കര്‍ണാടകയിലെ വോട്ട് ചോരി ആരോപണം; വെസ്റ്റ് ബംഗാള്‍ സ്വദേശിയെ അറസ്റ്റ് ചെയ്ത് എസ്.ഐ.ടി
India
കര്‍ണാടകയിലെ വോട്ട് ചോരി ആരോപണം; വെസ്റ്റ് ബംഗാള്‍ സ്വദേശിയെ അറസ്റ്റ് ചെയ്ത് എസ്.ഐ.ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th November 2025, 7:37 am

ബെംഗളൂരു: കര്‍ണാടകയിലെ ആലന്ദ് മണ്ഡലത്തിലെ ‘വോട്ട് ചോരി’ ആരോപണത്തില്‍ ഒരാളെ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). വെസ്റ്റ് ബംഗാളിലെ നാദിയ ജില്ലയിലെ ബാപി ആദ്യ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചോരി ആരോപണത്തിലാണ് അറസ്റ്റ്. കേസിലെ ആദ്യ അറസ്റ്റാണിത്.

ആലന്ദ് നിയോജകമണ്ഡലത്തില്‍ വോട്ടുകള്‍ കൂട്ടത്തോടെ ഇല്ലാതാക്കാന്‍ ബാപി ആദ്യ അപേക്ഷ നല്‍കിയെന്നാണ് കണ്ടെത്തല്‍. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ വലിയ പണമിടപാട് കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യാനായി അറസ്റ്റ് ചെയ്‌തെന്നാണ് വിവരം.

ബാപി ആദ്യ ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക ജാതി വിഭാഗങ്ങളുടെയും വോട്ടുകള്‍ ഇല്ലാതാക്കാന്‍ അപേക്ഷകള്‍ നല്‍കിയിരുന്നെന്ന് ആലന്ദ് മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ ബി.ആര്‍. പാട്ടീല്‍ ആരോപിച്ചു.

നേരത്തെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 2023 കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലന്ദ് മണ്ഡലത്തില്‍ കൂട്ടത്തോടെ വോട്ടുകള്‍ വെട്ടി കളഞ്ഞെന്ന് ആരോപിച്ചിരുന്നു. സെപ്റ്റംബര്‍ 18ന് വോട്ട് ചോരിയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം.

ആലന്ദില്‍ നിന്നും 6,018 വോട്ടുകള്‍ ഒഴിവാക്കിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഇത്തരത്തില്‍ വോട്ട് വെട്ടി കളഞ്ഞ വോട്ടര്‍മാരെ രാഹുല്‍ വേദിയില്‍ ഹാജരാക്കുകയും ചെയ്തു. വ്യാജ ഐ.ഡികളില്‍ നിന്നും ലോഗിന്‍ ചെയ്തുകൊണ്ടാണ് ഇത്തരത്തില്‍ വോട്ടുകള്‍ നീക്കിയതെന്നും ഇതിന് തന്റെ പക്കല്‍ തെളിവുകള്‍ ഉണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു.

എന്നാല്‍, ഈ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍മാരുടെ പേരുകള്‍ ആസൂത്രിതമായി വെട്ടിമാറ്റുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്.

വോട്ടര്‍മാരുടെ പേര് ഓണ്‍ലൈനായി ഇല്ലാതാക്കാന്‍ കഴിയില്ലെന്നുംവോട്ടുചെയ്യാന്‍ അവകാശമുള്ള വ്യക്തിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരം നല്‍കാതെ ഒരു വോട്ടും ഇല്ലാതാക്കാന്‍ കഴിയില്ലെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. എന്നാല്‍, 2023 ല്‍ ആലന്ദ് നിയമസഭ മണ്ഡലത്തിലെ വോട്ടര്‍മാരെ ഇല്ലാതാക്കാന്‍ ചില ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ഈ വിഷയം അന്വേഷിക്കാന്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

രാഹുല്‍ ആരോപണത്തിന് പിന്നാലെ, കര്‍ണാടക സര്‍ക്കാര്‍ ഈ വിഷയത്തില്‍ എസ്.ഐ.ടിയെ നിയമിച്ചിരുന്നു. എസ്.ഐ.ടി നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Content Highlight: Allegations of ‘Vote Chori’  in Aland, Karnataka; SIT arrests West Bengal native