ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യക്ക് അന്ത്യം കുറിക്കാന്‍ മാനവികത കൈമോശം വരാത്ത മനുഷ്യരാകെ ഒരുമിച്ച് സ്വരമുയര്‍ത്തണം: പിണറായി വിജയന്‍
Kerala News
ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യക്ക് അന്ത്യം കുറിക്കാന്‍ മാനവികത കൈമോശം വരാത്ത മനുഷ്യരാകെ ഒരുമിച്ച് സ്വരമുയര്‍ത്തണം: പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st May 2025, 3:35 pm

തിരുവനന്തപുരം: ഫലസ്തീനിലെ ജനങ്ങള്‍ക്ക് വേണ്ടി വീണ്ടും ശബ്ദമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം ഗസയിലെ ദുരവസ്ഥ കാണിച്ച് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഗസയില്‍ നിന്നും എത്തുന്നത് ഹൃദയഭേദകമായ വാര്‍ത്തകളാണെന്നും ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന ക്രൂരതയ്ക്ക് അന്ത്യം കുറിക്കാന്‍ മാനവികത കൈമോശം വരാത്ത മനുഷ്യരാകെ ഒരുമിച്ച് സ്വരമുയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണം അവസാനിപ്പിക്കാനും ഫലസ്തീന്‍ ജനതയുടെ ജീവിതം സാധാരണനിലയിലേക്ക് കൊണ്ടുവരാനും ഇസ്രഈലിന്‌മേല്‍ സമ്മര്‍ദം ചെലുത്താന്‍ ലോകം ഒന്നിക്കണമെന്നും ഈ ക്രൂരത ഇനിയും തുടരാന്‍ അനുവദിച്ചുകൂടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അടിയന്തസഹായങ്ങള്‍ എത്തിച്ചില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ 14000ലധികം കുഞ്ഞുങ്ങള്‍ മരണപ്പെടുമെന്നാണ് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നല്‍കിയിട്ടുള്ളതെന്നും ഇസ്രഈല്‍ ഏര്‍പ്പെടുത്തിയ ഉപരോധം കാരണം ഭക്ഷണവും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ ഇല്ലാതെ അവര്‍ ദുരിതം അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ മാസം മാത്രം 2000ലധികം ഫലസ്തീനികളാണ് കൊല ചെയ്യപ്പെട്ടതെന്നും കഴിഞ്ഞ രണ്ടു ദിവസം മാത്രം 200ലധികം പേര്‍ മരണപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിയന്തര സഹായമെത്തിയില്ലെങ്കില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ഗസയില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ തലവന്‍ ടോം ഫ്‌ലെച്ചര്‍ മുന്നറിയിപ്പ് നടത്തിയിരുന്നു. ബി.ബി.സിയുടെ റേഡിയോ 4 ന്റെ ടുഡേയ്സ് പ്രോഗ്രാമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസയിലേക്ക് ഇസ്രഈല്‍ വളരെ തുച്ഛമായ അളവില്‍ മാത്രമാണ് മാനുഷിക സഹായം അനുവദിക്കുന്നതെന്ന് ടോം ഫ്‌ലെച്ചര്‍ പറഞ്ഞിരുന്നു.

ഗസയില്‍ അടിയന്തര സഹായമെത്തിയില്ലെങ്കില്‍ ക്ഷാമം ഉണ്ടാകുമെന്ന അന്താരാഷ്ട്ര സമ്മര്‍ദ്ദം കാരണം 11 ആഴ്ചയായി ഇസ്രഈല്‍ തടഞ്ഞുവെച്ച മാനുഷിക സഹായങ്ങള്‍ അതിര്‍ത്തി കടത്തിവിടാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ നിര്‍ബന്ധിതനായിയെന്നും ടോം ഫ്‌ലെച്ചര്‍ പറഞ്ഞിരുന്നു. എങ്കിലും വളരെ കുറഞ്ഞ അളവിലുള്ള സഹായം മാത്രമേ ഗസയിലേക്ക് എത്തുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൃത്യസമയത്ത് സഹായം എത്തിയില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്നും അടുത്ത 48 മണിക്കൂറിനുള്ളില്‍ സഹായം എത്തിയില്ലെങ്കില്‍ ഏകദേശം 14,000 കുഞ്ഞുങ്ങള്‍ മരണപ്പെടും. പരമാവധി കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും ടോം ഫ്‌ലെച്ചര്‍ പറഞ്ഞിരുന്നു.

Content Highlight: All human beings who have not lost their humanity should raise their voices together to put an end to the genocide being perpetrated by Israel in Palestine: Pinarayi Vijayan