ഇന്നായിരുന്നു എങ്കില്‍ ഞാന്‍ ആ സിനിമ ചെയ്യില്ലായിരുന്നു, വ്യക്തി എന്ന നിലക്ക് എനിക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട് : അമല പോള്‍
Entertainment news
ഇന്നായിരുന്നു എങ്കില്‍ ഞാന്‍ ആ സിനിമ ചെയ്യില്ലായിരുന്നു, വ്യക്തി എന്ന നിലക്ക് എനിക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട് : അമല പോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd December 2022, 1:29 pm

ആടൈ എന്ന തമിഴ് ചിത്രം ഇന്നായിരുന്നെങ്കില്‍ താന്‍ ചെയ്യില്ലായിരുന്നു എന്ന് നടി അമല പോള്‍. താന്‍ ആടൈ ചെയ്യുന്ന കാലത്ത് സോഷ്യല്‍ മീഡിയ ഇത്ര സജീവമല്ലായിരുന്നുവെന്നും താരം പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ആടൈ എന്ന സിനിമ ഞാന്‍ ഇപ്പോഴും ഓര്‍ക്കാറുണ്ട്. 2019ന് ശേഷം ഒരു വ്യക്തി എന്ന നിലയില്‍ എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 2019ന് മുമ്പും ശേഷവും എന്നാണ് ഞാന്‍ എന്റെ ജീവിതത്തെ തന്നെ കാണുന്നത്. എന്റെ വ്യക്തിത്വത്തില്‍ നല്ല രീതിയിലുള്ള മാറ്റം ഇപ്പോള്‍ സംഭവിച്ചിട്ടുണ്ട്.

അന്നത്തെ ഞാന്‍ ആയതുകൊണ്ടാണ് ആടൈ പോലൊരു സിനിമ ചെയ്തത്. എന്നാല്‍ ഇന്നത്തെ ഞാന്‍ ആ സിനിമ ചെയ്യില്ലായിരുന്നു. ഇപ്പോള്‍ എനിക്ക് അങ്ങനത്തെ ഒരു കഥാപാത്രമോ സിനിമയോ ചെയ്യാന്‍ പറ്റുമെന്ന്  തോന്നുന്നില്ല. ആ ഫേസില്‍ അങ്ങനെ ഒരു സിനിമ നടക്കേണ്ടതായിരുന്നു.

ഞാന്‍ പറഞ്ഞല്ലോ, നടക്കാനുള്ള കാര്യങ്ങള്‍ ഓര്‍ഗാനിക്കായി സംഭവിക്കും. അന്ന് അങ്ങനെ നടന്നതുകൊണ്ടാണ് ആ സിനിമ ഇറങ്ങിയത്. ഞാന്‍ ഇപ്പോഴും അതിനെക്കുറിച്ച് ചിന്തിക്കാറുണ്ട്. ഇപ്പോഴാണല്ലോ ഈ സോഷ്യല്‍ മീഡിയൊക്കെ ഇത്ര ശക്തമായത്. അതുവഴിയുള്ള വിമര്‍ശനങ്ങളും മുന്‍വിധികളുമൊക്കെ അത്ര സജീവമാകുന്നതും.

എന്നാല്‍ ഞാന്‍ ആടൈ സിനിമ ചെയ്യുന്ന സമയത്ത് ആത്ര പ്രശ്‌നം ഉണ്ടായിരുന്നില്ല. ഒരു പക്ഷെ ഇന്നായിരുന്നെങ്കില്‍ ഞാന്‍ ആ സിനിമ ചെയ്യില്ലായിരുന്നു,’ അമല പോള്‍ പറഞ്ഞു.

രത്‌ന കുമാറിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ സിനിമയാണ് ‘ആടൈ’. ശക്തമായ അഭിനയ മുഹൂര്‍ത്തത്തിലൂടെ അമല തിളങ്ങിയ ചിത്രമായിരുന്നു അത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാന്‍ സിനിമക്ക് കഴിഞ്ഞില്ല. വലിയ തരത്തിലുള്ള വിമര്‍ശനങ്ങള്‍ അമലക്ക് അന്ന് നേരിടേണ്ടി വന്നു.

അതിരന്‍ എന്ന ഹിറ്റ് ചിത്രത്തിനുശേഷം വിവേക് സംവിധാനം ചെയ്യുന്ന ടീച്ചറാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ടെക്നോളജി വളരെ അപ്‌ഡേറ്റഡായ, എന്തും സംഭവിക്കാമെന്ന അവസ്ഥയുള്ള ഇക്കാലത്ത് നടക്കുന്ന കഥയാണ് ‘ടീച്ചറി’ന്റെ പ്രമേയം. ഇമോഷണല്‍ ത്രില്ലര്‍ ഴോണറിലുള്ള ചിത്രമാണിത് എന്നുമാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ പറയുന്നത്. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററിലെത്തിയത്.

മഞ്ജു പിള്ള, ഹക്കീം ഷാ ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നട്ട്മഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും വിറ്റിവി ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെഞ്ച്വറി ഫിലിംസാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിച്ചത്. അന്‍വര്‍ അലി, യുഗഭാരതി എന്നിവരാണ് ചിത്രത്തിനായി ഗാനമൊരുക്കിയത്. സംഗീതം ഡോണ്‍ വിന്‍സെന്റ്.

content highlight: amala paul talks about her tamil movie aadai