അവന്‍ ഇല്ലായിരുന്നെങ്കില്‍ ചെന്നൈ കഷ്ടപ്പെടുമായിരുന്നു: അമ്പാട്ടി റായിഡു
Cricket
അവന്‍ ഇല്ലായിരുന്നെങ്കില്‍ ചെന്നൈ കഷ്ടപ്പെടുമായിരുന്നു: അമ്പാട്ടി റായിഡു
Sudev A
Friday, 24th April 2026, 7:39 pm

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സെഞ്ച്വറി നേടി മിന്നും പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. സഞ്ജു സാംസണ്‍ ഇല്ലായിരുന്നെങ്കില്‍ ചെന്നൈ മുംബൈക്കെതിരെ കഷ്ടപ്പെടുമായിരുന്നുവെന്നാണ് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞത്. സഞ്ജു റിസ്‌ക് എടുക്കാതെ അതിശയകരമായ ബാറ്റ് ചെയ്തുവെന്നും റായിഡു വ്യക്തമാക്കി.

”അദ്ദേഹം വളരെ ശാന്തനും സംയമനം പാലിക്കുന്നവനുമാണ്. സഞ്ജു അധികം റിസ്‌ക് എടുത്തില്ല. അദ്ദേഹം ഇന്നിങ്‌സിനെ നിയന്ത്രിച്ചു. ചെന്നൈക്ക് മികച്ച ബാറ്റിങ് നിര ഉണ്ടായിരുന്നില്ല. അപ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസവും ഇല്ലായിരുന്നു. എന്നാല്‍ സഞ്ജു അതിശയകരമായി തന്റെ ജോലി ചെയ്തു. അദ്ദേഹത്തിന്റെ ഇന്നിങ്സ് ഇല്ലായിരുന്നെങ്കില്‍ സി.എസ്.കെ ശരിക്കും കഷ്ടപ്പെടുമായിരുന്നു” അമ്പാട്ടി റായിഡു ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയിലൂടെ പറഞ്ഞു.

മുംബൈക്കെതിരെ 54 പന്തില്‍ പുറത്താവാതെ 101 റണ്‍സ് നേടിയാണ് സഞ്ജു തിളങ്ങിയത്. ഐ.പി.എല്‍ കരിയറിലെ തന്റെ അഞ്ചാം സെഞ്ച്വറിയും ഈ സീസണിലെ രണ്ടാം സെഞ്ച്വറിയുമാണ് സഞ്ജു അടിച്ചെടുത്തത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ സി.എസ്.കെ താരം കൂടിയാണ് സഞ്ജു.

അതേസമയം ഇപാക്ട് പ്ലെയറായെത്തി ഒരു മെയ്ഡന്‍ അടക്കം 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ അകീല്‍ ഹൊസൈന്റെ പ്രകടനവും ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായി. നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മുകേഷ് ചൗധരി, അന്‍ഷുല്‍ കാംബോജ്, ജെയ്മി ഓവര്‍ട്ടണ്‍ ഗുര്‍ജാപ്നീത് സിങ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മത്സരത്തില്‍ 103 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ചെന്നൈ കൈപ്പിടിയിലാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുംബൈക്ക് മുന്നില്‍ ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 104 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

വിജയത്തോടെ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും ചെന്നൈക്ക് സാധിച്ചു. ഏപ്രില്‍ 26ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. സി.എസ്.കെയുടെ തട്ടകമായ ചെപ്പോക്കിലാണ് മത്സരം.

Content Highlight: Ambati Rayudu Praises Sanju samson performance in ipl

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.