കേസരിയുടെ നിറത്തിലുള്ള പതാകയെന്ന ആവശ്യം അട്ടിമറിച്ചത് നെഹ്‌റു; കാവി പതാകയോടായിരുന്നു അംബേദ്ക്കറിനും താത്പര്യം: അവകാശവാദവുമായി കെ.പി. ശശികല
Kerala News
കേസരിയുടെ നിറത്തിലുള്ള പതാകയെന്ന ആവശ്യം അട്ടിമറിച്ചത് നെഹ്‌റു; കാവി പതാകയോടായിരുന്നു അംബേദ്ക്കറിനും താത്പര്യം: അവകാശവാദവുമായി കെ.പി. ശശികല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th June 2025, 5:04 pm

പാലക്കാട്: രാജ് ഭവനിലെ ഭാരതാംബ വിവാദത്തില്‍ പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. വിഭജനത്തിന് ശേഷം മതേതര രാജ്യമാണെന്ന് കാട്ടിക്കൂട്ടാനുള്ള നാടകങ്ങളിലാണ് ദേശീയ പതാക, ദേശീയ ഗാനം എന്നിവ അട്ടിമറിക്കപ്പെട്ടതെന്ന് കെ.പി. ശശികല പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കെ.പി. ശശികലയുടെ പ്രതികരണം.

ദേശീയ പതാകയായി കാവി പതാക വേണമെന്ന് തന്നെയായിരുന്നു ബി.ആര്‍. അംബേദ്ക്കറിന്റെ താത്പര്യമെന്നും കെ.പി. ശശികല പറഞ്ഞു. ഭാരതത്തിന്റേത് കേസരിയുടെ നിറത്തിലുള്ള പതാകയാകണമെന്ന എ.ഐ.സി.സി പതാകാ കമ്മറ്റിയുടെ ആവശ്യത്തെ അട്ടിമറിച്ചത് നെഹ്റുവാണെന്നും ശശികല കുറിപ്പില്‍ പറഞ്ഞു.

‘കാവി പതാകയാണ് ചൊറിച്ചിലിന് കാരണമെങ്കില്‍, 1931ല്‍ ഐ.സി.സി.സി നിശ്ചയിച്ച പതാകാ കമ്മറ്റി എല്ലാ പ്രവിശ്യകളിലും അഭിപ്രായമാരാഞ്ഞിരുന്നു. അവര്‍ എത്തിയ നിഗമനം ഭാരതത്തിന്റെ പതാക അതിന്റെ പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന കേസരി നിറത്തിലുള്ളതാകണം എന്ന് തന്നെയാണ്. അവര്‍ അതുതന്നെയാണ് റിപ്പോര്‍ട്ടായി സമര്‍പ്പിച്ചതും.

എന്നാല്‍ മറ്റാരുടെയോ കൈയിലെ കളിപ്പാവയായിരുന്ന നെഹ്‌റുവാണ് ആ നിർദേശം അട്ടിമറിച്ചത്. ഭരണഘടനാ ശില്‍പ്പിയായ അംബേദ്ക്കറിന്റേയും താത്പര്യം കാവി പതാക വേണമെന്നുതന്നെയായിരുന്നു. തന്നെ വന്നു കണ്ട ഒരു പ്രതിനിധി സംഘത്തിന്റെ കൈയില്‍ നിന്നും താത്പര്യപൂര്‍വം അദ്ദേഹം ആ പതാക സ്വീകരിച്ചതും ചരിത്രമാണ്. വിഭജനത്തിന് ശേഷം മതേതര രാജ്യമാണെന്ന് കാട്ടിക്കൂട്ടാനുള്ള നാടകങ്ങളിലാണ് ദേശീയ പതാക, ദേശീയ ഗാനം എല്ലാം അട്ടിമറിക്കപ്പെട്ടത്,’ കെ.പി. ശശികല പറഞ്ഞു.

2029ലെ പൊതുതെരഞ്ഞെടുപ്പില്‍ വികസനത്തോടൊപ്പം ദേശീയ പതാക, ദേശീയ ഗാനം തുടങ്ങിയവ ചര്‍ച്ചയാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ അഭിപ്രായം തുറന്നുപറഞ്ഞ് ഇലക്ഷനെ നേരിടണം. ജനം അനുവദിച്ചാല്‍ മാറ്റങ്ങള്‍ ഉണ്ടാകണം. അനുവദിച്ചില്ലെങ്കില്‍ മാറ്റങ്ങള്‍ വേണ്ടാ എന്ന് വെക്കണം അതല്ലേ ജനാധിപത്യമെന്നും കെ.പി. ശശികല പറഞ്ഞു.

‘ഇന്ത്യ എന്റെ അമ്മയായാല്‍ മാത്രമല്ലേ എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാകു? ഭരണഘടനയില്‍ ഹിന്ദു രാഷ്ട്രം വേണ്ടായെന്ന് വെച്ചു. വന്ദേ മാതരം വേണ്ടായെന്ന് വെച്ചു. കാവി പതാക വേണ്ടായെന്ന് വെച്ചു. ഭാരതം അമ്മയാണെന്ന് പ്രതിജ്ഞയില്‍ വേണ്ടായെന്ന് വെച്ചു. കിം ഫലം? ഇന്നും കലിമയറിയാത്തവന് ജീവിക്കാന്‍ അവകാശമില്ലത്രെ… പൊടിക്കടങ്ങണമെങ്കില്‍ ദേശീയ പതാക പച്ചയാക്കേണ്ടി വരും. കലിമ ദേശീയ ഗാനവും. അല്ലേ സഖാക്കളേ,’ എന്നും ശശികല ചോദിച്ചു.

പരിസ്ഥിതി ദിന പരിപാടിയിൽ വിളക്ക് കൊളുത്തി ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന രാജ് ഭവന്റെ നിര്‍ദേശമാണ് വിവാദത്തിന് കാരണമായത്.

എന്നാല്‍ സര്‍ക്കാര്‍ പരിപാടിയില്‍ ഇത്തരം ചടങ്ങുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചുകൊണ്ട് കൃഷിമന്ത്രി പി. പ്രസാദ് പങ്കെടുക്കേണ്ടിയിരുന്ന രാജ് ഭവനിലെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച പരിപാടി കൃഷിവകുപ്പ് റദ്ദാക്കുകയായിരുന്നു.

പിന്നാലെ കൃഷിമന്ത്രിയുടെ നിലപാടില്‍ വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍, ബി.ജെ.പി സംസ്ഥാന സെക്രട്ടറി രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കെ.പി. ശശികലയുടെ പ്രതികരണം.

Content Highlight: Ambedkar was also interested in the saffron flag: KP Sasikala claims