ന്യൂദല്‍ഹി: പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ മൂന്ന് ഭീകരരെ ഇന്നലെ (ജൂലൈ 28,2025) നടത്തിയ ഓപ്പറേഷന്‍ മഹാദേവില്‍ വധിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്‌സഭയില്‍ നടന്ന ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചക്കിടെയാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.
ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സുലൈമാനും, അഫ്ഗാന്‍, ജിബ്രാന്‍ എന്നിവരുമാണ് കൊല്ലപ്പെട്ടത്. മൂവരും ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികളാണെന്ന് അമിത് ഷാ പറഞ്ഞു.
പഹല്‍ഗാമില്‍ ഉപയോഗിച്ച അതേ ആയുധം ഇവരുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്തെന്നും ഫോറന്‍സിക് പരിശോധനയില്‍ അത് തിരിച്ചറിഞ്ഞെന്നും അമിത് ഷാ പറഞ്ഞു.
ഏപ്രിലില്‍ പഹല്‍ഗാം ആക്രമണത്തില്‍ 26 പേരെ കൊലപ്പെടുത്തിയ മൂന്ന് പാകിസ്ഥാന്‍ ഭീകരരെയും ജൂലൈ 28 ന് നടന്ന ഓപ്പറേഷന്‍ മഹാദേവില്‍ ഇല്ലാതാക്കിയതായെന്നായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയ്ക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞത്.
തിങ്കളാഴ്ച ശ്രീനഗറിന് സമീപം ഓപ്പറേഷന്‍ മഹാദേവ് ആരംഭിച്ചതിന് പിന്നാലെ സുലൈമാനും മറ്റ് രണ്ട് പേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എങ്കിലും പഹല്‍ഗാം ആക്രമണത്തില്‍ ഇവരുടെ പങ്കാളിത്തമുണ്ടോ എന്നതിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നില്ല.
തീവ്രവാദികള്‍ക്ക് അഭയം നല്‍കിയതിന് എന്‍.ഐ.എ അറസ്റ്റ് ചെയ്തവരാണ് ഇവരുടെ ഐഡന്റിറ്റി സ്ഥിരീകരിച്ചതെന്നും അമിത് ഷാ പറഞ്ഞു. ‘അവരെ മൃതദേഹങ്ങള്‍ കാണിച്ചു, പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ട ആളുകളാണിവര്‍’ എന്ന് അവര്‍ സ്ഥിരീകരിച്ചു കഴിഞ്ഞു.
എന്നാല്‍ അതുകൊണ്ട് മാത്രം ഞങ്ങള്‍ ഇത് ഉറപ്പിച്ചില്ല. ആക്രമണ സ്ഥലത്ത് നിന്ന് കണ്ടെത്തിയ വെടിയുണ്ടകളുടെ ഫോറന്‍സിക് പരിശോധനകള്‍ നടത്തി.
ഓപ്പറേഷന്‍ മഹാദേവില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകള്‍ ചണ്ഡീഗഡിലെ ലാബിലേക്ക് അയച്ചു. പഹല്‍ഗാം ആക്രമണത്തില്‍ ഉപയോഗിച്ച അതേ വെടിയുണ്ടകളുമായി ഇതിന് സാമ്യമുണ്ടായിരുന്നു. ഇത് അവരുടെ ഐഡന്റിറ്റി കൂടുതല്‍ സ്ഥിരീകരിക്കാന്‍ ഞങ്ങളെ സഹായിച്ചു,’ അമിത് ഷാ സഭയില്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സൈന്യത്തിന്റെയും അര്‍ദ്ധസൈനിക വിഭാഗത്തിന്റെയും പൊലീസിന്റെയും സംയുക്ത സംഘം ഹര്‍വാനിലെ മുള്‍നാറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
All 3 Lashkar terrorists involved in Pahalgam attack killed in Op Mahadev, Amit Shah