കല്‍പ്പറ്റ: സംസ്ഥാനത്തെ ആദിവാസികളുടെ വായ്പ എഴുതിതള്ളിയതിന്റെ മറവില്‍ മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിയും കുടുംബവും സ്റ്റാഫും ഒന്നരക്കോടിയിലധികം രൂപ തട്ടിയതായി റിപ്പോര്‍ട്ട്. മുന്‍ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റിലെ പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ തിരുത്തിച്ചാണ് അഴിമതി നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്.
ജയലക്ഷ്മിയുടെ മുഴുവന്‍ ബന്ധുക്കളുടെയും കടം കടാശ്വാസ പദ്ധതി പ്രകാരം എഴുതി തള്ളുകയായിരുന്നു. സംസ്ഥാനത്ത് മറ്റൊരിടത്തും കടമെഴുതി തള്ളല്‍ നടന്നിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ജയലക്ഷ്മിയുടെ വാര്‍ഡിലെ ആറുപേരുടെ കടമാണ് എഴുതി തെള്ളിയത്. മന്ത്രിയുടെ കുടുംബമായ പാലോട്ടെ വള്ളന്റെ 2,12761രൂപ, പാലോട്ട് കീരന്‍ 1,02380രൂപ, പാലോട്ട് അപ്പച്ചന്‍ 1,29016രൂപ, പാലോട്ട് ഗോപി 1,81,100രൂപ, പാലോട്ട് കീരന്‍ 1,02380രൂപ, ആലകണ്ടി അണ്ണന്‍ 1,02917രൂപ എന്നിങ്ങനെയാണ് ജയലക്ഷ്മിയുടെ വാര്‍ഡില്‍ വിതരണം ചെയ്തത്. ഒരു കുടുംബത്തില്‍ മൂന്നുപേരെടുത്ത വായ്പയും ഇത്തരത്തില്‍ എഴുതി തള്ളിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പട്ടികവര്‍ഗക്കാര്‍ക്ക് 2010 വരെയുള്ള ലോണുകള്‍ക്ക് കടാശ്വാസം നല്‍കിക്കൊണ്ട് 2014ലെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപനമുണ്ടായിരുന്നു. 2015 സെപ്റ്റംബര്‍ 9നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പദ്ധതിയുടെ നടത്തിപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ മന്ത്രിസഭാ യോഗം 2010 എന്നതു മാറ്റി 2014 ആയി നിശ്ചയിച്ചു. പരിധി ഒരുലക്ഷമായിരുന്നു നിശ്ചയിച്ചിരുന്നത്.
ഇതിനായി രണ്ടുകോടി രൂപ വകയിരുത്തുകയും ചെയ്തു. ഒരു കുടുംബത്തില്‍ ഒരാള്‍ക്കു മാത്രമായിരുന്നു യോഗ്യത. മാര്‍ച്ച് 31 ന് മുമ്പ് കുടിശ്ശികയായതും സര്‍ക്കാര്‍ ശമ്പളം പറ്റാത്തതുമായ പട്ടികവര്‍ഗ്ഗക്കാരുടെ ഒരു ലക്ഷത്തില്‍ താഴെയുള്ള ലോണുകള്‍ക്ക് മാത്രമായിരുന്നു ഈ പദ്ധതി ബാധകമാകുക. ഈ ഉത്തരവിന്റെ മറവിലാണ് തട്ടിപ്പു നടന്നത്.
