പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ പത്ത്മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് ഔദ്യോഗിക ബഹുമതികളോടെ വിട.
പത്തനംതിട്ട മല്ലപ്പള്ളിയിലെ വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിലായിരുന്നു കബറടക്കം.
ആലിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി സംസ്ഥാനത്തിന്റെ വിവിധഭാഗത്തുനിന്നും ആയിരങ്ങള്‍ ഒഴുകിയെത്തിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മന്ത്രി വി.എന്‍ വാസവന്‍ മാത്യു ടി. തോമസ് എം.എല്‍.എ അടക്കമുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ആലിന്റെ കരള്‍ സ്വീകരിച്ച തിരുവനന്തപുരം സ്വദേശിയായ ശ്രേയയുടെ മുത്തച്ഛന്‍ ചന്ദ്രനും ആലിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
നാല് പേരിലാണ് ആലിന്‍ ദാനം ചെയ്ത അവയവങ്ങള്‍ തുടിക്കുന്നത്. ആലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു, ജോര്‍ജ് മാത്തന്‍ മിഷന്‍ ആശുപത്രിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
മല്ലപ്പള്ളി സ്വദേശികളായ അരുണ്‍-ഷെറിന്‍ ദമ്പതികളുടെ മകളായ ആലിന്‍ റോഡപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായ എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ മസ്തിഷ്‌ക മരണം സംഭവിച്ചു. തുടര്‍ന്നാണ് കുടുംബം അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്.