പ്രേമത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന നടനാണ് അല്‍ത്താഫ് സലിം. സിനിമയിലെ ചെറിയ വേഷത്തിലൂടെ തന്നെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. സംവിധാനത്തിലും അല്‍ത്താഫ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിവിന്‍ പോളി നായകനായെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയാണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം.
നിവിന്‍ പോളിയോടും അല്‍ഫോണ്‍സ് പുത്രനോടുമുള്ള തന്റെ സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ അല്‍ത്താഫ്.
‘ആലുവക്കാരനായത് കൊണ്ടുതന്നെ അല്‍ഫോണ്‍സ് പുത്രനും ഷറഫുദ്ദീനും കൃഷ്ണശങ്കറും നിവിനും സിജു വില്‍സണുമൊക്കെ സുഹൃത്തുക്കളായിരുന്നു. എല്ലാ ദിവസവും വൈകിട്ട് ഞങ്ങള്‍ ഗോപൂസില്‍ ഒത്തു കൂടും. സിനിമ തന്നെയാണ് ചര്‍ച്ച. ആ സമയത്ത് അല്‍ഫോണ്‍സ് ഷോര്‍ട് ഫിലിം ജോലിയിലൊക്കെയാണ്. ഒരിക്കല്‍ ഞണ്ടുകളുടെ കഥ അല്‍ഫോണ്‍സിനോട് പറഞ്ഞു.
ആശുപത്രിയില്‍ മാനേജരായിരുന്ന വാപ്പ കാന്‍സര്‍ രോഗികളുടെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. രോഗികളെ സന്ദര്‍ശിച്ച വിവരമൊക്കെ വീട്ടില്‍ വന്നു പറയുമായിരുന്നുവെന്നും അങ്ങനെയൊരു സംസാരത്തില്‍ നിന്നാണ് ഞണ്ടുകളുടെ കഥ വീണുകിട്ടിയതെന്നും അല്‍ത്താഫ് പറഞ്ഞു.
‘ക്യാന്‍സര്‍ രോഗത്തെ കുറച്ചുകൂടി ലൈറ്റായി പറയാമെന്ന ചിന്തയാണ് ആദ്യം വന്നത്. കഥ കേട്ടിട്ട് അല്‍ഫോണ്‍സ് പറഞ്ഞത് നിവിനോട് കഥ പറയൂ എന്നാണ്. കഥ കേട്ട പാടേ നിവിന്‍ കൈതന്നു. പിന്നെ, ഒരു സന്തോഷവാര്‍ത്ത കൂടി പറഞ്ഞു, ‘ഈ സിനിമ ഞാന്‍ നിര്‍മിക്കാം,’ അല്‍ത്താഫ് കൂട്ടിച്ചേര്‍ത്തു.
നുണക്കുഴിയിലെ പോലെ നിര്‍മാതാവിനെ തേടി അലയേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തോട് ഇല്ലേയില്ല എന്നായിരുന്നു അല്‍ത്താഫിന്റെ മറുപടി. സിനിമാക്കാരനാകുന്നു എന്നു പറഞ്ഞപ്പോഴുള്ള വീട്ടുകാരുടെ മറുപടിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘കുടുംബത്തിലാര്‍ക്കും സിനിമയുമായി യാതൊരു ബന്ധവുമില്ല. സിനിമയുടെ കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ അവര്‍ക്കൊക്കെ ആശങ്കകളുണ്ടായിരുന്നു. സ്ഥിരവരുമാനമുള്ള ജോലി അല്ലല്ലോ എന്ന പേടി. അതുകൊണ്ട് ഒരു നിബന്ധന വച്ചു, ജോലി കിട്ടുന്ന ഒരു കോഴ്‌സ് പഠിച്ച ശേഷം മതി സിനിമ. അങ്ങനെ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നിന്നു ബിടെക് എടുത്തു. അപ്പോഴേക്കും സിനിമാമോഹം കുറച്ചുകൂടി ഉറച്ചതായി,’ അല്‍ത്താഫ് പറഞ്ഞു.
Content Highlight: Altaf salim talks about his friendship with Nivin Pauly and Alphonse putheren