എല്ലാ പുരസ്‌കാരങ്ങൾക്കും മൂല്യമുണ്ട്; ഞാനിനിയും ചോദ്യങ്ങൾ ചോദിക്കും: ഉർവശി
Malayalam Cinema
എല്ലാ പുരസ്‌കാരങ്ങൾക്കും മൂല്യമുണ്ട്; ഞാനിനിയും ചോദ്യങ്ങൾ ചോദിക്കും: ഉർവശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th September 2025, 2:06 pm

മലയാള സിനിമയിലെ അഭിനേത്രിയാണ് ഉർവശി. തെന്നിന്ത്യയിൽ തന്നെ ഉർവശിക്ക് പകരക്കാരുണ്ടാകില്ല എന്ന് വേണം പറയാൻ. ആറ് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇവർ നേടിയിട്ടുണ്ട്.

ഈ വർഷത്തെയും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉർവശി സ്വന്തമാക്കിയിരുന്നു. എന്നാൽ അവാർഡിനെ വിമർശിച്ച് ഉർവശി രം​ഗത്ത് എത്തിയിരുന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടും സഹനടിക്കുള്ള പുരസ്കാരത്തിനാണ് നടി അർഹയായത്. ഇതിനെതിരെയാണ് ഉർവശി രം​ഗത്ത് എത്തിയത്.

‘എല്ലാ പുരസ്‌കാരങ്ങൾക്കും അതിന്റേതായ മൂല്യമുണ്ട്. ഞാൻ എനിക്ക് കിട്ടിയതിൽ അതൃപ്തി അല്ല പറഞ്ഞത്. ഒരു ജൂറിയിൽ നിന്നും നീതി പൂർവ്വമായ ഒരു വിധി ഉണ്ടാവണം. അതാണല്ലോ സർക്കാർ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്നത്. ഞാൻ പറഞ്ഞില്ലെങ്കിൽ എനിക്ക് പുറകേ വരുന്നവർക്ക് ഒരു പ്രോത്സാഹന സമ്മാനം പോലും കിട്ടാതെ വരും. അതിനി ഉണ്ടാകാതിരിക്കാൻ ഓർമപ്പെടുത്തി എന്നേയുള്ളു. അല്ലാതെ ഒരിക്കലും അത് സ്വീകരിക്കില്ലെന്നോ അത് അതൃപ്തിയായെന്നോ അല്ല.

കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെ കാറ്റഗറൈസ് ചെയ്യുമ്പോൾ സപ്പോർട്ടിങ് ആക്ടേഴ്‌സിന് എന്താണ് പ്രതീക്ഷ. അതുകൊണ്ടാണ് ജൂറിയോട് ഈ ചോദ്യം. ഞാനിനിയും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും,’ ഉർവശി പറയുന്നു.

ഇത് ആദ്യ തവണയല്ല നടക്കുന്നതെന്നും ഉത്തരേന്ത്യൻ ജൂറികളിൽ ഇത് കുറച്ച് കാലമായിട്ട് നടക്കുന്നുണ്ടെന്നും ഉർവശി കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് തനിക്ക് ചോദിക്കേണ്ടി വന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഫ്‌ളവേഴ്‌സ് ചാനലിൽ സംസാരിക്കുകയായിരുന്നു ഉർവശി.

ഒരു അവാർഡ് എന്തിന് വേണ്ടി, എന്ത് മാനദണ്ഡത്തിലാണ് കൊടുക്കുന്നത് എന്ന് വ്യക്തമാക്കണമെന്നും അല്ലാതെ തോന്നിയതുപോലെ കൊടുക്കും എന്നുപറഞ്ഞാൽ സമ്മതിക്കില്ലെന്നും ഉർവശി പറഞ്ഞിരുന്നു. അവാർഡിനൊരു ന്യായം ഉണ്ടെന്നും ഇത്രയും വർഷമായിട്ട് സിനിമയിലാണ് നിൽക്കുന്നതെന്നും എന്തുകൊണ്ട് മികച്ച നടി എന്നത് ഷെയർ ചെയ്തില്ലെന്നും ഉർവശി ചോദിച്ചിരുന്നു.

Content Highlight: All awards have value; I will still ask questions says Urvashi