സ്വകാര്യ സ്ഥലത്ത് നിസ്‌കരിച്ചവരെ കസ്റ്റഡിയിലെടുത്തു: ബറേലി എസ്.പിക്ക് അലഹബാദ് ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
India
സ്വകാര്യ സ്ഥലത്ത് നിസ്‌കരിച്ചവരെ കസ്റ്റഡിയിലെടുത്തു: ബറേലി എസ്.പിക്ക് അലഹബാദ് ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
അനിത സി
Wednesday, 18th February 2026, 3:20 pm

ലഖ്‌നൗ: സ്വകാര്യസ്ഥലങ്ങളില്‍ പ്രാര്‍ത്ഥനായോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന് അനുമതി ആവശ്യമില്ലെന്ന കോടതി ഉത്തരവ് ലംഘിച്ച ബറേലി ജില്ലാ മജിസ്‌ട്രേറ്റിനും എസ്.പിക്കും കോടതിയലക്ഷ്യ നോട്ടീസ്. അലഹാബാദ് കോടതിയുടെ ഇടപെടലിലാണ് നോട്ടീസയച്ചിരിക്കുന്നത്.

ജനുവരിയില്‍ മുഹമ്മദ്ഗഞ്ച് ഗ്രാമത്തില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നിസ്‌കരിച്ചതിന് ഒരു കൂട്ടം യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ സംഭവം, മറ്റൊരു കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കോടതി സ്വമേധയാ ഇടപെട്ടത്.

റംസാന്‍ വരുന്നതിന് മുന്നോടിയായി സ്വകാര്യ സ്ഥലത്ത് നിസ്‌കരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് താരിഖ് ഖാന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി നടപടിയെടുത്തത്.

മുന്‍കൂര്‍ അനുമതി തേടി ഹരജി സമര്‍പ്പിച്ചത് എന്തിനാണെന്ന് ചോദിച്ച കോടതിയെ, ജനുവരിയില്‍ നടന്ന സംഭവം ഹരജിക്കാരന്‍ ബോധിപ്പിക്കുകയായിരുന്നു.

കോടതി സ്വകാര്യ സ്ഥലത്ത് മുന്‍കൂട്ടി അനുമതി തേടാതെ നിസ്‌കരിക്കാമെന്ന ഉത്തരവ് പുറപ്പെടുവിച്ച ജനുവരിയില്‍ ഹരജിക്കാരനായ താരിഖ് ഖാന്‍ ഉള്‍പ്പടെയുള്ളവരെ കൂട്ടം ചേര്‍ന്ന് നിസ്‌കരിച്ചതിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അതുകൊണ്ടാണ് റംസാന്‍ മാസത്തില്‍ തന്റെ സ്വകാര്യ സ്ഥലത്ത് കൂട്ടം ചേര്‍ന്ന് നിസ്‌കരിക്കാനും മതപരമായ പ്രാര്‍ത്ഥനകള്‍ നടത്താനും അനുമതി തേടിയതെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു.

തുടര്‍ന്നാണ് കോടതിയലക്ഷ്യ നിയമപ്രകാരം ജില്ലാ മജിസ്‌ട്രേറ്റിനും എസ്.പിക്കും നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഹരജിക്കാരനെതിരായി സ്വീകരിച്ച നിര്‍ബന്ധിത നിയമനടപടികള്‍ സ്റ്റേ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. മാര്‍ച്ച് 11ന് കേസില്‍ കൂടുതല്‍ വാദം കേള്‍ക്കും.

ജനുവരി 27ന് കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സ്വകാര്യ സ്ഥലത്ത് പ്രാര്‍ത്ഥനാ യോഗം ചേരാനോ മതപരമായ സമ്മേളനം നടത്താനോ സര്‍ക്കാരിന്റെ അനുമതി തേടേണ്ടതില്ല. ആവശ്യമെങ്കില്‍ മതിയായ സംരക്ഷണം നല്‍കാനും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

Content Highlight: Allahabad High Court issues contempt notice to Bareilly SP and DM

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍