ഹൈദരാബാദ്: തെന്നിന്ത്യന്‍ താരം സായി പല്ലവിയുടെ ഫിദയാണ് എറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള ഇന്ത്യന്‍ ഗാനം. 2 കോടിയിലധികം ആളുകളാണ് ഫിദയിലെ ഗാനം കേട്ടിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു തെലുങ്കു ഗാനം കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.

അല്ലു അര്‍ജുനും മലയാളത്തിന്റെ പ്രിയതാരം ജയറാമും പ്രധാനവേഷത്തില്‍ എത്തുന്ന ‘അല വൈകുന്തപുറംലോ’ എന്ന ചിത്രത്തിലെ ഗാനമാണ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

24 മണിക്കൂര്‍ കൊണ്ട് ഏറ്റവും കൂടുതല്‍ കാഴ്ച്ചക്കാരുള്ള സൗത്ത് ഇന്ത്യന്‍ ഗാനം എന്ന നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിലെ ‘രാമുലു രാമൂല’ എന്ന ഗാനം 8 മില്ല്യണ്‍ ആളുകളാണ് ഒരു ദിവസം കണ്ടത്.

ഗാനം ഇതിനോടകം 1 കോടിയിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ അല്ലു അര്‍ജുന്റെ അച്ഛനായിട്ടാണ്  ജയറാം അഭിനയിക്കുന്നത്.

ഇതിനു വേണ്ടി ജയറാം നടത്തിയ ബോഡി മേക് ഓവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അല്ലു അര്‍ജുന്‍, ജയറാം എന്നിവര്‍ക്കൊപ്പം പൂജ ഹെഗ്ഡെ, തബു , നിവേദ , നവദീപ്, സുശാന്ത്, സത്യരാജ് , സമുദ്രക്കനി എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.