'കളക്ഷന്‍ 630 രൂപ, കേക്കിന് 800' അമരം റീ റിലീസില്‍ കാണാനാളില്ലെന്ന് ട്രോള്‍, ഷോ ക്യാന്‍സലായതിന്റെ പരാതിയുമായി ആരാധകന്‍
Malayalam Cinema
'കളക്ഷന്‍ 630 രൂപ, കേക്കിന് 800' അമരം റീ റിലീസില്‍ കാണാനാളില്ലെന്ന് ട്രോള്‍, ഷോ ക്യാന്‍സലായതിന്റെ പരാതിയുമായി ആരാധകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th November 2025, 10:31 pm

റീ റിലീസ് സിനിമകളുടെ ട്രെന്‍ഡില്‍ മോഹന്‍ലാല്‍ പല റെക്കോഡുകളും നേടുമ്പോള്‍ മമ്മൂട്ടിക്ക് അതിന് സാധിക്കുന്നില്ലെന്നാണ് പലരും വിമര്‍ശിക്കുന്നത്. ഏറ്റവുമൊടുവില്‍ റീ റിലീസ് ചെയ്ത അമരത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഭരതന്‍ സംവിധാനം ചെയ്ത ക്ലാസിക് ചിത്രം 34 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വീണ്ടും വെള്ളിത്തിരയിലെത്തുന്നത്.

എന്നാല്‍ ആദ്യദിനം തന്നെ ആളില്ലാത്തതിനാല്‍ പലയിടത്തും ഷോ ക്യാന്‍സലായെന്നാണ് വിവരം. ആളില്ലാത്തതിനാല്‍ ഷോ ക്യാന്‍സലായതിന്റെ നിരാശ പങ്കുവെച്ച ആരാധകന്റെ പോസ്റ്റ് ഇതിനോടകം വൈറലായി. ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിച്ച് ചെന്നപ്പോള്‍ പത്തുപേരുണ്ടെങ്കിലേ ഷോ നടത്തുള്ളൂവെന്ന് ടിക്കറ്റ് കൗണ്ടറിലെ വ്യക്തി പറഞ്ഞെന്നും നിരാശനായി മടങ്ങേണ്ടി വന്നെന്നും ഷിജു എന്ന വ്യക്തി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ അമരം റീ റിലീസിനും പ്രതീക്ഷിച്ച വിജയം നേടാനാകാത്തതോടെ ട്രോള്‍ പേജുകളില്‍ ചിത്രത്തെ ട്രോളിക്കൊണ്ടുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഫസ്റ്റ് ഡേ കളക്ഷന്‍ പുറത്തുവിട്ടെന്നും പാലേരി മാണിക്യത്തിന്റെ റീ റിലീസ് കളക്ഷന്‍ മറികടന്നെന്നുമുള്ള തരത്തിലാണ് കൂടുതല്‍ ട്രോളുകളും. ബുക്ക്‌മൈഷോയില്‍ ആയിരം ടിക്കറ്റ് പോലും വിറ്റുപോയിട്ടില്ലെന്നുള്ള പോസ്റ്റുകളുമുണ്ട്.

‘റീ റിലീസില്‍ ആദ്യദിനം കിട്ടിയത് 630 രൂപ, കേക്കിന്റെ ചിലവ് 800 രൂപ’, ‘രാവണപ്രഭുവിലെ സെന്റി പാട്ടിന് ഡാന്‍സ് ചെയ്തതിന്റേ വീഡിയോക്ക് മറുപടി കൊടുക്കാനെത്തിയ മോഹന്‍ലാല്‍ ഫാന്‍സ് ചമ്മി’, ‘പാലേരിമാണിക്യം റീ റിലീസിന്റെ കളക്ഷന്‍ ഒറ്റദിവസം കൊണ്ട് മറികടന്നു, 7348 രൂപ കിട്ടി’ എന്നിങ്ങനെയാണ് ട്രോളുകള്‍.

ദേവദൂതന്‍ മുതല്‍ രാവണപ്രഭു വരെ മോഹന്‍ലാലിന്റേതായി റീ റിലീസ് ചെയ്ത സിനിമകളെല്ലാം മൂന്ന് കോടിക്ക് മുകളില്‍ ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ നാല് റീ റിലീസുകളില്‍ ഒന്നുപോലും ഈ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടില്ല. പാലേരി മാണിക്യം, ആവനാഴി, വടക്കന്‍ വീരഗാഥ പോലുള്ള ക്ലാസിക് സിനിമകളാണ് മമ്മൂട്ടിയുടേതായി റീ റിലീസ് ചെയ്യുന്നത്.

ആരാധകര്‍ ആഗ്രഹിക്കുന്നത് രാജമാണിക്യം, അണ്ണന്‍ തമ്പി, ചട്ടമ്പിനാട്, മായാവി പോലുള്ള എന്റര്‍ടൈനര്‍ സിനിമകളാണ്. തിയേറ്ററില്‍ ആദ്യമെത്തിയപ്പോള്‍ പരാജയമായ ബിഗ് ബിയും റീ റിലീസ് ചെയ്യണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അവിടെയാണ് അമരം പോലുള്ള ക്ലാസിക് സിനിമകള്‍ പുറത്തിറക്കി ആരാധകരെ നിരാശപ്പെടുത്തുന്നത് എന്ന പരാതി ഈയിടെ ഉയര്‍ന്നിരുന്നു.

Content Highlight: Amaram Re Release getting trolls for show cancelation