ആയിരത്തില്‍ ഒരുവന്‍...കേരള ക്രിക്കറ്റ് ലീഗില്‍ പുതിയ ചരിത്രം കുറിച്ച് അസറുദ്ദീന്‍
Cricket
ആയിരത്തില്‍ ഒരുവന്‍...കേരള ക്രിക്കറ്റ് ലീഗില്‍ പുതിയ ചരിത്രം കുറിച്ച് അസറുദ്ദീന്‍
സുദേവ് എ
Saturday, 29th August 2026, 11:29 am

കേരള ക്രിക്കറ്റ് ലീഗില്‍ ചരിത്രം കുറിച്ച് ആലപ്പി റിപ്പിള്‍സ് വൈസ് ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍. കെ.സി.എല്ലിന്റെ മൂന്നാം സീസണില്‍ രണ്ട് സെഞ്ച്വറികള്‍ നേടി കുതിക്കുന്ന അസറുദ്ദീന്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമായാണ് മാറിയത്.

കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെതിരെയുള്ള മത്സരത്തില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് താരത്തിന്റെ നേട്ടം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കാലിക്കറ്റ് ഉയര്‍ത്തിയ 213 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ആലപ്പി അസറുദ്ദീന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിലാണ് വിജയിച്ചുകയറിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 213 റണ്‍സ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പി 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം അനായാസമായി മറികടന്നത്.

 

മത്സരത്തില്‍ 60 പന്തില്‍ പുറത്താവാതെ 112 റണ്‍സ് നേടിയാണ് മലയാളി താരം തിളങ്ങി നിന്നത്. അഞ്ച് ഫോറുകളും 10 കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഈ സീസണിലെ രണ്ടാം സെഞ്ച്വറിയാണ് താരം കാലിക്കറ്റിനെതിരെ നേടിയത്. ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെയായിരുന്നു താരത്തിന്റെ ആദ്യ സെഞ്ച്വറി നേട്ടം. 51 പന്തില്‍ ഏഴ് സിക്സും ആറ് ഫോറും ഉള്‍പ്പെടെയാണ് താരം വെടിക്കെട്ട് പ്രകടനം നടത്തിയത്.

പവര്‍പ്ലേയില്‍ തന്നെ എതിരാളികള്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള കഴിവാണ് അസറുദ്ദീനെ വ്യത്യസ്തനാക്കുന്നത്. ഈ സീസണില്‍ ഇതുവരെ ആറ് മത്സരങ്ങളില്‍ നിന്നും 419 റണ്‍സാണ് അസറുദ്ദീന്റെ ബാറ്റില്‍ നിന്നും പിറന്നത്. മൂന്ന് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും താരത്തിന്റെ അക്കൗണ്ടിലുണ്ട്. 34 പടുകൂറ്റന്‍ സിക്‌സുകളും 25 ഫോറുകളുമാണ് താരത്തിന്റെ ഈ സീസണിലെ സമ്പാദ്യം.

അസറുദ്ദീന്റെ സ്ഥിരതയാര്‍ന്ന ബാറ്റിങ് കരുത്തില്‍ തന്നെയാണ് ആലപ്പി കുതിക്കുന്നത്. നിലവില്‍ ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നാല് വിജയവുമായി എട്ട് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ആലപ്പി റിപ്പിള്‍സ്.

 

Content Highlight: Alleppey Ripples vice-captain Mohammad Azharuddin creates history in Kerala Cricket League

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.