കളം വിടാനൊരുങ്ങി വിജയ്, കളം പിടിക്കാന്‍ അല്ലു അര്‍ജുന്‍; അറ്റ്‌ലീ-അല്ലു ചിത്രം ഒ.ടി.ടി. റൈറ്റ്‌സ് വിറ്റുപോയത് 600 കോടിക്കോ?
Indian Cinema
കളം വിടാനൊരുങ്ങി വിജയ്, കളം പിടിക്കാന്‍ അല്ലു അര്‍ജുന്‍; അറ്റ്‌ലീ-അല്ലു ചിത്രം ഒ.ടി.ടി. റൈറ്റ്‌സ് വിറ്റുപോയത് 600 കോടിക്കോ?
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 31st December 2025, 10:12 am

സമീപകാല ഇന്ത്യന്‍ സിനിമ മേഖലയില്‍ മിനിമം ഗ്യാരണ്ടി നല്‍കുകയും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്യുന്ന നടനാണ് തമിഴിന്റെ സൂപ്പര്‍ താരം വിജയ്. എം.ജി.ആറിന്റെയും ജയലളിതയുടെയും പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലേക്കിറങ്ങുന്നതും ആരാധകര്‍ക്ക് തന്നോടുള്ള വിശ്വാസം കൈമുതലാക്കിയാണ്.

ഇന്ത്യയിലെ സകല ഇന്‍ഡസ്ട്രികളിലെയും സൂപ്പര്‍ താരങ്ങളെ അമ്പരപ്പിക്കുന്ന വിധത്തിലുള്ള ആരാധക പിന്തുണയാണ് തമിഴകത്തിന്റെ സ്വന്തം ദളപതിക്കുള്ളത്. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണത്തില്‍ എത്തുന്ന ചിത്രങ്ങളടക്കം മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടാന്‍ തക്ക സ്വാധീനം തമിഴ്‌നാട്ടിലുള്ള വിജയ്‌യുടെ പടിയിറക്കം സാമ്പത്തിക പരമായി തമിഴ് സിനിമാ മേഖലക്ക് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല.

അല്ലുവും അറ്റ്‌ലിയും. Photo: Money control

വിജയ്‌യുടെ പിന്മാറ്റത്തോടെ ടോളിവുഡിലുണ്ടാകുന്ന വിടവ് നികത്താന്‍ ഇനിയാരെത്തുമെന്ന ചര്‍ച്ചയും സിനിമാ ഗ്രൂപ്പുകളിലും പേജുകളിലും സജീവമാണ്. വിജയ്ക്കു ശേഷം തമിഴകത്ത് ഏറ്റവുമധികം ആരാധക പിന്തുണയുള്ള തല അജിത്തും ഒരു വര്‍ഷത്തേക്ക് സിനിമയില്‍ നിന്നും ഇടവേളയെടുക്കുമെന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു.

ഈ സാഹചര്യം അവസരമാക്കി മാറ്റും വിധമാണ് തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ അപ്കംമിങ്ങ് പ്രൊജക്ടുകള്‍. തമിഴ് സംവിധായകരായ ലോകേഷിനും അറ്റ്‌ലിക്കുമൊപ്പം പ്രോമിസിങ്ങ് ആയ പ്രൊജക്ടുകളാണ് താരത്തിന്റെതായി പുറത്തു വരാനുള്ളതെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ സിനിമാ മേഖലയില്‍ തങ്ങളുടെതായ സ്ഥാനം ഇതിനോടകം കണ്ടെത്തിയ സംവിധായകര്‍ക്കൊപ്പം പുഷ്പയിലൂടെ പാന്‍ ഇന്ത്യന്‍ പട്ടം നേടിയെടുത്ത അല്ലു അര്‍ജുന്‍ കൂടെയെത്തുമ്പോള്‍ വിജയ് തീര്‍ത്ത തമിഴിലെ ഒഴിവ് എളുപ്പത്തില്‍ നികത്താനാവുമെന്നാണ് പ്രതീക്ഷ.

അല്ലു നായകനാകുന്ന അറ്റ്‌ലിയുടെ കരിയറിലെ ആറാമത്തെ ചിത്രം എ.എ.26 ന്റെ വര്‍ക്കുകള്‍ ഇതിനോടകം ആരംഭിച്ചതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതേസമയം ലോകേഷിന്റെ അടുത്ത ചിത്രത്തില്‍ അല്ലു അര്‍ജുന്‍ നായകനാകുമെന്നും ഇരുവരും കൂടികാഴ്ച്ച നടത്തി ധാരണയിലെത്തിയതായും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അല്ലു. Photo: Telugu Voice

അറ്റ്‌ലി ഒരുക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് 600 കോടി രൂപക്കാണ് വിറ്റു പോയതെന്നും ഒരു ഇന്ത്യന്‍ സിനിമക്ക് ലഭിക്കുന്ന റെക്കോര്‍ഡ് തുകയാണിതെന്നും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ലോകേഷിന്റെ കരിയറിലെ ഡ്രീം പ്രൊജക്ടായ ഇരുമ്പ് കൈ മായാവിയാണ് അല്ലു അര്‍ജുനെ നായകനാക്കി ഒരുങ്ങുന്നതെന്നും അഭ്യൂഹങ്ങളുണ്ട്.

പുഷ്പയുടെ റിലീസിന് മുമ്പ് തന്നെ കേരളത്തില്‍ തന്റെതായ സ്റ്റാര്‍ഡം സൃഷ്ടിച്ച അല്ലുവിന് താരതമ്യേന വലിയ മാര്‍ക്കറ്റായ തമിഴ്‌നാട്ടിലും ചുവടുറപ്പിക്കാന്‍ പറ്റുമോയെന്ന ആകാംക്ഷയിലാണ് സിനിമാലോകം.

Content Highlight: Allu Arjun’s upcoming movies with Tamil directors in absence of actor Vijay from cinema

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.