സി.പി.ഐ.എം-ആര്‍.എസ്.എസ് ഏജന്റുമാരെ തിരിച്ചറിയണം; ഉമാ തോമസിനെതിരായ സൈബര്‍ ആക്രമണത്തില്‍ അലോഷ്യസ് സേവ്യര്‍
Kerala
സി.പി.ഐ.എം-ആര്‍.എസ്.എസ് ഏജന്റുമാരെ തിരിച്ചറിയണം; ഉമാ തോമസിനെതിരായ സൈബര്‍ ആക്രമണത്തില്‍ അലോഷ്യസ് സേവ്യര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th August 2025, 4:18 pm

തിരുവനന്തപുരം: ഉമാ തോമസ് എം.എല്‍.എയ്ക്ക് പിന്തുണയുമായി കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. ഉമാ തോമസിനെതിരായ സൈബര്‍ ആക്രമണം മനുഷ്യത്വത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്ന അത്യന്ത്യം ഹീനമായ പ്രവര്‍ത്തനമാണെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അലോഷ്യസിന്റെ പ്രതികരണം.

‘മുഖവുരകള്‍ ആവശ്യമില്ലാത്ത മഹാരാജസിലെ ഉമ’ എന്ന് പറഞ്ഞുകൊണ്ടാണ് അലോഷ്യസിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

തന്റെ പ്രതികരണം സൈബര്‍ ഇടങ്ങളില്‍ കോണ്‍ഗ്രസിന്റെ വക്താക്കള്‍ എന്ന സ്വയം പരിചയപ്പെടുത്തലില്‍ മുഖമില്ലാതെ മനുഷ്യത്വരഹിതവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഇടത്-സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്കെതിരെയാണെന്നാണ് അലോഷ്യസ് പറയുന്നത്.

‘ഫേക്ക് കോണ്‍ഗ്രസ് ടാഗ്’ പൊളിറ്റിക്കല്‍ ടൂള്‍ ആയി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ-സംഘപരിവാര്‍ അജണ്ടകളുള്ള, സ്വന്തം വ്യക്തിത്വത്തെ പോലും വെളിപ്പെടുത്താന്‍ കഴിയാത്തത്രയും വികൃതവും മലീമസവുമായ മനസിന് ഉടമയായ നിങ്ങള്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത് ഹീനമായ പ്രവര്‍ത്തനമാണെന്നും കെ.എസ്.യു അധ്യക്ഷന്‍ പറഞ്ഞു.

ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് മുതലെടുത്ത് ‘ഞങ്ങള്‍ കോണ്‍ഗ്രസുകാര്‍’ എന്ന രീതിയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സി.പി.ഐ.എം-ആര്‍.എസ്.എസ് ഏജന്റുമാരായ കള്ളനാണയങ്ങളെ പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉമാ തോമസ് എന്ന് പറയുന്ന മഹാരാജാസിലെ ആ പഴയ കെ.എസ്.യുക്കാരി തന്റെ പൊതുജീവിതം ആരംഭിച്ചത് ഒരു പ്രതിസന്ധികാലത്താണെന്നും അലോഷ്യസ് ഓര്‍മിപ്പിച്ചു.

കെ.എസ്.യുവിന്റെ കൊടി പിടിച്ചാണ്. അവിടെനിന്ന് തന്നെയാണ് അവര്‍ പി.ടിയുടെ സഹയാത്രികയാകുന്നതും. പിന്നെ പതിയെ കുടുംബ ജീവിതത്തിലേക്ക് അവര്‍ പറ്റേ മാറുകയും പിന്നീട് പി.ടിയുടെ അകാല വിയോഗത്തിന് ശേഷം പാര്‍ട്ടിയും മുന്നണിയും ഏല്‍പ്പിച്ച ആ ദൗത്യം സധൈര്യം ഏറ്റെടുത്ത് വീണ്ടുമൊരു പ്രതിസന്ധികാലത്ത് തന്റെ വ്യക്തി ജീവിതം വിട്ട് പൊതുജീവിതത്തിലേക്ക് കടന്നുവരികയും ചെയ്‌തൊരാളാണെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

ഉമാ തോമസിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ സൈബര്‍ ഇടങ്ങളിലെ മുഖമില്ലാത്ത ഗുണ്ടകള്‍ ശ്രമിക്കുന്നതിനെ ഗൗരവതരമായിതന്നെ കാണണമെന്നും നിയമനടപടികള്‍ ഉള്‍പ്പെടെ സ്വീകരിച്ച് മുന്നോട്ട് പോകണമെന്നും അലോഷ്യസ് പ്രതികരിച്ചു.

ആരെയും എന്തും പറയാം എന്നതിന്റെ ലൈസന്‍സ് ആര്‍ക്കും ഒരുഘട്ടത്തിലും ഒന്നിന്റെ പേരിലും നല്‍കിയിട്ടില്ല എന്ന ബോധ്യം ഈ അവസരത്തില്‍ ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

ഈ സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കുകയും നേരിടുകയും ചെയ്യുക എന്നത് പൊതുസമൂഹത്തെ മുന്‍നിര്‍ത്തി സംഘടനയുടെ ബാധ്യതയാണ്. അത് നിര്‍വഹിക്കുമെന്നും അലോഷ്യസ് വ്യക്തമാക്കി.

Content Highlight: Aloshious Xavier react in cyber attack against Uma Thomas