ഹോളിവുഡിലെ ആ ക്ലാസിക് ചിത്രം ഇന്ത്യന്‍ ഭാഷകളിലെടുത്താല്‍ മമ്മൂട്ടി സാര്‍ തന്നെയാണ് അതിന് പെര്‍ഫക്ട്: അല്ലു അര്‍ജുന്‍
Entertainment news
ഹോളിവുഡിലെ ആ ക്ലാസിക് ചിത്രം ഇന്ത്യന്‍ ഭാഷകളിലെടുത്താല്‍ മമ്മൂട്ടി സാര്‍ തന്നെയാണ് അതിന് പെര്‍ഫക്ട്: അല്ലു അര്‍ജുന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th March 2022, 1:43 pm

തെലുങ്കു സിനിമകളിലൂടെ ഇന്ത്യ മുഴുവന്‍ വമ്പന്‍ ഫാന്‍ബേസ് നേടിയെടുത്ത യുവതാരമാണ് അല്ലു അര്‍ജുന്‍. മലയാളത്തിലും അല്ലുവിന് നിരവധി ആരാധകരാണുള്ളത്.

താരത്തിന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ആക്ഷന്‍ മാസ് ചിത്രം പുഷ്പ, കൊവിഡിന് ശേഷം തുറന്ന തിയേറ്ററുകള്‍ക്ക് റെക്കോര്‍ഡ് കളക്ഷനാണ് നേടിക്കൊടുത്തത്.

2020ല്‍ പുറത്തിറങ്ങിയ അങ്ങ് വൈകുണ്ഡപുരത്ത് എന്ന അല്ലു സിനിമയും ഇന്ത്യയൊന്നാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് നടന്‍ അല്ലു അര്‍ജുന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഹോളിവുഡ് ക്ലാസിക്കായ ഗോഡ്ഫാദര്‍ എന്ന സിനിമ ഇന്ത്യന്‍ ഭാഷയില്‍ ചെയ്യുകയാണെങ്കില്‍ അതിന് നടന്‍ മമ്മൂട്ടി തന്നെയാണ് പെര്‍ഫക്ട് എന്നാണ് അല്ലു പറയുന്നത്.

മഴവില്‍ മനോരമ ചാനലിന് നല്‍കിയ പഴയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. ഹോളിവുഡ് സിനിമകള്‍ അതുപോലെ ഇന്ത്യന്‍ ഭാഷകളില്‍ ചെയ്യുമ്പോള്‍ ആരെയായിരിക്കും പ്രധാന കഥാപാത്രമായി തെരഞ്ഞെടുക്കുക, എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”എനിക്ക് തോന്നുന്നു മമ്മൂട്ടി സാര്‍. മമ്മൂട്ടി സാര്‍ ആയിരിക്കും പെര്‍ഫക്ട്,” അല്ലു അര്‍ജുന്‍ പറഞ്ഞു.

1972ല്‍ പുറത്തിറങ്ങിയ മാഫിയ- ക്രൈം സിനിമയായ ഗോഡ്ഫാദര്‍ ഹോളിവുഡിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നാണ്. മികച്ച ചിത്രത്തിനും നടനുമടക്കമുള്ള ആ വര്‍ഷത്തെ ഓസ്‌കറുകളും സിനിമ നേടിയിരുന്നു. പിന്നീട് ഇതിന്റെ തുടര്‍ ഭാഗങ്ങളും പുറത്തുവന്നിരുന്നു.


Content Highlight: Allu Arjun says Mammooty will be perfect to act in the Hollywood classic Godfather if it is adapted to Indian languages