ഹൈന്ദവനായ നിങ്ങള്‍ ക്രൈസ്തവ ദേവാലയത്തില്‍ കയറി വൈദികരെ പീഡിപ്പിച്ചു; പൊലീസിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി അല്‍മായ മുന്നേറ്റം പ്രവര്‍ത്തകര്‍
Kerala News
ഹൈന്ദവനായ നിങ്ങള്‍ ക്രൈസ്തവ ദേവാലയത്തില്‍ കയറി വൈദികരെ പീഡിപ്പിച്ചു; പൊലീസിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി അല്‍മായ മുന്നേറ്റം പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th January 2025, 8:58 am

അങ്കമാലി: എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധിക്കുന്ന വിമത വൈദികര്‍ക്കെതിരെ നടപടിയെടുത്ത പൊലീസിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി അല്‍മായ മുന്നേറ്റം പ്രവര്‍ത്തകന്‍. പുലര്‍ച്ചെ വൈദികര്‍ക്കെതിരെ നടപടിയുണ്ടായതിന് ശേഷം ഇന്ന് (ശനി) രാവിലെ അതിരൂപത ആസ്ഥാനത്തിന് മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് അല്‍മായ മുന്നേറ്റം പ്രവര്‍ത്തകരിലൊരാള്‍ പൊലീസിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയത്.

വൈദികര്‍ക്കെതിരെ നടപടിയെടുത്ത എ.സി.പി. ജയകുമാറിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു പ്രതിഷേധക്കാരിലൊരാളുടെ വര്‍ഗീയ പരാമര്‍ശം. പ്രതിഷേധക്കാരെ അനുനയിപ്പിക്കുന്നതിനായി നിങ്ങള്‍ സമാധാനമായിരിക്കണമെന്ന് പറഞ്ഞപ്പോഴാണ് ഇത്തരമൊരു പരാമര്‍ശമുണ്ടായത്. ഹൈന്ദവനായ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൈസ്തവ ദേവാലയത്തില്‍ കയറി വൈദികരെ പീഡിപ്പിച്ചു എന്നായിരുന്നു അല്‍മായ മുന്നേറ്റം പ്രവര്‍ത്തകന്റെ പരാമര്‍ശം.

‘ഞങ്ങളോട് സമാധാനമായിരിക്കാന്‍ പറയാന്‍ നിങ്ങള്‍ കത്തോലിക്ക പുരോഹിതനല്ല, നിങ്ങളൊരു ഹൈന്ദവനാണ്, നിങ്ങള്‍ ഞങ്ങളുടെ ക്രൈസ്തവ ആരാധനാലയത്തില്‍ കയറി ഞങ്ങളുടെ വൈദികരെ പീഡിപ്പിച്ചു’, പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചയോട് കൂടിയാണ് ദിവസങ്ങളായി അങ്കമാലി അതിരൂപത ആസ്ഥാനമായ സെന്റ് മേരീസ് ബസലിക്കയില്‍ സമരം ചെയ്യുന്ന 21 വൈദികരെ പൊലീസ് അവര്‍ സമരമിരിക്കുന്ന സ്ഥലത്ത് നിന്ന് മാറ്റാന്‍ ശ്രമം നടത്തിയത്. വൈദികര്‍ക്കെതിരെ പൊലീസ് ബലംപ്രയോഗിച്ചു എന്ന് വൈദികരില്‍ ചിലര്‍ ആരോപിക്കുകയും ചെയ്തിരുന്നു.

പിന്നാലെയാണ് ഇന്ന് രാവിലെ വൈദികരെ പിന്തുണക്കുന്ന ഒരു വിഭാഗം അല്‍മായ മുന്നേറ്റം പ്രവര്‍ത്തകര്‍ സഭാ ആസ്ഥാനത്തിന് മുന്നിലെത്തി പൊലീസിനെതിരെയും സര്‍ക്കാറിനെതിരെയും പ്രതിഷേധിച്ചത്. ഈ പ്രതിഷേധത്തിനിടയിലാണ് പ്രവര്‍ത്തകരിലൊരാള്‍ എ.സി.പി. ജയകുമാറിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയത്.

എന്നാല്‍ പൊലീസ് പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പൊലീസിന് പറയാനുള്ളത് കേള്‍ക്കാന്‍ പ്രതിഷേധിച്ചെത്തിയ അല്‍മായ മുന്നേറ്റം പ്രവര്‍ത്തകര്‍ തയ്യാറായതുമില്ല. നിങ്ങള്‍ ഒന്നും മിണ്ടരുതെന്ന് പറഞ്ഞ് പൊലീസിനെ സംസാരിക്കാന്‍ അനുവദിക്കാതെ പ്രതിഷേധക്കാര്‍ ബഹളം വെക്കുകയും ചെയ്തു. കൂടാതെ പൊലീസിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും മുദ്രാവാക്യം വിളിക്കുയും ചെയ്തു.

ഏകീകൃത കുര്‍ബാനയെ അംഗീകരിക്കാത്ത നാല് വൈദികര്‍ക്കെതിരെയുണ്ടായ നടപടിയില്‍ പ്രതിഷേധിച്ചാണ് വിമത വിഭാഗം വൈദികര്‍ സഭാ ആസ്ഥാനത്ത് പ്രാര്‍ത്ഥന സമരം നടത്തി വരുന്നത്. കൂടാതെ ബിഷപ്പിനൊപ്പം പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗമായ കൂരിയയെ മാറ്റിയതിലും വിമത വിഭാഗത്തിന് പ്രതിഷേധമുണ്ട്. ബിഷപ്പും, വികാരി ജനറലും, ചാന്‍സിലറും ഉള്‍പ്പടെയുള്ളവരാണ് കൂരിയയില്‍ ഉണ്ടായിരുന്നത്.

content highlights: You, a Hindu, entered the Christian temple and persecuted the priests; Almaya Munnettam activists with communal remarks against the police