സര്‍വകക്ഷി യോഗം വിളിക്കണം; എന്നാല്‍ പ്രധാനമന്ത്രിയുണ്ടെങ്കില്‍ മാത്രമേ പാര്‍ട്ടികള്‍ പങ്കെടുക്കാവൂ: കപില്‍ സിബല്‍
national news
സര്‍വകക്ഷി യോഗം വിളിക്കണം; എന്നാല്‍ പ്രധാനമന്ത്രിയുണ്ടെങ്കില്‍ മാത്രമേ പാര്‍ട്ടികള്‍ പങ്കെടുക്കാവൂ: കപില്‍ സിബല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th May 2025, 3:29 pm

ന്യൂദല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യസഭ എം.പിയും അഭിഭാഷകനുമായ കപില്‍ സിബല്‍. എന്നാല്‍ യോഗം സംഘടിപ്പിച്ചാലും പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കുമെന്ന് ഉറപ്പ് കിട്ടിയാല്‍ മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കാളിയാകാവൂ എന്നും കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു. ഇതിന് പുറമെ പാര്‍ലമെന്റില്‍ പ്രത്യേക സമ്മേളനം സംഘടിപ്പിക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

ഓപ്പറേഷന്‍ സിന്ദൂറിന്റെ തുടക്കത്തില്‍ വിളിച്ച് ചേര്‍ത്ത ആദ്യ സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കണമെന്ന് ജയറാം രമേശ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടങ്കിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. ഇതിനെതിരെ സിപി.ഐ.എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും വിമര്‍ശനമുന്നയിച്ചിരുന്നു.

ഈ സമയത്ത് മന്‍മോഹന്‍ സിങ് ആയിരുന്നു പ്രധാനമന്ത്രിയെങ്കില്‍ ഉറപ്പായും സര്‍വകക്ഷി യോഗം വിളിച്ച് അതില്‍ പങ്കെടുക്കുമായിരുന്നെന്നും പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കുമായിരുന്നെന്നും കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യ-പാക് വെടിനിര്‍ത്തലിലെ അമേരിക്കയുടെ പങ്കിനെപ്പറ്റി അവകാശപ്പെടുന്ന ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനേയും സിബല്‍ വാര്‍ത്ത സമ്മേളനത്തില്‍ ചോദ്യം ചെയ്തു.

‘ഈ ട്വീറ്റ് കുറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞത് കഴിഞ്ഞ 48 മണിക്കൂറായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നാണ്. എന്താണ് സംഭവിച്ചത്, എപ്പോഴാണ്, എങ്ങനെയാണ് എന്നതിനെപ്പറ്റിയുള്ള ഒരു വിവരവും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ഒരു ന്യൂട്രല്‍ സ്‌റ്റേറ്റില്‍ മീറ്റിങ്ങ് നടത്തുമെന്നാണ് അവര്‍ പറയുന്നത്. ചൈനീസ് വിദേശകാര്യമന്ത്രിയായ വാങ് യീയും ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത്ത് ഡോവലിനോട് സംസാരിച്ചിട്ടുണ്ട്.

എന്നിരുന്നാലും ഇത്തരമൊരു സാഹചര്യത്തില്‍ വിമര്‍ശനത്തിന് സമയമില്ലെന്നും ഒരു സര്‍വകക്ഷി യോഗവും പ്രത്യേക പാര്‍ലമെന്റ് സമ്മേളനവും വിളിക്കണമെന്ന് മാത്രമെ തങ്ങള്‍ ആഗ്രഹിക്കുന്നുള്ളുവെന്നും കപില്‍ സിബല്‍ പറഞ്ഞു. ‘പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നതുവരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും യോഗത്തില്‍ പങ്കെടുക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ കപില്‍ സിബല്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ എം.പിമാര്‍ക്ക് മണ്‍സൂണ്‍ സമ്മേളനം വരെ കാത്തിരിക്കാന്‍ സാധിക്കില്ലെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

മെയ് എട്ടിന് ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രിക്ക് പകരം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങായിരുന്നു അധ്യക്ഷത വഹിച്ചത്. അന്നത്തെ യോഗത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിന് പ്രതിപക്ഷം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

രാജ്നാഥ് സിങ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ആരോഗ്യ മന്ത്രി ജെ.പി. നദ്ദ എന്നിവരാണ് പങ്കെടുത്തത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ പങ്കെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പകരം പ്രധാനമന്ത്രിയുടെ സന്ദേശം യോഗത്തില്‍ വായിക്കുകയാണുണ്ടായത്.

Content Highlight: All-party meet should be called; but parties should attend only if PM is present: Kapil Sibal