സഞ്ജു ടി - 20 ലോകകപ്പിലെ താരമായിരുന്നുവെന്ന കാര്യം മറക്കരുത്: റായിഡു
Cricket
സഞ്ജു ടി - 20 ലോകകപ്പിലെ താരമായിരുന്നുവെന്ന കാര്യം മറക്കരുത്: റായിഡു
ഫസീഹ പി.സി.
Sunday, 5th July 2026, 1:51 pm

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടി – 20യില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കിയിരുന്നു. വിക്കറ്റ് കീപ്പര്‍ക്ക് പകരം ഓപ്പണറായി യുവതാരം വൈഭവ് സൂര്യവംശി ഇറങ്ങി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ അമ്പാട്ടി റായിഡു.

വൈഭവ് അരങ്ങേറ്റം കുറിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അത് ആഘോഷിക്കപ്പെടേണ്ടതുമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മൂന്ന് മത്സരങ്ങള്‍ക്ക് മുമ്പ് സഞ്ജു ടി – 20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയിരുന്നുവെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ എക്‌സ് പോസ്റ്റിലൂടെയാണ് റായിഡുവിന്റെ പ്രതികരണം.

‘സഞ്ജു സാംസണിനെ കൂടി നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. വൈഭവ് അരങ്ങേറ്റം കുറിച്ചതില്‍ അതിയായ സന്തോഷമുണ്ട്. അത് ആഘോഷിക്കപ്പെടേണ്ടതുമാണ്. എന്നാല്‍, വെറും മൂന്ന് ടി – 20 മത്സരങ്ങള്‍ക്ക് മുമ്പ് നടന്ന ടി -20 ലോകകപ്പിലെ ‘പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്’ ആയിരുന്നു സഞ്ജു എന്ന കാര്യം നമ്മള്‍ മറക്കരുത്,’ അമ്പാട്ടി റായിഡു പറഞ്ഞു.

ഫെബ്രുവരി – മാര്‍ച്ചില്‍ നടന്ന ടി – 20 ലോകകപ്പില്‍ സഞ്ജുവിന്റെ കരുത്തിലായിരുന്നു ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ടൂര്‍ണമെന്റിലെ അവസാന മൂന്ന് നിര്‍ണായക മത്സരത്തില്‍ ഹാട്രിക്ക് അര്‍ധ സെഞ്ച്വറി നേടിയാണ് മലയാളി താരം ഇന്ത്യയുടെ വിജയശില്പിയായത്.

വെസ്റ്റ് ഇൻഡീസിനെതിരെ 97*, സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും ഫൈനലിൽ ന്യൂസിലാൻഡിനെതിരെയും 89 റൺസ് വീതമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഈ മികവ് വിക്കറ്റ് കീപ്പർക്ക് ടൂർണമെന്റ് താരമെന്ന പട്ടവും സമ്മാനിച്ചിരുന്നു.

എന്നാല്‍, മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ വീണ്ടും ഇറങ്ങിയപ്പോള്‍ സഞ്ജുവിന് ഈ മികവ് പുറത്തെടുക്കാന്‍ സാധിച്ചില്ല. അയര്‍ലാന്‍ഡ് പരമ്പരയില്‍ വെറും അഞ്ച് റണ്‍സെടുത്ത് പാടെ നിരാശപ്പെടുത്തിയ താരം ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി – 20യില്‍ വെറുമൊരു റണ്‍സ് മാത്രമാണ് എടുത്തിരുന്നത്.

Content Highlight: Ambati Rayudu says let us not forget that Sanju Samson was the man of the tournament in T20 World Cup

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.