ബെംഗളൂരുവിന്റെ ഒരേയൊരു പ്രശ്‌നം അതാണ്; തുറന്ന് പറഞ്ഞ് അമ്പാട്ടി റായിഡു
Cricket
ബെംഗളൂരുവിന്റെ ഒരേയൊരു പ്രശ്‌നം അതാണ്; തുറന്ന് പറഞ്ഞ് അമ്പാട്ടി റായിഡു
ശ്രീരാഗ് പാറക്കല്‍
Tuesday, 26th May 2026, 1:32 pm

ഐ.പി.എല്‍ 2026ലെ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്തും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. ധര്‍മശാലയിലാണ് വേദി. മത്സരത്തിന് മുന്നോടിയായി നിലവിലെ ചാമ്പ്യന്‍മാരായ ബെംഗളൂരുവിന്റെ മിഡില്‍ ഓര്‍ഡര്‍ ബൗളിങ്ങില്‍ ആശങ്കയുണ്ടെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. സുയാഷ് ശര്‍മയും റൊമാരിയേ ഷെപ്പേര്‍ഡും ക്രുണാല്‍ പാണ്ഡ്യയും ഫോം ഔട്ട് ആയെന്ന് അദ്ദേഹം പറഞ്ഞു.

‘ബെംഗളൂരുവിന്റെ ഒരേയൊരു പ്രശ്‌നം കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ അവരുടെ മിഡില്‍ ഓവര്‍ ബൗളിങ് അത്ര മികച്ചതായിരുന്നില്ല എന്നതാണ്. സുയാഷ് അല്പം ഫോം മങ്ങി. റൊമാരിയോ ഷെപ്പേര്‍ഡിന് മികച്ച പ്രകടനം നല്‍കാന്‍ കഴിയും പക്ഷേ താരം അത് നല്‍കുന്നില്ല.

ക്രുണാല്‍ പാണ്ഡ്യയുടെ കാര്യം നിലവില്‍ പ്രവചിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. അതിനാല്‍ ബെംഗളൂരുവിനെക്കുറിച്ച് എനിക്ക് അല്‍പ്പം ആശങ്ക തോന്നുന്ന ഒരു മേഖലയാണിത്. ഗുജറാത്തിനേക്കാള്‍ മികച്ച ബാറ്റിങ് ബെംഗളൂരുവിനുണ്ട്,’ അമ്പാട്ടി റായിഡു പറഞ്ഞു.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരങ്ങൾ. Photo: iplt20.com

സീസണിലെ 14 മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റുകളാണ് ക്രുണാല്‍ വീഴ്ത്തിയത്. റൊമാരിയോ 13 മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റും സുയാഷ് ശര്‍മ 12 മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റുമാണ് നേടിയത്.

ഗ്രൂപ്പ് ഘട്ടങ്ങള്‍ അവസാനിക്കുമ്പോള്‍ 14 മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിജയവും അഞ്ച് തോല്‍വിയും അടക്കം 18 പോയിന്റ് നേടി ഒന്നാം സ്ഥാനത്താണ് ബെംഗളൂരു ഫിനിഷ് ചെയ്തത്. +0.783 എന്ന നെറ്റ് റണ്‍റേറ്റും ബെംഗളൂരു നേടിയരുന്നു.

14 മത്സരങ്ങളില്‍ ഒമ്പത് വിജയവും അഞ്ച് തോല്‍വിയും നേരിട്ട് 18 പോയിന്റ് നേടി ഗുജറാത്ത് തൊട്ടുപുറകിലാണ് ഗ്രൂപ്പ് ഘട്ടം ഫിനിഷ് ചെയ്തത്. +0.695 എന്ന നെറ്റ് റണ്‍റേറ്റാണ് ഗില്ലിന്റെ ഗുജറാത്തിനുള്ളത്.

മെയ് 27ന് നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും നേരിടും. മെയ് 29നാണ് രണ്ടാം ക്വാളിഫയര്‍ നടക്കുന്നത്. കലാശപ്പോരാട്ടം മെയ് 31നും നടക്കും.

Content Highlight: Ambati Rayudu Talking About Issue On Royal Challengers

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ