'ഇവന്മാര്‍ തൊട്ടതൊക്കെ പ്രശ്നമാണല്ലോ'; പുഷ്പ ഒ.ടി.ടി റിലീസ് തീരുമാനത്തില്‍ മൈത്രി മൂവിക്കെതിരെ വിമര്‍ശനവുമായി ആരാധകര്
Entertainment news
'ഇവന്മാര്‍ തൊട്ടതൊക്കെ പ്രശ്നമാണല്ലോ'; പുഷ്പ ഒ.ടി.ടി റിലീസ് തീരുമാനത്തില്‍ മൈത്രി മൂവിക്കെതിരെ വിമര്‍ശനവുമായി ആരാധകര്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th January 2022, 5:40 pm

ഹൈദരാബാദ്: റെക്കോര്‍ഡ് കളക്ഷനുമായി തിയേറ്ററുകളില്‍ കുതിക്കുകയാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പയുടെ ആദ്യ ഭാഗം. 300 കോടിക്ക് മുകളിലാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയത്.

ഇതിന് പിന്നാലെ പുഷ്പ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ജനുവരി 7 ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

എന്നാല്‍ റിലീസ് കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിന് മുമ്പ് തന്നെ പുഷ്പ ഒ.ടി.ടി റിലീസ് ചെയ്യുന്നതിനെതിരെ വിമര്‍ശനവുമായി ഒരുകൂട്ടം ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

മൈത്രി മൂവി മേക്കേഴ്‌സും മുട്ടംസെട്ടി മീഡിയയ്ക്കുമെതിരെയാണ് വിമര്‍ശനം ഉയരുന്നത്. ടീസര്‍ ലീക്ക് ആവുക, പറഞ്ഞ സമയത്ത് ട്രെയ്ലര്‍ റിലീസ് ചെയ്യാതിരിക്കുക, അല്ലുവിന് ഏറെ ആരാധകരുള്ള കേരളത്തില്‍ ആദ്യ ദിവസം മലയാളം വേര്‍ഷന്‍ റിലീസ് ചെയ്യാതിരിക്കുക തുടങ്ങി മൈത്രി മൂവി മേക്കേഴ്സ് ഒട്ടും ഉത്തരവാദിത്വം ഇല്ലാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

ഇതിനിടെയാണ് റിലീസ് ചെയ്ത് 20 ദിവസത്തിനുള്ളില്‍ ചിത്രം ഒ.ടി.ടി റിലീസ് ചെയ്യുന്നത്. ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം പണം വാരിയ ചിത്രയിരിക്കുകയാണ്. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്.

ലോകമാകമാനം വമ്പന്‍ ഹൈപ്പുമായെത്തിയ ‘സ്പൈഡര്‍മാന്‍ നോ വേ’ ഹോമുമായുള്ള ക്ലാഷിനിടയിലും മികച്ച പെര്‍ഫോമന്‍സാണ് പുഷ്പ തിയേറ്ററുകളില്‍ കാഴ്ചവെച്ചത്. വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്.

രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുനും ഫഹദ് ഫാസിലും പുഷ്പയില്‍ എത്തിയത്.

സുകുമര്‍ സംവിധാനം ചെയ്ത പുഷ്പ മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Allu Arjun Movie Pushpa OTT Release Decisions, Fans against producers decision