തീവ്രവാദത്തിനെതിരെ പോരാടും; ഇസ്രഈലിനൊപ്പം എന്നും എപ്പോഴും ഉറച്ചുനില്‍ക്കുന്നു; നെസെറ്റിനെ അഭിസംബോധന ചെയ്ത് മോദി
India-Isreal
തീവ്രവാദത്തിനെതിരെ പോരാടും; ഇസ്രഈലിനൊപ്പം എന്നും എപ്പോഴും ഉറച്ചുനില്‍ക്കുന്നു; നെസെറ്റിനെ അഭിസംബോധന ചെയ്ത് മോദി
അനിത സി
Thursday, 26th February 2026, 6:41 am

ടെല്‍ അവീവ്: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രഈലിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദര്‍ശനത്തിന്‌റെ ഭാഗമായി പ്രധാനമന്ത്രി ഇസ്രഈല്‍ പാര്‍ലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇസ്രഈലിനൊപ്പം നില്‍ക്കുമെന്ന് മോദി പറഞ്ഞു.

2023 ഒക്ടോബറിലെ ആക്രമണത്തെ പരാമര്‍ശിച്ച് കൊണ്ട് സംസാരിക്കവെ, ഈ നിമിഷവും അടുത്ത നിമിഷവും ഇന്ത്യ ഇസ്രഈലിനൊപ്പം ഉറച്ചുനില്‍ക്കുന്നെന്ന് പ്രസ്താവിച്ചു.

‘നിങ്ങളുടെ വേദന ഞങ്ങള്‍ മനസിലാക്കുന്നു. നിങ്ങളുടെ ദുഖം ഞങ്ങള്‍ പങ്കിടുന്നു. ഈ നിമിഷത്തിലും അതിന് ശേഷവും പൂര്‍ണബോധ്യത്തോടെ ഇന്ത്യ ഇസ്രഈലിനൊപ്പം ഉറച്ചുനില്‍ക്കുന്നു’ മോദി ഇസ്രഈല്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

മുംബൈയിലെ 26/11 ഭീകരാക്രമണവും ഇസ്രഈലിലുണ്ടായ ഒക്ടോബറിലെ ആക്രണവും സമാനമായിരുന്നുവെന്ന് മോദി അഭിപ്രായപ്പെട്ടു.

ഇസ്രഈല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.

ഇസ്രഈലുമായുള്ള ബന്ധം രക്തം കൊണ്ടും ത്യാഗം കൊണ്ടും രചിക്കപ്പെട്ടതാണ്. ഒന്നാം ലോക മഹായുദ്ധകാലത്ത് 4000ത്തിലേറ ഇന്ത്യന്‍ സൈനികര്‍ ഈ പ്രദേശത്ത് ജീവന്‍ വെടിഞ്ഞുവെന്നും മോദി പറഞ്ഞു.

മോദിയെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ച ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഇന്ത്യ-ഇസ്രഈല്‍ സഖ്യം വലിയതാണെന്ന് പറഞ്ഞു.

‘അതൊരു ഗുണിതം പോലെയാണ്. കാരണം വ്യാപാരം നമ്മള്‍ ഇരട്ടിയാക്കി, സഹകരണം മൂന്നിരട്ടിയാക്കി, പരസ്പര ധാരണകള്‍ നാലിരട്ടിയാക്കി. എനിക്കത് വിവരിക്കാന്‍ പോലും സാധിക്കുന്നില്ല, അത്രയേറെ വഴികളിലും, വിവരിക്കാന്‍ പാടില്ലാത്ത തരത്തിലും ബന്ധം ദൃഢമാണ്’, നെതന്യാഹു പറഞ്ഞു.

ഇസ്രഈലില്‍ വിമാനമിറങ്ങിയ മോദിയെ ആലിംഗനം ചെയ്തുകൊണ്ടാണ് നെതന്യാഹു സ്വീകരിച്ചത്. മോദി സഹോദരനാണെന്നും മോദിയുടെ ആലിംഗനം സ്‌പെഷ്യലാണെന്നും പിന്നീട് നെതന്യാഹു പറഞ്ഞു.

‘വ്യക്തിപരമായി ഞങ്ങള്‍ രണ്ട് പേര്‍ക്കിടയിലും, രണ്ട് രാജ്യങ്ങള്‍ക്കിടയിലും, രണ്ട് ജനതയ്ക്കിടയിലും അത്ഭുതകരമായ സൗഹൃദമുണ്ട്. ഈ ആലിംഗനം വെറുമൊരു പ്രവൃത്തിയല്ല, അതൊരു യഥാര്‍ത്ഥ കാര്യമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രതിഫലിപ്പിക്കുന്നു’, നെതന്യാഹു പറഞ്ഞു.

Content Highlight: Will fight terrorism; always stands with Israel; Modi addresses Knesset

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.