കോഴിക്കോട്: കഴിഞ്ഞ ജന്മത്തില്‍ താന്‍ അമ്പലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നെന്ന് മുന്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ്. എന്നാല്‍ രാജാവിനെ ധിക്കരിച്ചതിനാല്‍ തന്നെ കുളത്തില്‍ മുക്കി കൊല്ലുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പൂര്‍വജന്മത്തെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് ഉത്തരം നല്‍കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മാര്‍ ഇവാനിയസ് കോളേജില്‍ അധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് തന്റെ പൂര്‍വ ജന്മത്തെക്കുറിച്ച് അറിയുന്നതെന്നും അന്ന് താന്‍ അറിഞ്ഞ കാര്യങ്ങളെല്ലാം പിന്നീട് തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബാക്ക് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അലക്‌സാണ്ടര്‍ ജേക്കബ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഭൃഗുമുനി എല്ലാവരുടേയും പൂര്‍വകാലവും വരുംകാലവും എഴുതി വെച്ചിരുന്നു. അധ്യാപകനായി ജോലി ചെയ്യുന്ന സമയത്താണ് പുനര്‍ജന്മം അറിയുന്നതിനുള്ള സംവിധാനമുണ്ടെന്ന് അറിയുന്നതും അത് സത്യമല്ലെന്ന് തെളിയിക്കാനായി ശ്രീധരപ്പണിക്കര്‍ എന്നയാളുടെ അടുത്ത് പോവുന്നതും.
താന്‍ ആരാണെന്നോ എവിടെയാണെന്നോ അറിയാതെ തന്നെ അധ്യാപകന്‍ ആണെന്ന കാര്യവും തെക്കില്‍ നിന്നാണ് വരുന്നതെന്ന കാര്യവും തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം രാശിപലകയില്‍ ഒരു നാണയം വെച്ചു. ശേഷം നാലായിരത്തി അഞ്ഞൂറ് വര്‍ഷം മുമ്പ് ജീവിച്ച ഭൃഗുമനിയുടെ ഭൃഗുസംഹിത തുറന്ന് എന്റെ ഭാഗം വായിച്ചു. തുടര്‍ന്ന് ഞാന്‍ വന്ന സ്ഥലത്തെക്കുറിച്ചും അവിടെ ഉള്ളവരെക്കുറിച്ചുമെല്ലാം പറഞ്ഞു.
കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ അമ്പലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നു. എന്നാല്‍ രാജാവിനെ ധിക്കരിച്ചതിനെത്തുടര്‍ന്ന് കുളത്തില്‍ മുക്കിക്കൊന്നതിനുശേഷം ശരീരം ആറ്റില്‍ കളഞ്ഞു. അതുകൊണ്ട് ഈ ജന്മത്തില്‍ ആറിന്റെ ഇങ്ങേക്കരയില്‍ ജനിക്കുമെന്ന് പറഞ്ഞു.
തനിക്ക് അധികകാലം അധ്യാപകന്‍ ആയിരിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ഐ.എ.എസ് പരീക്ഷ എഴുതണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. തലയില്‍ കിരീടമുള്ള ഐ.പി.എസ് കിട്ടുമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. തുടര്‍ന്ന് ഞാന്‍ പോയി വെറുതെ പരീക്ഷ എഴുതി, ഐ.പി.എസ് കിട്ടി. വീണ്ടും പരീക്ഷ എഴുതിയെങ്കിലും ഐ.എ.എസ് കിട്ടിയില്ല. എന്നാല്‍ ബൃഗു പറഞ്ഞതുപോലെ തലയില്‍ കിരീടമുള്ള ജോലി കിട്ടി.
കഴിഞ്ഞ ജന്മത്തില്‍ എനിക്ക് ഒരു സ്ത്രീയുമായി പ്രണയമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മരണത്തിന് ശേഷം അവര്‍ ആറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തു. ആ സ്ത്രീ ഈ ജന്മത്തില്‍ എന്റെ ഭാര്യയാകാന്‍ ജനിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. അവളുടെ നാട് കൊല്ലത്തായിരിക്കുമെന്നും പ്രകാശത്തിന്റെ പേര് ആയിരിക്കുമെന്നും പറഞ്ഞു.
എന്റെ ഭാര്യയുടെ വീട് കൊല്ലത്തായിരുന്നു. വിവാഹത്തിന് മുമ്പ് അവളുടെ വീട് പേര് എലിസബത്ത് എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് അവളുടെ വീട്ടില് എത്തിയപ്പോഴാണ് അവളെ പ്രഭ എന്ന് വിളിക്കുന്നത് കേള്‍ക്കുന്നത്. പ്രകാശത്തിന്റൈ പര്യായമാണല്ലോ പ്രഭയെന്ന് അപ്പോള്‍ ഞാന്‍ ഓര്‍ത്തു.
കഴിഞ്ഞ ജന്മത്തില്‍ എന്നെ കൊലപ്പെടുത്തിയ രാജാവിന്റെ പേര് രാമേന്ദ്രന്‍ എന്നാണെന്നും പറഞ്ഞിരുന്നു. ഇനിയും രാമേന്ദ്രന്‍ കേരളം ഭരിക്കുമെന്നും ഞാന്‍ ഇനിയും അദ്ദേഹത്തിന്റെ മന്ത്രിയാകുമെന്നും എന്നാല്‍ പത്ത് മാസത്തേക്ക് അദ്ദേഹവുമായ വഴക്കിന് പോകരുതെന്നും അലക്‌സാണ്ടര്‍ ജേകബ് പറഞ്ഞു.
അദ്ദേഹം പറഞ്ഞതുപോലെ 1982ല്‍ പി. രാമേന്ദ്രന്‍ കേരള ഗവര്‍ണറായി വന്നു. 1986ല്‍ ഞാന്‍ അദ്ദേഹത്തിന്റെ എ.ഡി.സിയായി അഥവാ മന്ത്രിയായി രാജ്ഭവനില്‍ ചെന്നു. ഗവര്‍ണര്‍ എന്ത് പറഞ്ഞാലും ഞാന്‍ എതിര് പറയാറില്ല.
പത്ത് മാസം ഒന്നും പറയരുതെന്നായിരുന്നു നിര്‍ദേശം. അതുപോലെ തന്നെ പാലിച്ചു. പിന്നീട് അദ്ദേഹം തന്നെ കോട്ടയം ജില്ലയിലേക്ക് എന്നെ പോസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തു. പൂര്‍വ ജന്മവും പുനര്‍ജന്മവും തെളിയിക്കാന്‍ തനിക്ക് അറിയില്ലെന്നും എന്നാല്‍ തന്റെ കാര്യത്തില്‍ അത് സത്യമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതെല്ലാം കോഇന്‍സിഡന്‍സണോയെന്ന് തനിക്ക് അറിയില്ലെന്നും അമ്പലപ്പുഴ ക്ഷേത്രത്തില്‍ ഒരു പ്രസംഗത്തിന് ക്ഷണിച്ചപ്പോല്‍ താന്‍ കഴിഞ്ഞ ജന്മത്തില്‍ അവിടുത്തെ മന്ത്രിയാണെന്ന കാര്യം പറഞ്ഞിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Alexander Jacob talks about reincarnation