ഈ വര്‍ഷം ഐ.എസ്.എല്‍ മത്സരങ്ങള്‍ നടക്കുമെന്ന് വ്യക്തമാക്കി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്). എ.ഐ.എഫ്.എഫ് അധ്യക്ഷന്‍ കല്യാണ്‍ ചൗബേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐ.എസ്.എല്‍ ക്ലബ്ബുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തത്.
സൂപ്പര്‍ കപ്പിന് ശേഷമായിരിക്കും ടൂര്‍ണമെന്റ് നടക്കുക എന്നാണ് വിവരം. എന്നാല്‍ ഐ.എസ്.എല്‍ ഏത് തീയ്യതികളില്‍ നടക്കും എന്നതിനെ സംബന്ധിച്ച് തീരുമാനമായിട്ടില്ല.
ഈ ഡിസംബറോടെ 15 വര്‍ഷത്തെ കരാര്‍ അവസാനിക്കുന്നതിനാല്‍ ഈ വര്‍ഷം ഐ.എസ്.എല്‍ നടത്താന്‍ സാധിക്കില്ല എന്നായിരുന്നു ഫെഡറേഷന്റെ നിലപാട്. ഇത് വലിയ പ്രതിസന്ധിയിലേക്കാണ് ക്ലബ്ബുകളെ കൊണ്ടുചെന്നെത്തിച്ചത്. ഇതോടെ ബെംഗളൂരു എഫ്.സി പോലുള്ള ടീമുകള്‍ താരങ്ങളുടെ ശമ്പളം പോലും നിര്‍ത്തിവെക്കുന്ന സാഹചര്യങ്ങളിലേക്ക് കാര്യങ്ങളെത്തിയിരുന്നു.
ഈ വിഷയത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എ.ഐ.എഫ്.എഫ് ഐ.എസ്.എല്‍ ക്ലബ്ബുകളുമായി യോഗം വിളിച്ചുചേര്‍ത്തത്. ടൂര്‍ണമെന്റിലെ എല്ലാ ക്ലബ്ബുകളും യോഗത്തിന്റെ ഭാഗമായി എന്നാണ് കല്യാണ്‍ ചൗബേ അറിയിക്കുന്നത്. രണ്ട് ക്ലബ്ബുകള്‍ വെര്‍ച്വലായാണ് പങ്കെടുത്തത്.
ഐ.സ്.എല്ലും സൂപ്പര്‍ കപ്പും ഈ വര്‍ഷം നടക്കുമെന്ന് തീരുമാനമെടുത്തെങ്കിലും തീയ്യതികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. സുപ്രീം കോടതി ഉത്തരവിന് ശേഷം മാത്രമേ പുതിയ കരാറിലേര്‍പ്പെടാന്‍ ഫെഡറേഷന് സാധിക്കൂ. കോടതി തീരുമാനിച്ചതിന് ശേഷമായിരിക്കും ടൂര്‍ണമെന്റിന്റെ തീയ്യതി പ്രഖ്യാപിക്കുക.
ഈ മാസം നടക്കുന്ന കാഫ (സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍) ടൂര്‍ണമെന്റിനാണ് ഇന്ത്യന്‍ ടീം നിലവില്‍ പ്രധാന്യം നല്‍കുന്നത്. ഈ മാസം 29 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെയാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. എന്നിരുന്നാലും ഐ.എസ്.എല്‍ നടക്കുമെന്ന നിലയില്‍ മുന്നൊരുക്കങ്ങളുമായി മുമ്പോട്ട് പോകാനാണ് യോഗത്തില്‍ ടീമുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
കാഫ നേഷന്‍സ് കപ്പില്‍ ഗ്രൂപ്പ് ബി-യിലാണ് ഇന്ത്യ ഇടം നേടിയിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, താജിക്കിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഈ മാസം 29നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഹിസോര്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ താജിക്കിസ്ഥാനാണ് എതിരാളികള്‍.
Content Highlight: All India Football Federation confirms that ISL matches will be held this year