കൊച്ചി: സംസ്ഥാനത്ത് യു.എ.പി.എ നിയമം ഉപയോഗിച്ചുകൊണ്ട് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി അലനും താഹയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ടുകണ്ടാണ് ഇരുവരും കത്ത് സമര്‍പിച്ചത്. ഈ കത്തിന്റെ പൂര്‍ണ രൂപം അലനും താഹയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
ഒട്ടനവധി ആളുകള്‍ യു.എ.പി.എ നിയമം ചുമത്തപെട്ട് ദീര്‍ഘകാലം തടവില്‍ കഴിഞ്ഞ് ജയിലുകളില്‍ വച്ച് മരിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ ഭൂരിപക്ഷം കേസുകളിലും ഇപ്പോഴും വിചാരണ പോയിട്ട് കുറ്റപത്രം പോലും സമര്‍പ്പിക്കാന്‍ കേരള പോലീസിന് കഴിഞ്ഞിട്ടില്ല.
കേരളത്തിലെ ജയിലുകളില്‍ യു.എ.പി.എ കേസുകളില്‍ കഴിയുന്നവരെ ഉപദ്രവിക്കുകയും മര്‍ദ്ദിക്കുകയും അന്യായമായി പൂട്ടി ഇടുന്ന സാഹചര്യവും ഉണ്ട്. കോടതി വിധികള്‍ പോലും കാറ്റില്‍ പറത്തി വലിയ തോതിലുള്ള മനുഷ്യാവകാശ ധ്വംസനം ജയിലുകളില്‍ നടക്കുന്നുണ്ട്. ചികിത്സ, വിദ്യാഭ്യാസം, തൊഴില്‍, വേതനം തുടങ്ങിയവ നിഷേധിക്കപ്പെടുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ആഭ്യന്തര മന്ത്രിക്ക് മുമ്പാകെ ആറ് ആവശ്യങ്ങളും കത്തില്‍ ഉന്നയിച്ചിരിക്കുന്നു. രാഷ്ട്രീയ പ്രചരണത്തിന്റെ പേരില്‍, നിരോധിത സംഘടനകളുടെ നോട്ടീസോ, ലഖുലേഖകളോ കൈവശം കണ്ടെത്തി എന്ന ആരോപണത്തിന്റെ പേരില്‍ യു.എ.പി.എ ചുമത്തുന്ന രീതി പുനപരിശോധിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് കത്തില്‍ ഉന്നയിച്ചത്. നീണ്ടകാലമായി കുറ്റപത്രം സമര്‍പ്പിക്കുകയോ വിചാരണ നടത്തുകയോ ചെയ്യാത്ത യു.എ.പി.എ കേസുകള്‍ അവസാനിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
രാഷ്ട്രീയ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, യുഎപിഎ കേസുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍ അവരുടെ സഹായികള്‍, കേസുകളില്‍ ജാമ്യത്തില്‍ ഇറങ്ങിയവര്‍ തുടങ്ങിയവരെ പോലീസ് ശല്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ജയിലുകളില്‍ തടവുകാരോടുള്ള വിവേചനവും മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും കത്തില്‍ ഉന്നയിക്കുന്നുണ്ട്.
കത്തിന്റെ പൂര്‍ണ രൂപം
ബഹുമാനപ്പെട്ട ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മുന്‍പാകെ,
വിഷയം: യു എ പി എ നിയമം ഉപയോഗിച്ചുകൊണ്ട് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നടപടി എടുക്കുന്നതിന് വേണ്ടി.
സര്‍,
പോട്ട, മിസ, ടാഡ തുടങ്ങിയ അനവധി ജനാധിപത്യവിരുദ്ധനിയമങ്ങള്‍ നമ്മുടെ രാജ്യത്ത് നിലവിലുണ്ടായിരുന്നു. അവയെല്ലാം അതാതു കാലഘട്ടങ്ങളിലെ സര്‍ക്കാറുകള്‍ ജനകീയ പ്രക്ഷോഭങ്ങള്‍ മുന്‍ നിര്‍ത്തി പിന്‍വലിക്കുകയായിരുന്നു.
2004 ല്‍ കോണ്‍ഗ്രസ് നേത്യത്ത്വതിലുള്ള യു.പി.എ മുന്നണിയുടെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം തന്നെ പോട്ട പിന്‍വലിക്കും എന്നായിരുന്നു. അധികാരത്തില്‍ എത്തിയ ശേഷം അത് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ യു.പി.എ സര്‍ക്കാരും പിന്നീട് എന്‍.ഡി.എ സര്‍ക്കാരും 1967 ല്‍ നിലവില്‍ വന്ന യു.എ.പി.എ എന്ന നിയമം ഭേദഗതി ചെയ്ത് ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വിരുദ്ധമായ രീതിയില്‍ അതിനെ രൂപപ്പെടുത്തി.
അതിനുശേഷം രാജ്യത്തെ ദേശസ്‌നേഹികളായ ഒട്ടനവധി വിദ്യാര്‍ത്ഥികളെ, മനുഷ്യാവകാശ പ്രവര്‍ത്തകരെ, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ, അധ്യാപകരെ, അഭിഭാഷകര്‍ അങ്ങനെ മറ്റു സാമൂഹിക രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് നീണ്ട കാലം ജാമ്യം നിഷേധിച്ചു കൊണ്ട് ജയിലില്‍ അടക്കുകയുണ്ടായി.
യുഎപിഎ നിയമത്തിന്റെ 38,39 സെക്ഷനുകള്‍ ഭേദഗതി ചെയ്ത് കൊണ്ട് അന്നത്തെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന പി. ചിദംബരം പറഞ്ഞത് മാവോയിസ്റ്റ് ആണെങ്കില്‍ പത്തു കൊല്ലം എങ്കിലും ജയിലില്‍ കിടക്കേണ്ടി വരും എന്നാണ്. അതുപോലെതന്നെ 2014 വ്യാജ കുറ്റാരോപിതനായി അറസ്റ്റ് ചെയ്യപ്പെട്ട 90 ശതമാനം ഡിസേബിള്‍ഡും രോഗിയുമായ ജിഎന്‍ സായിബാബ 10 കൊല്ലം ജയിലില്‍ കിടക്കുകയും പിന്നീട് സുപ്രീംകോടതി വെറുതെവിട്ട് ജയിലില്‍ നിന്ന് ഇറങ്ങിയശേഷം ആറുമാസത്തിനുള്ളില്‍ രോഗങ്ങള്‍ മൂര്‍ച്ഛിച്ച കാരണം അന്തരിക്കുകയും ചെയ്തു.
ബി.ജെ.പി സര്‍ക്കാര്‍ 2018ല്‍ രജിസ്റ്റര്‍ ചെയ്ത ഭീമാ ഗോറേഗാവ് കേസ്, 2020 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഡല്‍ഹി കലാപ കേസ് തുടങ്ങിയ കേസുകളുടെ പശ്ചാത്തലത്തില്‍ ഒട്ടനവധി നിരപരാധികള്‍ ഇന്നും വ്യാജ ആരോപണത്തിന്റെ പുറത്ത് ജയിലുകളില്‍ കിടക്കുകയും നീണ്ടകാലത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യം ലഭിചവര്‍ ശക്തമായ ജാമ്യവ്യവസ്ഥകള്‍ക്ക് വിധേയമായി ഉപജീവനമാര്‍ഗം പോലും മുടങ്ങി ജീവിച്ചു വരികയും ആണ്.
ഇതുപോലെ ഒരുപാട് കേസുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നു. കേരളവും ഇതിനെ ഒരു അപവാദമല്ല.
ഉമ്മര്‍ ഖാലിദ്, ശര്‍ജില്‍ ഇമാം തുടങ്ങിയവര്‍ അക്കാഡമിക് രംഗത്ത് ഒട്ടനവധി സംഭാവനകള്‍ നല്‍കേണ്ടിയിരുന്ന വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. എന്നാല്‍ യുഎപിഎ എന്ന ജനാധിപത്യവിരുദ്ധമായ നിയമം കാരണം അവര്‍ ഇന്നും ജയിലുകളില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
80 വയസ്സ് പ്രയമുള്ള ഫാദര്‍ സ്റ്റാന്‍ സ്വാമിയെ പോലുള്ള സമൂഹത്തിന് ഒട്ടനവധി നല്ല കാര്യങ്ങള്‍ ചെയ്ത ഒരു മനുഷ്യന്‍ ജയിലില്‍ വച്ച് മരണപ്പെടുന്ന സാഹചര്യമാണ് നമ്മുടെ രാജ്യത്ത്. ഒട്ടനവധി ആളുകള്‍ യു.എ.പി.എ നിയമം ചുമത്തപെട്ട് ദീര്‍ഘകാലം തടവില്‍ കഴിഞ്ഞ് ജയിലുകളില്‍ വച്ച് മരിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.
കേരളത്തില്‍ 2007 മുതല്‍ ആണ് യു.എ.പി.എ ചുമത്തി തുടങ്ങിയത്. പാനായിക്കുളം കേസിലും പിന്നീട് ‘പീപ്പിള്‍ മാര്‍ച്ച്’ എന്ന മാഗസിനിന്റെ പത്രധിപര്‍ ഗോവിന്ദന്‍ കുട്ടിക്കും എതിരെ ആണ് ആദ്യമായി ആ യു.എ.പി.എ ചുമത്തിയത്.
പിന്നീട് വന്ന എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാറുകളും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നേരെ പോസ്റ്റര്‍ ഒട്ടിച്ചു, നോട്ടീസ് വിതരണം ചെയ്തു, ജനകീയ സമരങ്ങളില്‍ പങ്കെടുത്തു, പുസ്തകങ്ങള്‍ കൈവശം വച്ചു, തെരഞ്ഞെടുപ്പ് ബഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തു തുടങ്ങിയ പല കാരണങ്ങള്‍ പറഞ്ഞു യു.എ.പി.എ ചുമത്തികൊണ്ടേയിരുന്നു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിത്യസ്തമായി കാര്യമായ ക്രമസമാധാനപ്രശ്‌നം ഇല്ലാത്ത സംസ്ഥാനമായിട്ടും ഇന്ത്യയില്‍ ഏറ്റവും അധികം യു.എ.പി.എ കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് കേരളത്തിലാണ്.
എന്നാല്‍ കേരളത്തിലെ ഭൂരിപക്ഷം കേസുകളിലും ഇപ്പോഴും വിചാരണ പോയിട്ട് കുറ്റപത്രം പോലും സമര്‍പ്പിക്കാന്‍ കേരള പോലീസിന് കഴിഞ്ഞിട്ടില്ല. രണ്ടാമത്തെ യു.എ.പി.എ കേസ് ആയ’പീപ്പിള്‍ മാര്‍ച്ച്’ എന്ന മാഗസിനിന്റെ പത്രധിപര്‍ ഗോവിന്ദന്‍ കുട്ടിക്ക് എതിരെ 20 വര്‍ഷത്തിന് ശേഷവും കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. എന്‍.ഐ.എ കേസുകള്‍ ഒഴികെ ഉള്ള വിചാരണ നടന്ന നമ്മുടെ അറിവില്‍ ഉള്ള എല്ലാ കേസുകളിലും പ്രതികളെ വെറുതെ വിടുന്ന സാഹചര്യം ആണ് ഉണ്ടായത്. കേരളത്തിലെ ആദ്യ യു.എ.പി.എ കേസായ പാനായിക്കുളം കേസ് പോലും എന്‍.ഐ.എ ഏറ്റെടുത്തെങ്കിലും വെറുതെ വിടുകകയാണ് പിന്നീട് ഉണ്ടായത്.
ദേശീയ തലത്തിലെന്നപോലെ കേരളത്തിലും ആളുകളെ നീണ്ട കാലം ജാമ്യം ഇല്ലാതെ ജയിലില്‍ ഇടുന്നു. എന്നാല്‍ യു.എ.പി.എയുടെ ശിക്ഷാ നിരക്ക് കുറവാണ്. അത് സൂചിപ്പിക്കുന്നത് തന്നെ ആ നിയമം എത്രത്തോളം ദുര്‍വിനിയോഗം ചെയ്യപ്പെടുന്നു എന്നും നീതി രഹിതമാണ് എന്നുമാണ്. കഴിഞ്ഞ 10 വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണ കാലത്താണ് ഏറ്റവും കൂടുതല്‍ യു.എ.പി.എ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേരളത്തിലെ ജയിലുകളില്‍ യു.എ.പി.എ കേസുകളില്‍ കഴിയുന്നവരെ ഉപദ്രവിക്കുകയും മര്‍ദ്ദിക്കുകയും അന്യായമായി പൂട്ടി ഇടുന്ന സാഹചര്യവും ഉണ്ട്. കോടതി വിധികള്‍ പോലും കാറ്റില്‍ പറത്തി വലിയ തോതിലുള്ള മനുഷ്യാവകാശ ധ്വംസനം ജയിലുകളില്‍ നടക്കുന്നുണ്ട്. ചികിത്സ, വിദ്യാഭ്യാസം, തൊഴില്‍, വേതനം തുടങ്ങിയവ നിഷേധിക്കപ്പെടുന്നു.
പോലീസ് പ്രത്യേകിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച്, എ.ടി.എസ് പോലെയുള്ള വിഭാഗങ്ങള്‍ വളരെ മോശമായ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍,മനുഷ്യാവകാശ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, യുഎപിഎ കേസുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍ അവരുടെ സഹായികള്‍ തുടങ്ങിയവരെ വീട്ടില്‍ ഉള്‍പ്പെടെ ചെന്ന് ശല്യം ചെയ്യുകയും ഒരു ജനാധിപത്യ രീതിക്കും നിരക്കാത്ത തരത്തില്‍ ഉപദ്രവിക്കുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള അനുഭവങ്ങളുടെയും സംഭവങ്ങളുടെയും വസ്തുതകളുടെയും വെളിച്ചത്തില്‍ ഞങ്ങള്‍ സര്‍ക്കാറിന് മുമ്പില്‍ ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ്.
രാഷ്ട്രീയ പ്രചരണത്തിന്റെ പേരില്‍, നിരോധിത സംഘടനകളുടെ നോട്ടീസോ, ലഖുലേഖകളോ കൈവശം കണ്ടെത്തി എന്ന ആരോപണത്തിന്റെ പേരില്‍ യുഎപിഎ ചുമത്തുന്ന രീതി പുനഃപരിശോധിക്കണം.
മതിയായ വിചാരണാനുമതി ഇല്ലാതെ പ്രതികള്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട കേസുകളില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള തീരുമാനം പുനപരിശോധിക്കപെടണം.
സര്‍ക്കാറിനും ജനങ്ങള്‍ക്കും സാമ്പത്തിക ഭാരം ഉണ്ടാക്കുന്ന നിലവില്‍ വിചാരണ നടത്തി കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി പ്രതികളെ വെറുതെ വിട്ട കേസ്സുകള്‍ക്ക് സമാനമായ സംഭവങ്ങളുള്ള കേസുകള്‍ അവസാനിപ്പിക്കണം.
നീണ്ടകാലമായി കുറ്റപത്രം സമര്‍പ്പിക്കുകയോ വിചാരണ നടത്തുകയോ ചെയ്യാത്ത യുഎപിഎ കേസുകള്‍ അവസാനിപ്പിക്കണം.
രാഷ്ട്രീയ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, യുഎപിഎ കേസുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍ അവരുടെ സഹായികള്‍, കേസുകളില്‍ ജാമ്യത്തില്‍ ഇറങ്ങിയവര്‍ തുടങ്ങിയവരെ പോലീസ് ശല്യം ചെയ്യുന്നത് അവസാനിപ്പിക്കുക.
ജയിലുകളില്‍ തടവുകാരോടുള്ള വിവേചനവും മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കുക. പരിഷ്‌ക്കരണം എന്ന സര്‍ക്കാര്‍ കാഴ്ച്ചപ്പാട് നാടപ്പിലാകുന്നുണ്ട് എന്ന ഉറപ്പ് വരുത്തി അതിനെതിരായി ഇത്തരം വിവേചനപരവും മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്ന ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുക.
ഈ ആവശ്യങ്ങളില്‍ നീതിയുക്തവും ഉചിതമായ നടപടികള്‍ കൈ കൊള്ളണമെന്ന് പ്രതീക്ഷയോടെ അഭ്യര്‍ഥിക്കുന്നു.
Content Highlight: Allan and Thaha Met Home Minister Rameesh Chennithala and Submit Letter Demanding to stop Misuse of UAPA