പെഹ്‌ലു ഖാന്‍ ആള്‍ക്കൂട്ട കൊല; ആറ് പ്രതികളെയും വെറുതെ വിട്ടു
Mob Lynching
പെഹ്‌ലു ഖാന്‍ ആള്‍ക്കൂട്ട കൊല; ആറ് പ്രതികളെയും വെറുതെ വിട്ടു
ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2019, 6:42 pm

ന്യൂദല്‍ഹി: പശുക്കടത്താരോപിച്ച് ക്ഷീരകര്‍ഷകന്‍ പെഹ്ലുഖാനെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളെയും രാജസ്ഥാനിലെ വിചാരണ കോടതി വെറുതെ വിട്ടു. സംഭവം നടന്നതിന് ശേഷം വൈറലായ അക്രമത്തിന്റെ വീഡിയോ സ്വീകാര്യമായ തെളിവുകളല്ലെന്ന് പ്രതിഭാഗം വാദിക്കുകയായിരുന്നു.

ഹരിയാന സ്വദേശിയായ പെഹ്ലു ഖാനും സംഘവും 2017 ഏപ്രില്‍ 1നു തന്റെ ഫാമിലേക്ക് പശുക്കളെ വാങ്ങി വരുമ്പോഴായിരുന്നു ഗോ രക്ഷാ അക്രമികളുടെ ക്രൂരതക്കിരയായത്. വാഹനം തടഞ്ഞു നിര്‍ത്തിയ അക്രമി സംഘം ഖാനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കേസിലെ വിചാരണ ആഗസ്റ്റ് 7 ന് പൂര്‍ത്തിയായിരുന്നു. കേസില്‍ ആകെ 9 പ്രതികളാണുണ്ടായിരുന്നത്. അതില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. ഇവര്‍ ജാമ്യത്തിലാണ്. ഇവരുടെ കേസ് ജുവനൈല്‍ കോടതിയിലാണ് വിചാരണ ചെയ്യുന്നത്.

കോടതി ഉത്തരവ് പഠിച്ച ശേഷം ഹൈക്കോടതിയില്‍ വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കുമെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യോഗേന്ദ്ര ഖതാന പ്രതികരിച്ചു.

വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മിയോ പഞ്ചായത്ത് പ്രസിഡണ്ട് ഷേര്‍ മുഹമ്മദ് ആവര്‍ത്തിച്ചു. പെഹ്‌ലു ഖാന്‍ മിയോ മുസ്ലിം സമുദായത്തില്‍പ്പെട്ടയാളാണ്.