'ഞാന്‍ പറഞ്ഞു കൊടുക്കുമെന്നാ വിചാരം, മണ്ടന്‍...'; ആലിയക്കൊപ്പം മലയാളം പറഞ്ഞ് റോഷന്‍ മാത്യു; ഡാര്‍ലിങ്ങ്‌സ് നെറ്റ്ഫ്‌ളിക്‌സില്‍
Film News
'ഞാന്‍ പറഞ്ഞു കൊടുക്കുമെന്നാ വിചാരം, മണ്ടന്‍...'; ആലിയക്കൊപ്പം മലയാളം പറഞ്ഞ് റോഷന്‍ മാത്യു; ഡാര്‍ലിങ്ങ്‌സ് നെറ്റ്ഫ്‌ളിക്‌സില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th May 2022, 6:42 pm

ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വര്‍മ, റോഷന്‍ മാത്യൂ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ഡാര്‍ലിങ്ങ്‌സ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും. നാല് പേരും ഒന്നിച്ചെത്തിയ ഒരു വീഡിയോയിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

ഡാര്‍ലിങ്ങ്‌സ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുമോ എന്ന് താരങ്ങളോട് ഒരാള്‍ ചോദിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ താരങ്ങള്‍ ഈ ചോദ്യങ്ങളെ അവഗണിക്കുകയാണ്. വീഡിയോയ്ക്കിടയില്‍ റോഷന്‍ മലയാളത്തിലും സംസാരിക്കുന്നുണ്ട്.

‘ഇവന്‍ വിചാരിച്ചത് എന്നോട് ചോദിച്ചാല്‍ ഞാന്‍ അങ്ങ് പറഞ്ഞുകൊടുക്കുമെന്നാ, മണ്ടന്‍,’ എന്ന് റോഷന്‍ പറയുമ്പോള്‍ ചോദിക്കുന്നയാള്‍ താനും മലയാളിയാണെന്ന് പറയുന്നുണ്ട്.

ജസ്മിത് കെ. റീന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് പ്രൊഡക്ഷന്‍സും ആലിയ ഭട്ടിന്റെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ഡാര്‍ലിങ്ങ്സിന്റെ കഥ നടക്കുന്നത്. അസാധാരണമായ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്ന അമ്മയുടെയും മകളുടെയും കഥ പറയുന്ന ചിത്രം ഒരു ഡാര്‍ക്ക് കോമഡി സ്വഭാവത്തിലാണ് ചിത്രീകിരിച്ചിരിക്കുന്നത്. വിശാല്‍ ഭരദ്വാജാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

ഡാര്‍ലിങ്ങ്‌സിന്റെ ഷൂട്ടിംഗില്‍ നിന്നുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചുകൊണ്ട് ഈ ചിത്രത്തിന് തന്റെ ഹൃദയത്തില്‍ വളരെ പ്രത്യേക സ്ഥാനമുണ്ടെന്നാണ് ആലിയ കുറിച്ചത്. ‘റെഡ് ചില്ലീസിനൊപ്പം നിര്‍മാതാവെന്ന നിലയില്‍ എന്റെ ആദ്യ ചിത്രമാണിത്. ഡാര്‍ലിംഗ്‌സ് എങ്ങനെ രൂപപ്പെട്ടുവെന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനവും സന്തോഷവുമുണ്ട്, ഇത് ലോകമെമ്പാടുമുള്ള പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യുമെന്ന പ്രതീക്ഷിക്കുന്നു,’ ആലിയ കുറിച്ചു.

Content Highlight: Alia Bhatt, Shefali Shah, Vijay Varma and Roshan Mathew starrer ‘Darling’ to be released on Netflix