സൗബിന്റെ ഡാന്‍സ് കാണാനാണ് എത്തിയതെന്ന് കുഞ്ചാക്കോ ബോബന്‍; ആരാധകപ്പെരുമയില്‍ അമ്പിളിയുടെ ഓഡിയോ ലോഞ്ച്
Mollywood
സൗബിന്റെ ഡാന്‍സ് കാണാനാണ് എത്തിയതെന്ന് കുഞ്ചാക്കോ ബോബന്‍; ആരാധകപ്പെരുമയില്‍ അമ്പിളിയുടെ ഓഡിയോ ലോഞ്ച്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th August 2019, 11:23 pm

ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ അമ്പിളിയുടെ ഓഡിയോ ലോഞ്ച് നടന്നു. ലുലു മാളില്‍ നടന്ന ചടങ്ങില്‍ കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, നവീന്‍ നസീം, ദിലീഷ് പോത്തന്‍, നസ്രിയ നസീം, തന്‍വി റാം, ഗ്രേസ് ആന്റണി, ജാണ്‍ പോള്‍ ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും പങ്കെടുത്തു.

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രത്തിലെ ‘ഞാന്‍ ജാക്സണല്ലേടാ’ എന്ന ഗാനരംഗം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. ഓഡിയോ ലോഞ്ചിന് താന്‍ എത്തിയത് സൗബിന്റെ ഡാന്‍സ് കാണാനാണെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഓഡിയോ ലോഞ്ചിനു ശേഷം ആരാധകര്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ സംഗീത സായാഹ്നം ഒരുക്കിയിരുന്നു. ബെന്നി ദയാല്‍, ആന്റണി ദാസന്‍, സൂരജ് സന്തോഷ്, വിഷ്ണു വിജയ്, മധുവന്തി നാരായണ്‍ എന്നിവര്‍ പങ്കെടുത്തു.

സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്. പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈക്കിളിങ്ങിനും യാത്രകള്‍ക്കും പ്രധാന്യമുള്ള ചിത്രമാണ് അമ്പിളി.

നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീന്‍ നസീം ആണ്. മലയാളികളുടെ ഇഷ്ടതാരം നസ്രിയ നസീമിന്റെ സഹോദരനാണ് നവീന്‍. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയിലും നാട്ടുകാരിലും നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഒരു കുടുംബ ചിത്രമാണ് അമ്പിളി. യാത്രക്ക് വളരെ പ്രാധാന്യമുള്ള സിനിമ കേരളം കൂടാതെ തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും ചിത്രീകരിച്ചിട്ടുണ്ട്.