ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ സന്ദര്‍ശിക്കാനെത്തിയ പുരോഹിതന്‍ സുരക്ഷാ സംഘത്തിന്റെ പിടിയില്‍. പരിശോധനയ്ക്കിടെ ഇയാളുടെ പക്കല്‍ വെടിയുണ്ട കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
ഇമ്രാന്‍ എന്നയാളാണ് അറസ്റ്റിലായത്. വഖഫ് ബോര്‍ഡ് നല്‍കുന്ന ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കെജ്‌രിവാളിനെ കാണാനെത്തിയ സംഘത്തില്‍പ്പെട്ടയാളാണ് അറസ്റ്റിലായത്.
ആയുധ നിയമവുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റു ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.
പള്ളിയുടെ നേര്‍ച്ചപ്പെട്ടിയില്‍ നിന്നും കിട്ടിയ ബുള്ളറ്റ് പേഴ്‌സില്‍ സൂക്ഷിക്കുകയാണുണ്ടായതെന്നും പിന്നീട് ഇക്കാര്യം വിട്ടുപോയെന്നുമാണ് ഇയാള്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞത്.
രാഷ്ട്രീയ എതിരാളികളില്‍ നിന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അരവിന്ദ് കെജ്‌രിവാള്‍ ദിവസങ്ങള്‍ക്കു മുമ്പ് പറഞ്ഞിരുന്നു. ദല്‍ഹി സെക്രട്ടറിയേറ്റിനുള്ളില്‍വെച്ച് മുളകുപൊടികൊണ്ട് ആക്രമിക്കപ്പെട്ടതിനു പിന്നാലെയായിരുന്നു കെജ്‌രിവാള്‍ ഇങ്ങനെ പറഞ്ഞത്.
“അവര്‍ക്ക് എന്നെ കൊല്ലണം. രണ്ടുവര്‍ഷത്തിനുള്ളില്‍ നാലുതവണ ആക്രമിക്കപ്പെട്ട ഒരു മുഖ്യമന്ത്രിയുമുണ്ടാവില്ല. ഞാനവരുടെ നോട്ടപ്പുള്ളിയായി മാറിയിരിക്കുകയാണ്.” എന്നായിരുന്നു കെജ്‌രിവാളിന്റെ പരാമര്‍ശം.
