ഉത്തര്‍പ്രദേശ്: പ്രയാഗ്‌രാജിലെ രാം ജാനകി ക്ഷേത്ര പരിസരത്തെ അനധികൃത നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള പൊതുതാത്പര്യ ഹരജി തള്ളി അലഹാബാദ് ഹൈക്കോടതി.
സ്വകാര്യ , സര്‍ക്കാരിതര സ്വത്തുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് അരുണ്‍ ബന്‍സാലിയും ജസ്റ്റിസ് ക്ഷിജിത് ശൈലേന്ദ്രയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
പ്രയാഗ്‌രാജ് ജില്ലയിലെ ശങ്കര്‍ഗഡ് സദര്‍ബസാറില്‍ സ്ഥിതിചെയ്യുന്ന രാംജാനകി ക്ഷേത്രത്തിന് 200 വര്‍ഷത്തെ പഴക്കമുണ്ട്. റവന്യൂ രേഖകള്‍ പ്രകാരം ഇത് മഹേന്ദ്രപ്രതാപ് സിങ്ങിന്റെ സ്വകാര്യ സ്വത്തിലാണ്. പൊതുതാത്പര്യ ഹരജിയില്‍ പ്രതി ചേര്‍ത്തതോടൊപ്പം സിങ്ങിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പൊതുതാത്പര്യ ഹരജിയില്‍ ഹരജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
‘സ്വകാര്യ, സര്‍ക്കാരിതര സ്വത്തുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കുന്നതിനായി പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. അതിനാല്‍ കേസ് തള്ളുന്നു,’ ഘനശ്യാം പ്രസാദ് കേസര്‍വാനി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി തള്ളിക്കൊണ്ട് അലഹബാദ് ഹൈക്കോടതി പറഞ്ഞു.
ഇത് സര്‍ക്കാര്‍ സ്വത്താണെന്ന് തെളിയിക്കാന്‍ ഹരജിക്കാരന് കഴിഞ്ഞിട്ടില്ല. ഹരജിക്കാരന് നിയമപ്രകാരമുള്ള മറ്റ് നടപടികള്‍ സ്വീകരിക്കാന്‍ അവകാശമുണ്ടെും കോടതി കൂട്ടിച്ചേര്‍ത്തു.
പ്രയാഗ്‌രാജ് കമ്മീഷണര്‍, മതകാര്യ വിഭാഗം പ്രിന്‍സിപ്പള്‍ സെക്രട്ടറി, ജില്ലാ മജിസ്‌ട്രേററ്, ശങ്കര്‍നഗര്‍ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരെ ഹരജിയില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.