ആ നടിയുടെ ആരാധിക; ലോകാത്ഭുതമാണ് അവളെന്ന് തോന്നി: അമല പോള്‍
Malayalam Cinema
ആ നടിയുടെ ആരാധിക; ലോകാത്ഭുതമാണ് അവളെന്ന് തോന്നി: അമല പോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd July 2025, 7:51 am

കുറഞ്ഞ ചിത്രങ്ങള്‍കൊണ്ടുതന്നെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് അമല പോള്‍. തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടി കൂടിയാണ് അവര്‍. 2009ല്‍ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അമല തന്റെ കരിയര്‍ ആരംഭിക്കുന്നത്.

പിന്നീട് 2010ല്‍ മൈന എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് അരങ്ങേറി. ആ സിനിമയിലെ അഭിനയത്തിന് അമല പോളിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ശേഷം വിവിധ ഭാഷകളിലായി നിരവധി വേഷങ്ങള്‍ ചെയ്യാന്‍ നടിക്ക് സാധിച്ചു. കഴിഞ്ഞ വര്‍ഷമിറങ്ങി വലിയ ശ്രദ്ധ നേടിയ ആടുജീവിതത്തിലും ലെവല്‍ ക്രോസിലും നായികയായി എത്തിയത് അമല പോളായിരുന്നു.

ഐശ്വര്യ റായിയെ കുറിച്ച് സംസാരിക്കുകയാണ് അമല പോള്‍. ഐശ്വര്യ റായിയുടെ വലിയൊരു ആരാധികയാണ് താനെന്നും ജീന്‍സ് എന്ന സിനിമയിലെ ‘പൂവുക്കുള്‍’ എന്ന പാട്ട് കണ്ടപ്പോള്‍ ഐശ്വര്യയും ലോകാത്ഭുതമാണെന്ന് തോന്നിയെന്നും അമല പറയുന്നു. ജെ.എഫ്.ഡബ്ല്യുവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമല പോള്‍.

‘ഐശ്വര്യ റായിയുടെ വലിയൊരു ആരാധികയാണ് ഞാന്‍. ജീന്‍സ് സിനിമയിലെ ഏഴ് ലോകാത്ഭുതങ്ങള്‍ കാണിക്കുന്ന ഒരു പാട്ടില്ലേ, അത് എന്റെ ഫേവറിറ്റ് പാട്ടാണ്. ഐശ്വര്യയും ലോകാത്ഭുതത്തില്‍ ഒന്നാണെന്ന് തോന്നിയിട്ടുണ്ട്. ചെറുപ്പത്തില്‍ ഞാന്‍ എപ്പോഴും അത് കേള്‍ക്കുമായിരുന്നു.

ആ പാട്ട് കണ്ടിട്ട് അതിലെ ഐശ്വര്യ റായിയെ അനുകരിക്കലായിരുന്നു എന്റെ പണി. ഒരു ലോകാത്ഭുതത്തിന്റെ മുന്നില്‍ അവര്‍ കൈയെല്ലാം മടിയില്‍ വെച്ചിട്ട് ഇരിക്കുന്നൊരു ഷോട്ട് ഉണ്ട്. അത് കണ്ടതിന് ശേഷം അങ്ങനെയായിരുന്നു ഞാന്‍ ഇരിക്കുന്നതും നടക്കുന്നതും ഡാന്‍സ് കളിക്കുന്നതുമെല്ലാം.

ആ പാട്ട് മാത്രമല്ല എനിക്ക് ഇഷ്ടപ്പെട്ട എല്ലാ മലയാളം അടക്കമുള്ള പാട്ടുകള്‍ ഇട്ടിട്ട് എന്റേതായ ലോകത്ത് ഡാന്‍സ് കളിക്കുന്നതായിരുന്നു എന്റെ പ്രധാന ഹോബി. ആളുകള്‍ എന്ത് കരുതും എന്നതിനെ കുറിച്ചൊന്നും എനിക്കൊട്ടും വേവലാതിയില്ലായിരുന്നു. കണ്ണ് മൂടുമ്പോള്‍ എന്റെ ചുറ്റും ഒരുപാട് ഓഡിയന്‍സ് ഉള്ളതുപോലെയൊക്കെ തോന്നുമായിരുന്നു,’ അമല പോള്‍ പറയുന്നു.

Content Highlight: Amala Paul Talks About Aishwarya Rai