ചണ്ഡീഗഢ്: പഞ്ചാബ് കോണ്‍ഗ്രസില്‍ തമ്മിലടികള്‍ രൂക്ഷമാവുമ്പോള്‍ തന്റെ ട്വിറ്റര്‍ ബയോ തിരുത്തി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്.
‘സൈനിക ഉദ്യോഗസ്ഥന്, മുന്‍ പഞ്ചാബ് മുഖ്യമന്ത്രി, ഇപ്പോഴും സംസ്ഥാനത്തെ സേവിച്ചു കൊണ്ടിരിക്കുന്നു’ എന്നാണ് അദ്ദേഹത്തിന്റെ പുതിയ ട്വിറ്റര്‍ ബയോ.
കോണ്‍ഗ്രസ് വിടുകയാണെന്നും എന്നാല്‍ ബി.ജെ.പിയില്‍ ചേരാന്‍ ഒരുക്കമല്ലെന്നും അറിയിച്ച അമരീന്ദറിന്റെ ഈ നീക്കം തന്റെ രാഷ്ട്രീയ ഭാവി മുന്നില്‍ കണ്ടുകൊണ്ടാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിംഗ് ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായേയും, അജിത് ഡോവലിനേയും അമരീന്ദര്‍ ദല്‍ഹിയിലെത്തി കാണുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തതോടെയാണ് അമരീന്ദറിന്റെ ബി.ജെ.പി പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്.
എന്നാല്‍ താന്‍ ബി.ജെ.പിയില്‍ ചേരില്ല എന്ന കാര്യം അമരീന്ദര്‍ തന്നെ വ്യക്തമാക്കിയിരുന്നു.
താന്‍ ഇതുവരെ കോണ്‍ഗ്രസുകാരനാണെന്നും പക്ഷേ കോണ്‍ഗ്രസില്‍ തുടരില്ലെന്നും അമരീന്ദര്‍ വ്യക്തമാക്കി. തന്നെ ഇങ്ങനെയല്ല പരിഗണിക്കേണ്ടിയിരുന്നതെന്നും അമരീന്ദര്‍ പറഞ്ഞു. എന്‍.ഡി.ടി.വിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ ഞാന്‍ 52 കൊല്ലമായി രാഷ്ട്രീയത്തില്‍. രാവിലെ 10.30 ന് കോണ്‍ഗ്രസ് പ്രസിഡന്റ് പറയുന്നു രാജി വെക്കാന്‍. ഞാന്‍ ഒരു ചോദ്യവും ചോദിച്ചില്ല. വൈകീട്ട് 4 മണിക്ക് ഞാന്‍ ഗവര്‍ണറുടെ അടുത്തേക്ക് പോയി രാജിവെച്ചു.
നിങ്ങള്‍ക്ക് 50 വര്‍ഷത്തിന് ശേഷം എന്നെ സംശയമാണെങ്കില്‍, എന്റെ വിശ്വാസ്യത അപകടത്തിലാണെങ്കില്‍ പാര്‍ട്ടിയില്‍ തുടരുന്നതിന്റെ അര്‍ത്ഥമെന്താണ്,” അമരീന്ദര്‍ പറഞ്ഞു.