തിരുവനന്തപുരം: കായിക വകുപ്പും കായിക സംഘടനകളും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. കേരള ഒളിമ്പിക്‌സ് അസോസിയേഷന് പണം നൽകിയതിന്റെ രേഖകള്‍ കായികവകുപ്പ് പുറത്തുവിട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1.4 കോടി രൂപ ഒളിമ്പിക്‌സ് അസോസിയേഷന് നല്‍കിയെന്ന് കായികവകുപ്പ് അറിയിച്ചു. സഹായം നല്‍കിയില്ലെന്ന ഒളിമ്പിക് അസോസിയേഷന്റെ വാദം തെറ്റെന്നും കായികവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
കായിക സംഘടനകള്‍ പണം വാങ്ങി പുട്ടടിക്കുകയാണെന്ന് മന്ത്രി അബ്ദുറഹ്‌മാന്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പുട്ടടിക്കാന്‍ പണം ലഭിക്കുന്നില്ലെന്ന് ഒളിമ്പിക് അസോസിയേഷന്‍ പറഞ്ഞിരുന്നു. ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാറായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെയാണ് കായികവകുപ്പ് കണക്കുകളും പുറത്ത് വിട്ടിരിക്കുന്നത്. ഗ്രാന്റ് നല്‍കിയത് ഒളിമ്പിക് അസോസിയേഷനാണ്. അസോസിയേഷന് 2021-22 വര്‍ഷം 62.5 ലക്ഷം രൂപ നല്‍കി. ഈ വര്‍ഷം 25 ലക്ഷം രൂപ അനുവദിച്ചു.
സഹായം നല്‍കിയില്ലെന്ന ഒളിമ്പിക് അസോസിയേഷന്റെ വാദം തെറ്റാണെന്നും കായിക വകുപ്പ് വ്യക്തമാക്കുന്നു. ദേശീയ ഗെയിംസ് പരിശീലനത്തിന് ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ മാത്രം 38 ലക്ഷം രൂപ നല്‍കിയതായും കായിക വകുപ്പ് പുറത്തിറക്കിയ രേഖയില്‍ പറയുന്നു.
അതേസമയം ദേശീയ ഗെയിംസ് ബീച്ച് ഹാൻഡ്ബോളിൽ കേരളം ഹരിയാനയുമായി ഒത്തുകളിച്ച് വെള്ളിമെഡൽ നേടുകയായിരുന്നെന്ന കായികമന്ത്രി വി. അബ്ദുറഹ്‌മാന്റെ പരാമർശത്തിനെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി കായിക താരങ്ങൾ എത്തിയിരുന്നു. അബ്ദുറഹ്‌മാന്റെ പരാമർശത്തിനെതിരെ ബീച്ച് ഹാൻഡ്‌ബോൾ താരങ്ങൾ സംസ്ഥാന സ്പോർട്സ് കൗൺസിലിന് മുന്നിൽ പ്രതിഷേധം നടത്തി.
ഇന്നലെ രാവിലെയാണ് ടീമിലെ ഒമ്പത് അംഗങ്ങളും ടീം മാനേജർ, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അസോസിയേഷൻ പ്രതിനിധികളടക്കമുള്ളവർ ദേശീയ ഗെയിംസ് ട്രോഫിയും മെഡലുകളുമായി സ്പോർട്സ് കൗൺസിലിന് മുന്നിലെത്തിയത്. ഇതോടെ, കൗൺസിലിൻ്റെ മുഖ്യകവാടം സുരക്ഷ ജീവനക്കാർ താഴിട്ടുപൂട്ടി. തുടർന്ന് താരങ്ങൾ കവാടം ഉപരോധിച്ചു
ഒരാഴ്ചക്കുള്ളിൽ മന്ത്രി പരാമർശം പിൻവലിച്ചില്ലെങ്കിൽ മെഡലുകൾ കടലിലെറിയുമെന്ന് ബീച്ച് ഹാൻഡ്‌ബോൾ വനിത താരങ്ങൾ പറഞ്ഞു. ദേശീയ ഗെയിംസിന് തയ്യാറെടുക്കാൻ സർക്കാർ പണം തന്നില്ലെന്നും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെയാണ് ഗെയിംസിന് പോയതെന്നും താരങ്ങൾ ആരോപിച്ചു. ഇതൊക്കെ നിലനിൽക്കെ സ്വന്തം നിലയിൽ കഷ്ടപ്പെട്ട് മെഡൽ നേടിയ താരങ്ങളെ അപമാനിക്കുകയാണ് മന്ത്രി ചെയ്തതതെന്നും താരങ്ങൾ വ്യക്തമാക്കി.