കബീര്‍ സിംഗിനെ വിമര്‍ശിക്കുന്നത് വിവരമില്ലാത്ത സ്ത്രീപക്ഷവാദികള്‍; സഫീനയില്‍ യാതൊരു കുഴപ്പവും കണ്ടെത്തിയില്ലെന്നും രംഗോലി ചന്ദേല്‍
Bollywood
കബീര്‍ സിംഗിനെ വിമര്‍ശിക്കുന്നത് വിവരമില്ലാത്ത സ്ത്രീപക്ഷവാദികള്‍; സഫീനയില്‍ യാതൊരു കുഴപ്പവും കണ്ടെത്തിയില്ലെന്നും രംഗോലി ചന്ദേല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th July 2019, 1:10 pm

ഷാഹിദ് കപൂര്‍ പ്രധാന വേഷത്തിലെത്തിയ കബീര്‍ സിംഗ് ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നെങ്കിലും സിനിമയുമായി ബന്ധപ്പെടുത്തി നിരവധി ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. ആണത്തത്തിന്റെ ആഘോഷവും സ്ത്രീ വിരുദ്ധതയുമാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്നും വിമര്‍ശനങ്ങളുയര്‍ന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനായ സന്ദീപ് വാങ്ക റെഡ്ഡിയെയും ഷാഹിദ് കപൂറിനെയും പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് നടി കങ്കണയുടെ സഹോദരിയും മനേജറുമായ രംഗോലി ചന്ദേല്‍.

ഗലി ബോയ് എന്ന ചിത്രത്തിലെ ആലിയയുടെ സഫീന എന്ന കഥാപാത്രത്തെ വിമര്‍ശിക്കാത്ത സ്ത്രീപക്ഷവാദികള്‍ കബീര്‍ സിംഗിനെതിരെ രംഗത്ത് വന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് രംഗോലി ട്വീറ്റ് ചെയ്തു.

‘കബീര്‍ സിംഗിനെ വിമര്‍ശിക്കുന്നത് ജോലിയില്ലാത്ത വിവരമില്ലാത്ത സ്ത്രീപക്ഷവാദികളാണ്. അവര്‍ക്ക് സഫീനയില്‍ യാതൊരു കുഴപ്പവും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

കാമുകന്‍ മറ്റൊരു സ്ത്രീയ്ക്കൊപ്പം കിടക്ക പങ്കിടുന്നത് അറിഞ്ഞ സഫീന, കാമുകനോട് ഇതേക്കുറിച്ച് സംസാരിക്കുന്നതിന് പകരം കുപ്പി കൊണ്ട് ആ സ്ത്രീയുടെ തലയടിച്ച് പൊട്ടിക്കുന്നു. ക്രിമിനല്‍ കേസിലെ പ്രതിയാകുന്നു. സഫീനയുടെ അക്രമത്തിന് കയ്യടി നല്‍കിയവര്‍ കാമുകിയെ തല്ലുന്ന കബീര്‍ സിംഗിനെ സ്ത്രീവിരുദ്ധനാക്കുന്നു’- രംഗോലി ട്വീറ്റ് ചെയ്തു

ചിത്രത്തിലെ സ്ത്രീ വിരുദ്ധത അതിരുകടക്കുന്നതാണെന്ന പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സന്ദീപ് വാങ്ക തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

ഒരു പുരുഷനും സ്ത്രീയും തമ്മില്‍ പ്രണയത്തിലാണെങ്കില്‍, അവര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും അടിക്കാനും തൊടാന്‍ പോലും സ്വാതന്ത്ര്യമില്ലെങ്കില്‍ ആ ബന്ധം കൊണ്ട് എന്തു കാര്യമെന്നാണ് സംവിധായകന്‍ പറഞ്ഞത്.

ഇതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നെഗറ്റീവ് പബ്ലിസിറ്റി കൊണ്ടാണ് ചിത്രം ചര്‍ച്ചയാകുന്നെന്നായിരുന്നു പ്രതികരണങ്ങള്‍. അഭിമുഖം ഏറെ അസ്വസ്ഥയാക്കുന്നുവെന്ന് നടി സാമന്ത അക്കിനേനി പ്രതികരിച്ചിരുന്നു.

കബീര്‍ സിംഗ് പോലുള്ള സിനിമകള്‍ വിജയിപ്പിക്കുന്നതിലൂടെ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ സാധാരണവത്ക്കരിക്കുകയാണ് ചെയ്യുന്നതുമു ള്ള വിമര്‍ശനവും ഉയര്‍ന്നിരുന്നു.