പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹോം നേഴ്സിന്റെ മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അല്‍ഷിമേഴ്സ് രോഗി മരിച്ചു. തട്ട സ്വദേശി ശശിധരന്‍ പിള്ള (59)യാണ് മരിച്ചത്.
മര്‍ദിക്കപ്പെട്ടതിന് പിന്നാലെ ശശിധരന്റെ ആരോഗ്യനില കൂടുതല്‍ വഷളാകുകയിരുന്നു. ആന്തരിക രക്തസ്രാവം അടക്കമുള്ള ഗുരുതരമായ പരിക്കുകള്‍ ഉണ്ടെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്.
കഴിഞ്ഞ കുറെ ദിവസങ്ങളായി അദ്ദേഹം പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു മാസം മുമ്പാണ് ശശിധരന്‍ പിള്ള ഹോം നേഴ്‌സിന്റെ മര്‍ദനത്തിന് ഇരയായത്.
സംഭവത്തില്‍ കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
ആദ്യഘട്ടത്തില്‍ അടുക്കളയില്‍ വീണ് പരിക്കേറ്റതെന്നാണ് ശശിധരന്റെ കുടുംബം കരുതിയിരുന്നത്. പിന്നീട് സംശയം തോന്നിയ ബന്ധുക്കള്‍ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ശശിധരനെ വിഷ്ണു മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.
ശശിധരനെ ഹോം നേഴ്‌സ് തറയിലൂടെ വലിച്ചിഴക്കുന്നതിന്റെയും അടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ശശിധരന്റെ പങ്കാളി തിരുവനന്തപുരം പാറശ്ശാലയിലാണ് ജോലി ചെയ്തിരുന്നത്. മകള്‍ വിദേശത്തുമായിരുന്നു. ഈ സാഹചര്യത്തിലാണ് ശശിധരനെ നോക്കുന്നതിനായി കുടുംബം ഹോം നേഴ്‌സിനെ സമീപിച്ചത്.
അടൂരിലുള്ള ഒരു ഏജന്‍സി വഴിയാണ് കുടുംബം ഹോം നേഴ്‌സിനെ കണ്ടെത്തിയത്. ഈ വിഷയത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ഏജന്‍സി അറിയിച്ചതായും കുടുംബം ആരോപിച്ചിരുന്നു.
Content Highlight: Alzheimer’s patient undergoing treatment in Pathanamthitta dies