കർണാടക: രാഹുല്‍ ഗാന്ധിയുടെ വോട്ട്‌ചോരി ആരോപണങ്ങളില്‍ അന്വേഷണം നടത്താനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ ആലന്ദ് മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് രാഹുല്‍ഗാന്ധി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം
ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ട് കൃത്രിമം നടത്തിയെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാനാണ് എസ്.ഐ.ടി രൂപീകരിക്കുന്നത്.
മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ ബി.കെ സിങ് ആയിരിക്കും എസ്.ഐ.ടിയുടെ തലവൻ എന്നാണ് റിപ്പോർട്ട്.
വോട്ട് ചോരി ആരോപണം വീണ്ടും ഉയര്‍ത്തി രാഹുല്‍ ഗാന്ധി ഇന്ന് നടത്തിയ പത്രസമ്മേളനത്തിന് പിന്നാലെയാണ് എസ്.ഐ.ടി രൂപീകരിക്കണമെന്ന ആലോചന.
വോട്ട് കള്ളന്മാരെയും ജനാധിപത്യം നശിപ്പിച്ച ആളുകളെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സംരക്ഷിക്കുകയാണെന്നും കർണാടക നിയമസഭ മണ്ഡലത്തിൽ നിന്നുള്ള ഡാറ്റകളിൽ നിന്ന് കോൺഗ്രസ് വോട്ടർമാരുടെ വോട്ടുകൾ തെരഞ്ഞെടുപ്പിന് മുമ്പ് ആസൂത്രിതമായി ഇല്ലാതാക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു
കോണ്‍ഗ്രസ് വോട്ടുകള്‍ വ്യാപകമായി വെട്ടിയെന്നാണ് രാഹുല്‍ തെളിവുകള്‍ നിരത്തി പ്രസ്താവിച്ചത്. കർണാടകയിലെ ആലന്ദ് സീറ്റിൽ നിന്ന് 6018 വോട്ടുകൾ ഇല്ലാതാക്കാൻ സോഫ്റ്റ് വെയറുകളും ഫോൺ നമ്പറുകളും ഉപയോഗിച്ച് ശ്രമിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ ഗാന്ധി പത്രസമ്മേളനം നടത്തിയത്. ഇതില്‍ ചില വോട്ടര്‍മാരെ രാഹുല്‍ വേദിയില്‍ ഹാജരാക്കുകയും ചെയ്തു.
2023 ൽ ആലന്ദ് നിയമസഭ മണ്ഡലത്തിലെ വോട്ടർമാരെ ഇല്ലാതാക്കാൻ ചില ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഈ വിഷയം അന്വേഷിക്കാൻ എഫ്.ഐ.ആർ ഫയൽ ചെയ്തതായും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
കർണാടകയിലെ നിരവധി മന്ത്രിമാർ വോട്ടർ തട്ടിപ്പ് സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ ആരോപണത്തെ പിന്തുണച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിയെ അനുകൂലിക്കുന്നുവെന്നും രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ശരിയാണെന്നും വനം മന്ത്രി ഈശ്വർ ഖൻഡ്രെ പറഞ്ഞു.