സഞ്ജുവും വൈഭവും അഭിഷേകുമല്ല, ഈ ജോഡി ഇന്ത്യന്‍ ഓപ്പണര്‍മാരാവട്ടെ: റായിഡു
Cricket
സഞ്ജുവും വൈഭവും അഭിഷേകുമല്ല, ഈ ജോഡി ഇന്ത്യന്‍ ഓപ്പണര്‍മാരാവട്ടെ: റായിഡു
ഫസീഹ പി.സി.
Tuesday, 2nd June 2026, 2:35 pm

ഐ.പി.എല്‍ 2026 അവസാനിച്ചതോടെ രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശിയെ ഇന്ത്യന്‍ ടി – 20 ടീമില്‍ എത്രയും വേഗം ഉള്‍പ്പെടുത്തണമെന്ന ചര്‍ച്ചകള്‍ സജീവമാണ്. താരത്തെ ഇന്ത്യന്‍ ടീമിന്റെ ഓപ്പണറായി പരിഗണിക്കണമെന്നാണ് പലരുടെയും പക്ഷം. എന്നാല്‍, മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിന് മറ്റൊരു അഭിപ്രായമാണുള്ളത്.

ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍മാരായ സായ് സുദര്‍ശന്‍ – ശുഭ്മന്‍ ഗില്‍ ജോഡിയെ ഇന്ത്യന്‍ ടീമില്‍ പരീക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയന്‍ സാഹചര്യങ്ങളെ നേരിടാന്‍ കെല്‍പ്പുള്ള ജോഡിയാണ് ഇവരെന്നും സുദര്‍ശനും ഗില്ലും പരസ്പരം മനസിലാക്കി കളിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയിലെ ടൈംഔട്ട് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റായിഡു.

അമ്പാട്ടി റായിഡു.

‘ഓസ്ട്രേലിയയിലെ സാഹചര്യങ്ങളെ നേരിടാന്‍ കെല്‍പ്പുള്ള ഒരു ജോഡിയാണ് സായ് സുദർശനും ശുഭ്മൻ ഗില്ലും എന്നാണ് എനിക്ക് തോന്നുന്നത്. ഇരുവരും മികച്ച പ്രകടനങ്ങള്‍ നടത്തിയ പിച്ചിലെ വേഗതയും ബൗണ്‍സും അവിടത്തെ സാഹചര്യങ്ങളോട് സാമ്യമുള്ളതാണ്.

ഗില്ലും സുദര്‍ശനും അനായാസമായി ബാറ്റ് ചെയ്യുന്ന രീതി കണ്ടാല്‍ അവര്‍ അവിടെ (ടി – 20 ലോകകപ്പ് 2028) കളിക്കുമെന്ന് ഉറപ്പാണ്. അവര്‍ ഇടം പിടിച്ചില്ലെങ്കിലാണ് ഞാന്‍ അത്ഭുതപ്പെടുക.

ഗില്ലിനെ ടീമിലെടുക്കുകയാണെങ്കില്‍ സുദര്‍ശനെയും കൂടെ കൂട്ടുന്നതാണ് ഉചിതം. കാരണം പരസ്പരം മനസിലാക്കി കളിക്കുന്നവരാണ്. വ്യത്യസ്ത സാഹചര്യങ്ങള്‍ മികവ് പുലര്‍ത്തണമെങ്കില്‍ ഇവരെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് മികച്ച തീരുമാനമായിരിക്കും,’ റായിഡു പറഞ്ഞു.

ശുഭ്മൻ ഗില്ലും സായ് സുദർശനും.

ഐ.പി.എല്‍ 2026ല്‍ സായ് – ഗില്‍ സഖ്യം മികച്ച പ്രകടനമാണ് നടത്തിയത്. ഇരുവരും ഈ കൂട്ടുകെട്ട് ഗുജറാത്തിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് ഈ സീസണില്‍ 908 റണ്‍സാണ് അടിച്ചെടുത്തത്. അതോടെ ഐ.പി.എല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ ജോഡി എന്ന നേട്ടവും ഇരുവരും സ്വന്തമാക്കി.

Content Highlight: Ambati Rayudu wants India to try Shubhman Gill – Sai Sudarshan pair in opening

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി