ആളുമായി പോകുകയായിരുന്ന ആംബുലസിന് നേരെയാണ് ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ) പ്രവർത്തകരുടെ പരാക്രമം. ആംബുലൻസ് ജീവനക്കാരെ മർദിക്കുകയും ചെയ്തു. തമിഴ്നാട്ടിൽ വരാൻപോകുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിൽ ഇന്നലെയായിരുന്നു (ഞായർ) തിരുച്ചിയിൽ പ്രചാരണം നടന്നത്.

മണ്ണച്ചനല്ലൂർ, തുറൈയൂർ, മുസിരി എന്നിവിടങ്ങളിൽ നടക്കുന്ന മറ്റുപരിപാടികൾക്ക് വേണ്ടി തിരുച്ചിയിലെ പ്രചാരണത്തിന് ശേഷം പളനിസാമി പോകുകയായിരുന്നു. തുറൈയൂരിൽ എത്തുന്നതിന് മുമ്പ് ആതൂർ റോഡിൽ ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടി. ജനക്കൂട്ടത്തിലെ ഒരാൾ ബോധരഹിതനായതിനെ തുടർന്ന് ആംബുലസ് എത്തുകയായിരുന്നു. രോഗിയുമായി തിരക്കേറിയ ജനക്കൂട്ടത്തിലൂടെ ആംബുലസ് കടന്നുപോകാൻ ശ്രമിച്ചപ്പോൾ ഡ്രൈവറെയും ഒരു വനിതാ ടെക്നീഷ്യനെയും പളനിസാമിയുടെ അനുയായികൾ വളഞ്ഞിട്ട് ആക്രമിക്കുകയും ആംബുലസ് തല്ലിത്തകർക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് പൊലീസ് എത്തി ഡ്രൈവറെയും ടെക്‌നീഷ്യനെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഒരാൾ കുഴഞ്ഞുവീണുവെന്ന് പറഞ്ഞ് കോൾ ലഭിച്ചതിനെ തുടർന്നാണ് തങ്ങൾ സ്ഥലത്തെത്തിയതെന്ന് പരിക്കേറ്റ ആംബുലസ് ഡ്രൈവർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ രോഗിയെ കയറ്റിയതിന് ശേഷം യോഗം പിരിച്ചുവിടാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മർദിക്കുകയായിരുന്നുവെന്നും വാഹനത്തിന് കേടുപാടുകൾ വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. കൂടെയുണ്ടായിരുന്ന ടെക്‌നീഷ്യൻ ഗർഭിണിയാണെന്നും അവരെ വണ്ടിയിൽ നിന്നും വലിച്ചിട്ട് മർദിച്ചെന്നും ഡ്രൈവർ ആരോപിച്ചു.

കഴിഞ്ഞ ആഴ്ച വെല്ലൂർ ജില്ലയിലെ അനൈകട്ടിൽ നടന്ന ഒരു പ്രചാരണ പരിപാടിയിൽ തന്റെ പരിപാടികൾ തടസപ്പെടുത്തുന്നതിനായി ഡി.എം.കെ സർക്കാർ തന്റെ റാലികളിലൂടെ ഒഴിഞ്ഞ ആംബുലൻസുകൾ മനപൂർവ്വം അയയ്ക്കുകയാണെന്ന് എടപ്പാടി പളനിസാമി ആരോപിച്ചിരുന്നു. ആനക്കട്ട് റാലിയിൽ പങ്കെടുത്ത ഒരു ആംബുലൻസ് ഡ്രൈവർ, താൻ രോഗിയെ കയറ്റാൻ എത്തുന്നതിന് മുമ്പ് എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ തന്നെ കൈയേറ്റം ചെയ്തുവെന്ന് പറഞ്ഞിരുന്നു.

Content Highlight: Ambulance crew attacked during Edappadi Palanisamy campaign