‘ആകാശത്തിലേക്ക് നോക്കി, ഉരുണ്ടു കൂടിയ കാര്‍മേഘത്തില്‍ നിന്ന് മഴത്തുള്ളികള്‍ മണ്ണില്‍ പതിച്ചു. വിതച്ച വിത്തുകള്‍ക്ക് ജീവന്‍ മുളച്ചു. മുളപൊട്ടി പുറത്തു വന്നത് സ്വപ്‌നങ്ങളായിരുന്നു.’
‘വിശപ്പ് മാറാന്‍ എന്തും കഴിച്ചു നടന്ന ജീവി പിന്നീട് അവനു വേണ്ടത് ഉല്‍പാദിപ്പിച്ചു. അത് പങ്കുവെച്ചു. സംസ്‌കാരമായി. ജീവന്‍ ജീവിതമായി മാറി.’
എറണാകുളം ദര്‍ബാര്‍ ഹാളില്‍ ആരംഭിച്ച അഖില്‍ മോഹന്റെ all that remains is the line and the grain എന്ന ചിത്ര പ്രദര്‍ശനത്തില്‍ മനുഷ്യ വംശത്തിന്റെ മഹാചരിത്രം വരകളായി നിറഞ്ഞു നില്‍ക്കുകയാണ്.

എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശമായ രാമമംഗലം എന്ന ഗ്രാമത്തില്‍ ജനിച്ച അഖില്‍ തന്റെ ചുറ്റുപാടുകളില്‍ നിന്ന് അനുഭവിച്ചതും ആര്‍ജ്ജിച്ചതുമായ കാര്‍ഷിക സംസ്‌കാരത്തിന്റെ, അറിവിന്റെ തുടര്‍ച്ചയാണ് അദ്ദേഹത്തിന്റെ വരകളായി രൂപാന്തരപ്പെട്ടത്.
കലാപഠനകാലത്ത് നിന്ന് തുടരുന്ന കലാ പ്രവര്‍ത്തനത്തില്‍ മണ്ണും, ധാന്യങ്ങളും, വിളകളും, അതിന്റെ ചരിത്രപരതയും കാന്‍വാസില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു കാഴ്ചക്കാരന്റെ ചിത്രങ്ങളല്ല അഖില്‍ വരയ്ക്കുന്നത്. കാഴ്ചയ്ക്കപ്പുറം മണ്ണില്‍ പണിയെടുത്ത്‌കൊണ്ട് മണ്ണിനേം മനുഷ്യനെയും പ്രകൃതിയെയും അറിയുക എന്ന ഒരു അന്വേഷിയുടെ ധ്യാനാത്മകതയാണ് കാന്‍വാസില്‍ തെളിയുന്നത്. അതുകൊണ്ട് തന്നെ പാട വരമ്പുകളിലൂടെ സൂക്ഷ്മമായി നടക്കുന്നത് പോലെയുള്ള വരകളിലൂടെയാണ് അദ്ദേഹത്തിന്റെ സഞ്ചാരം.
മണ്ണും – മനുഷ്യനും
മനുഷ്യ സംസ്‌കാരത്തിന്റെ പ്രത്യേക ഘട്ടമാണ് തന്റെ ഭക്ഷണാവശ്യങ്ങള്‍ക്കായുള്ള ഉല്‍പാദനത്തിന്റെ ആരംഭം. ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനവും ശേഖരണവും പുതിയ സംസ്‌ക്കാരത്തിന്റെ രൂപീകരണങ്ങളിലെത്തി.

കാലാവസ്ഥയും മറ്റ് പ്രതിസന്ധികളും മറികടക്കാന്‍ ജലസേചനമടക്കമുള്ള കണ്ടുപിടുത്തങ്ങളിലേക്ക് നയിച്ചു. ഇങ്ങനെ രൂപീകരിക്കപ്പെട്ട സാമൂഹിക ജീവിതത്തിന്റെ തുടര്‍ച്ചയില്‍ ഇന്ന് കാണുന്ന ആധുനിക സമൂഹികാവസ്ഥയിലേക്ക് എത്തുമ്പോഴും മണ്ണും മനുഷ്യനും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധം തുടരുകയാണ്.
ഇതില്‍ നിന്നാണ് അഖിലിന്റെ ചിത്രങ്ങളുടെ ആദ്യ വായന ആരംഭിക്കാനാവുക. കാരണം അദ്ദേഹം കൃഷിയുടെ കാഴ്ച്ചക്കാരന്‍ മാത്രമല്ല അതില്‍ ഇടപെടുന്ന വ്യക്തി കൂടിയാണ്.
സൂക്ഷ്മതയുടെ വരകള്‍
കടും നിറങ്ങളുടെയോ ശക്തമായ സ്‌ട്രോക്കുകളുടെയോ രൂപങ്ങളല്ല മറിച്ച് പെന്‍സിലിന്റെ സൂക്ഷ്മ വരകളില്‍ നിന്നാണ് ചിത്രങ്ങള്‍ തെളിയുന്നത് . ധാന്യങ്ങള്‍ സൂക്ഷ്മമായി വരയ്ക്കുന്ന ചിത്രകാരന്‍ സംസ്‌കൃതിയുടെ ചരിത്രത്തിന്റെ ആഴം ധ്യാനാത്മകമായി അറിയുകയാണ്.



