ഇന്നാണ് ആ സിനിമ റിലീസാകുന്നതെങ്കില്‍ കുറച്ചുകൂടി ആളുകളിലേക്ക് എത്തും: അല്‍ത്താഫ് സലീം
Malayalam Cinema
ഇന്നാണ് ആ സിനിമ റിലീസാകുന്നതെങ്കില്‍ കുറച്ചുകൂടി ആളുകളിലേക്ക് എത്തും: അല്‍ത്താഫ് സലീം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd August 2025, 7:38 am

പ്രേമം സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നടനാണ് അല്‍ത്താഫ് സലീം. ചിത്രത്തിലെ ചെറിയവേഷത്തിലൂടെ തന്നെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അല്‍ത്താഫ് അവതരിപ്പിച്ചിരുന്നു. അഭിനയത്തിന് പുറമെ സംവിധാനത്തിലും തന്റെ സാന്നിധ്യമറിയിച്ച അദ്ദേഹം പല അഭിമുഖങ്ങളിലും സംവിധാനത്തോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് വാചാലനാകാറുണ്ട്.

അല്‍ത്താഫ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ സിനിമയായിരുന്നു ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ഇപ്പോള്‍ റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള ഇറങ്ങുന്ന സമയത്ത് ഇത്രയും എക്‌സ്‌പോഷര്‍ ഉണ്ടായിരുന്നില്ല. ഒ.ടി.ടി. ഇല്ലായിരുന്നു. ഇതേ പോലത്തെ സിനിമകള്‍ ആരും അധികം കണ്ടിട്ടില്ല. ഡെഡ്പാന്‍ ഹ്യൂമര്‍ (ഡാര്‍ക്ക് ഹ്യൂമര്‍) എന്ന ഴോണര്‍ അത്ര എക്‌സ്‌പ്ലോര്‍ ചെയ്യാത്തത് കാരണം എല്ലാവര്‍ക്കും അത്ര കണക്ടായിട്ടുണ്ടാകില്ല.

ഇവിടെ എന്തുകൊണ്ടാണ് ‘ പോട്ടേ മോളേ’ എന്ന് പറയുന്നിടത്ത് വേറേ കാര്യം പറയുന്നത് എന്ന് വിചാരിച്ചു എല്ലാവരും. എന്തെങ്കിലും പറ്റിയതാണോ, ഈ സംവിധായകന് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നൊക്കെ തോന്നും.

ഇന്ന് ആയിരുന്നു സിനിമ ഇറങ്ങുന്നതെങ്കില്‍ കുറച്ചുകൂടി ശ്രദ്ധിക്കപ്പെടുമെന്ന് തോന്നുന്നു. അല്ലെങ്കില്‍ കുറച്ചുകൂടി ആളുകള്‍ കണ്ടേനേ. പക്ഷേ എന്റെ ഔട്ട്പുട്ടില്‍ ഞാന്‍ ഹാപ്പിയാണ്. പ്ലാന്‍ ചെയ്ത കാര്യം തന്നെയാണ് ഞാന്‍ എടുത്തത്,’ അല്‍ത്താഫ് സലീം പറയുന്നു.

ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള

2017ലാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള റിലീസ് ചെയ്തത്. ചിത്രത്തില്‍ നിവിന്‍ പോളി, ശാന്തി കൃഷ്ണ, ഐശ്വര്യ ലക്ഷ്മി, ലാല്‍, അഹാന കൃഷ്ണ, എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം ശാന്തി കൃഷ്ണ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. അല്‍ത്താഫ് സലീമും ജോര്‍ജ് കോരയും ചേര്‍ന്ന് തിരക്കഥയെഴുതിയ ഈ ചിത്രം നിര്‍മിച്ചത് നിവിന്‍ പോളിയാണ്. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരുന്നത്.

Content Highlight:  Althaf salim says that  Njandukalude Nattil Oridavela  had been released today, it would have received a little more attention