പാറ്റ്‌ന: സനാതന ധര്‍മത്തെ സംരക്ഷിക്കാന്‍ ഹിന്ദുമത വിശ്വാസികളെല്ലാം ഗോത്രനാമം സ്വന്തം പേരിനോടു ചേര്‍ക്കണമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. ഗോത്രനാമം ചേര്‍ത്ത് തന്റെ പേര് ശാണ്ഡില്യ ഗിരിരാജ് സിംഗ് എന്നു മാറ്റിയതിനു ശേഷമാണ് മന്ത്രിയുടെ പ്രസ്താവന.
ബീഹാറില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവായ ഗിരിരാജ് സിംഗ്, ട്വിറ്റര്‍ വഴിയാണ് തന്റെ പേരുമാറ്റത്തിന്റെ വിവരവും, ഒപ്പം സനാതന ധര്‍മത്തെ സംരക്ഷിക്കാനുള്ള ആഹ്വാനവും പുറത്തുവിട്ടത്. തന്നെപ്പോലെ എല്ലാ ഹിന്ദുക്കളും ഈ ദൗത്യം ഏറ്റെടുക്കണമെന്നായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.
“രാജ്യം സുരക്ഷിതമായിരിക്കണമെങ്കില്‍, സനാതന ധര്‍മത്തെ സംരക്ഷിക്കേണ്ടതുണ്ട്. സനാതന ധര്‍മത്തിന്റെ സുരക്ഷയുറപ്പാക്കാന്‍, സന്യാസിമാരും യോഗികളും പിന്തുടര്‍ന്നിരുന്ന പാതയിലൂടെത്തന്നെ സഞ്ചരിക്കേണ്ടതുമുണ്ട്. എല്ലാവരും അത്തരത്തില്‍ അവരവരുടെ ഗോത്രങ്ങളെ ചേര്‍ത്തു പിടിക്കേണ്ടത് അത്യാവശ്യമാണ്” ഗിരിരാജ് സിംഗ് പറയുന്നു.
ഇന്നു മുതല്‍ തന്റെ പേരു മാറ്റാനാണ് തീരുമാനമെന്നും, എല്ലാ സനാതനികളും തന്നെപ്പോലെ ഗോത്രനാമങ്ങള്‍ പേരിനോടു ചേര്‍ക്കണമെന്നും മന്ത്രി പറയുന്നു. വ്യവസായ സംരംഭ വകുപ്പു കൈകാര്യം ചെയ്യുന്ന, സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയാണ് ഗിരിരാജ് സിംഗ്.
