ആഷിഖ് അബുവിന്റെ സംവിധാനത്തിൽ 2011ൽ പുറത്തിറങ്ങിയ ചിത്രമാണ് സാൾട്ട് ആന്റ് പെപ്പർ എന്ന സിനിമ. ശ്വേത മേനോൻ, ആസിഫ് അലി, ലാൽ, മൈഥിലി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. ചിത്രത്തിന് ആ വർഷത്തെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്‌കരം ലഭിച്ചു. ചിത്രത്തിലെ പാട്ടുകൾക്ക് വരികളെഴുതിയത് റഫീഖ് അഹമ്മദ് ആയിരുന്നു. ഇപ്പോൾ ചിത്രത്തെക്കുറിച്ചും ചിത്രത്തിലെ പാട്ടിനെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.
സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയുടെ കഥ കേട്ടപ്പോൾത്തന്നെ തനിക്ക് രസം തോന്നിയെന്നും അതിന്റെ പ്രമേയത്തിലും അവതരണത്തിലുമെല്ലാം പുതുമയുണ്ടായിരുന്നുവെന്നും റഫീഖ് അഹമ്മദ് പറയുന്നു.
സിനിമക്കൊരു ഹാസ്യമുണ്ടെന്നും എന്നാൽ വിഷയത്തിന്റെ ഗൗരവം നഷ്ടപ്പെടുന്നുമില്ലെന്നും എല്ലാം പാകത്തിന് ചേർത്തിട്ടുള്ള സവിശേഷമായ ഒരവതരണമാണ് സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയെന്നും അദ്ദേഹം പറയുന്നു.
‘പ്രണയത്തിനൊപ്പം ഭക്ഷണത്തിനും രുചികൾക്കുമൊക്കെ സിനിമയിൽ വലിയ പ്രാധാന്യമുണ്ട്. സാൾട്ട് ആൻഡ് പെപ്പർ എന്നത് ഒരേസമയം മുതിർന്ന ആളുക ളെയും ഭക്ഷണത്തെയും സൂചിപ്പിക്കുന്ന വാക്കാണ്. അങ്ങനെ പല അടരുകൾ ഈ സിനിമയ്ക്കുണ്ട്. ‘ഒരു ദോശയുണ്ടാക്കിയ കഥ’ എന്നതാണ് സിനിമയുടെ ടാഗ് ലൈൻ തന്നെ സാൾട്ട് ആൻഡ് പെപ്പറിലേക്ക് വേണ്ടി പാട്ടുകളിലൊന്ന് ഭക്ഷണത്തെപ്പറ്റിയുള്ളതായിരുന്നു.’ റഫീഖ് അഹമ്മദ് പറയുന്നു.
ഭക്ഷണത്തെപ്പറ്റി മലയാളത്തിൽ മുമ്പും പാട്ടുകൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘അയല പൊരിച്ചതുണ്ട് കരിമീൻ വറുത്തതുണ്ട് പോലെ.. പക്ഷേ, മിക്കതും തമാശസ്വഭാവമുള്ള പാട്ടുകളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. സാൾട്ട് ആൻഡ് പെപ്പറിന് വേണ്ടിയിരുന്നത് മറ്റൊരു തരത്തിലുള്ള പാട്ടായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.
പലതരം രുചികളെപ്പറ്റി ഒരു പാട്ട് വേണമായിരുന്നുവെന്നും കേരളിയമായ ആഹാരരീതി അതിന്റെ വ്യത്യസ്തതകൾ എന്നിവ പ്രണയവും മനുഷ്യബന്ധങ്ങളുമായി കൂട്ടിച്ചേർത്തുള്ള ഒരു രീതിയിലാണ് പാട്ടെഴുതിയതെന്നും അദ്ദേഹം പറയുന്നു.