'ഗസയിലെ വംശഹത്യയ്ക്ക് പിന്തുണ നല്‍കുന്നു'; ഇസ്രഈലുമായുള്ള വ്യാപാരത്തെ ചോദ്യം ചെയ്ത ഫലസ്തീന്‍ എഞ്ചിനീയറെ സസ്പെന്‍ഡ് ചെയ്ത് ആമസോണ്‍
World
'ഗസയിലെ വംശഹത്യയ്ക്ക് പിന്തുണ നല്‍കുന്നു'; ഇസ്രഈലുമായുള്ള വ്യാപാരത്തെ ചോദ്യം ചെയ്ത ഫലസ്തീന്‍ എഞ്ചിനീയറെ സസ്പെന്‍ഡ് ചെയ്ത് ആമസോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th September 2025, 9:50 am

വാഷിങ്ടണ്‍: ഫലസ്തീന്‍ എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്ത് ആമസോണ്‍. ഇസ്രഈലുമായി കമ്പനിക്കുള്ള ബിസിനസ് ബന്ധങ്ങളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഈ നടപടി. സിയാറ്റില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ അഹമ്മദ് ഷഹ്‌റൂറിനെയാണ് ഈ ആഴ്ച ആമസോണ്‍ സസ്‌പെന്‍ഡ് ചെയ്തത്.

ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ ഭരണകൂടം നടത്തുന്ന വംശഹത്യക്ക് ആമസോണ്‍ പിന്തുണ നല്‍കുകയാണെന്ന് ചൂണ്ടി കാണിച്ചുകൊണ്ട് ഇദ്ദേഹം ഒരു കത്തെഴുതിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഷഹ്‌റൂറിനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് ആമസോണ്‍ അറിയിച്ചു.There is a fee of five rupees; Amazon is also preparing to charge a platform fee for orders

ആമസോണ്‍ സി.ഇ.ഒ. ആന്‍ഡി ജാസി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് ഷഹ്‌റൂര്‍ കത്തയച്ചത്. ഈ സന്ദേശങ്ങളില്‍, ഇസ്രഈല്‍ സര്‍ക്കാരുമായി ആമസോണിനുള്ള ബിസിനസ് ബന്ധങ്ങള്‍ക്കെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ആമസോണും ഗൂഗിളും ഇസ്രഈലുമായി ഏര്‍പ്പെട്ട ‘പ്രൊജക്റ്റ് നിംബസ്’ എന്ന വലിയ ക്ലൗഡ് കമ്പ്യൂട്ടിങ് കരാറിനെയാണ് അദ്ദേഹം പ്രധാനമായും എതിര്‍ത്തത്. കത്തയച്ചതിന് പിന്നാലെ ആമസോണ്‍ അദ്ദേഹത്തിന്റെ കമ്പനി സിസ്റ്റങ്ങളിലേക്കുള്ള പ്രവേശനവും തടഞ്ഞു.

താന്‍ ജോലി ചെയ്യുന്ന കമ്പനി ലാഭമുണ്ടാക്കുന്നു, എന്നാല്‍ അതേ ലാഭം തന്റെ ജനങ്ങളെ ദ്രോഹിക്കാന്‍ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടികാട്ടി. അതുകൊണ്ട് തന്നെ, നേരിട്ട് പ്രതിഷേധിക്കുകയല്ലാതെ തനിക്ക് മറ്റ് വഴിയില്ലെന്നും അദ്ദേഹം പറയുന്നു. കൂടാതെ, ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്ന ജീവനക്കാരെ ആമസോണ്‍ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

ഗസയില്‍ സന്നദ്ധസേവനം ചെയ്യുന്ന അമേരിക്കന്‍ ഡോക്ടര്‍മാരെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച എഞ്ചിനീയര്‍ക്ക് ആമസോണ്‍ മുന്നറിയിപ്പ് നല്‍കിയെന്നും സോഷ്യല്‍ മീഡിയയില്‍ ഇസ്രഈലിനെതിരെ സംസാരിച്ച ഫ്രാന്‍സിലെ ഒരു ജീവനക്കാരനെ ആമസോണ്‍ പിരിച്ചുവിട്ടെന്നും ഷഹ്‌റൂര്‍ എഴുതി.

Content highlight: Amazon suspends Palestinian engineer who opposed company’s aid to Israeli government