പഞ്ചാബികള്‍ അവരുടെ സ്പിരിറ്റ് കാണിച്ചു, ആം ആദ്മിക്ക് അഭിനന്ദനങ്ങള്‍: ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്
Assembly Election Result 2022
പഞ്ചാബികള്‍ അവരുടെ സ്പിരിറ്റ് കാണിച്ചു, ആം ആദ്മിക്ക് അഭിനന്ദനങ്ങള്‍: ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th March 2022, 4:22 pm

പട്യാല: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനവുമായി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. ജനവിധി അംഗീകരിക്കുന്നുവെന്നും, എ.എ.പിക്ക് എല്ലാ വിധത്തിലുമുള്ള ആശംസകളും നേരുന്നുവെന്നുമായിരുന്നും അദ്ദേഹം പറഞ്ഞത്.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ജനവിധിയെ വിനയത്തോടെ സ്വീകരിക്കുന്നു. ജനാധിപത്യം വിജയിച്ചു. ജാതി സമവാക്യത്തെക്കാളും പ്രാദേശിക വാദത്തേക്കാളും ഉപരിയായി പഞ്ചാബിന്റെ യഥാര്‍ത്ഥ സ്പിരിറ്റ് പഞ്ചാബികള്‍ കാണിച്ചു. ആം ആദ്മി പാര്‍ട്ടിക്കും ഭഗവന്ത് മന്നിനും അഭിനന്ദനങ്ങള്‍,’ അമരീന്ദര്‍ ട്വീറ്റ് ചെയ്തു.

അമരീന്ദറിന്റെ സിറ്റിംഗ് സീറ്റിംഗ് സീറ്റുകൂടിയായിരുന്ന പട്യാല അര്‍ബന്‍ മണ്ഡലത്തിലായിരുന്നു അദ്ദേഹം വന്‍ പരാജയമേറ്റുവാങ്ങിയത്.

ആം ആദ്മി പാര്‍ട്ടിയുടെ അജിത് പാല്‍ സിംഗ് കോഹ്‌ലിയോടായിരുന്നു ക്യാപ്റ്റന്റെ പരാജയം. 47,704 വോട്ട് അജിത് പാല്‍ നേടിയപ്പോള്‍, 28,007 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനമറിയിച്ച് പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ സിദ്ദുവും രംഗത്തെത്തിയിരുന്നു.

‘ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്. പഞ്ചാബിലെ ജനങ്ങളുടെ ജനവിധി വിനയപൂര്‍വ്വം സ്വീകരിക്കുന്നു. എ.എ.പിക്ക് അഭിനന്ദനങ്ങള്‍,’ എന്നായിരുന്നു നവ്ജ്യോത് സിദ്ദു ട്വീറ്റ് ചെയ്തു.

അതേസമയം, പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ അടിത്തറയിളകിയ ഫലങ്ങളാണ് പുറത്തു വരുന്നത്. രണ്ട് സീറ്റില്‍ മത്സരിച്ച മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി രണ്ടിലും പരാജയപ്പെട്ടപ്പോള്‍, സിദ്ദു കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രത്തില്‍ നിന്നുമാണ് പരാജയമേറ്റുവാങ്ങിയത്.

ചംകൗര്‍ സാഹേബ് മണ്ഡലത്തിലും ബാദൗര്‍ മണ്ഡലത്തിലും ചന്നി തോറ്റപ്പോള്‍, അമൃത്സര്‍ ഈസ്റ്റിലായിരുന്നു സിദ്ദുവിന്റെ തോല്‍വി.

തെരഞ്ഞെടുപ്പ് നടന്ന 117 മണ്ഡലങ്ങളില്‍ 54 സീറ്റില്‍ എ.എ.പി വിജയിക്കുകയും 38 സീറ്റില്‍ ലീഡ് ചെയ്യുകയും ചെയ്യുന്നു. കോണ്‍ഗ്രസ് 8 സീറ്റില്‍ ജയിക്കുകയും പത്തെണ്ണത്തില്‍ ലീഡ് ചെയ്യുകയും ചെയ്യുന്നു. ശിരോമണി അകാലി ദള്‍ മൂന്നിടത്തും ബി.ജെ.പി രണ്ടിടത്തും മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്നു.

Content Highlight: Amarinder Singh concedes defeat from Patiala, congratulates AAP for sweeping Punjab polls